
സുഡാനിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ വലഞ്ഞ് ജനങ്ങള്‍. വൈദ്യുതി ഇല്ലാത്തതിനാൽ പല ജോലികളും പാതിവഴിയിൽ മുടങ്ങുന്നതായി ജനങ്ങൾ വ്യക്തമാക്കുന്നു. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി തടസ്സം രൂക്ഷമായിരിക്കുന്നത്.
എതിരാളികളായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (RSF) വൈദ്യുതി ഗ്രിഡുകൾ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളും, കേടുപാടുകൾ തീർക്കാൻ സർക്കാരിന്റെ പക്കൽ ഫണ്ടില്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ വർഷം സൈന്യം ഖാർത്തൂമിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതിനു ശേഷം തിരിച്ചെത്തിയ ലക്ഷക്കണക്കിന് ആളുകളുടെ സാധാരണ ജീവിതത്തെയും ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
ചില സമയങ്ങളിൽ വെറും അഞ്ച് മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. അത് രാത്രികാലങ്ങളിൽ മാത്രമാകുന്നതിനാൽ സാധാരണ തൊഴിലാളികൾക്ക് യാതൊരു പ്രയോജനവുമില്ല. വൈദ്യുതിയില്ലാത്തതിനാൽ വീട്ടുജോലികൾ പോലും കൃത്യമായി ചെയ്യാൻ കഴിയുന്നില്ലെന്നും, ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ പുറത്തുനിന്നുള്ള ഭക്ഷണത്തെ മാത്രമാണ് ആശ്രയിക്കുന്നതെന്നും ജനങ്ങൾ പറയുന്നു. പാചകവാതകത്തിന് വില കൂടിയതിനാൽ പലർക്കും ജനറേറ്ററുകൾ ഉപയോഗിക്കാനും സാധിക്കുന്നില്ല. ഈ പ്രതിസന്ധിക്ക് പരിഹാരമായി വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സോളാർ പാനലുകൾക്ക് തീരുവയും കസ്റ്റംസ് ഫീസും ഒഴിവാക്കിക്കൊണ്ട് സുഡാൻ പ്രധാനമന്ത്രി ഉത്തരവിട്ടിരുന്നു.




