
നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് കത്തോലിക്കാ-ക്രൈസ്തവ കർഷകർക്ക് നേരെ ഫുലാനി വിഭാഗത്തിൽപ്പെട്ട സായുധ ഭീകരർ നടത്തുന്ന അക്രമങ്ങൾ ശക്തമാകുന്നു. അക്രമങ്ങളിൽ 27 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് സ്വന്തം കൃഷിയിടങ്ങളിലേക്ക് മടങ്ങാൻ പോലും ഭയക്കുകയാണ് മേഖലയിലെ കർഷകർ. ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ നൽകുന്ന വിവരങ്ങൾ പ്രകാരം, പ്ലാറ്റോ സംസ്ഥാനത്തെ ബാസ്സ, ഇറിഗ്വെ മേഖലകളിൽ കർഷകരെ ലക്ഷ്യമിട്ട് നിരന്തരം ആക്രമണങ്ങൾ നടക്കുകയാണ്.
കൃഷിയിടങ്ങളിലേക്ക് പോകുകയോ മടങ്ങുകയോ ചെയ്യുന്ന കർഷകരെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിക്കുകയാണ് തീവ്രവാദികളുടെ പതിവ്. ഇത്തരത്തിൽ ഈ വർഷം മാത്രം 27-ലധികം പേരാണ് മിയാംഗോ (Miango) പ്രദേശങ്ങളിൽ കൊല്ലപ്പെട്ടത്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങൾ ഭയം മൂലം കൃഷിയിടങ്ങളിൽ ഇറങ്ങാൻ മടിക്കുന്നത് കടുത്ത പട്ടിണിക്കാണ് വഴിതുറക്കുന്നത്. പ്രായമായ പുരുഷന്മാരും സ്ത്രീകളുമാണ് അക്രമികളുടെ പ്രധാന ഇരകൾ.
ആക്രമണങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടും നൈജീരിയൻ സൈന്യവും പൊലീസും കൃത്യമായ സംരക്ഷണം നൽകുന്നില്ലെന്ന് പ്രാദേശിക ജനപ്രതിനിധികളും യൂത്ത് മൂവ്‌മെന്റ് നേതാക്കളും ആരോപിക്കുന്നു. കർഷകരെ അവരുടെ പാരമ്പര്യ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കാനും ഭീതി പടർത്താനുമാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് പ്രാദേശിക സഭാ നേതാക്കളും സന്നദ്ധ സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്താനും നിരപരാധികളായ ക്രൈസ്തവ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും അന്താരാഷ്ട്ര സമൂഹത്തിന്റെയും നൈജീരിയൻ സർക്കാരിന്റെയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് സഭ.




