
ഇസ്‌ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ സ്വന്തം രാജ്യത്ത് ജീവന് ഭീഷണി നേരിടുകയും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് നാടുകടത്തപ്പെടുകയും ചെയ്ത ഇറാനിയൻ യുവതിക്ക് കാനഡ അഭയം നൽകി. മതപീഡനം ഭയന്ന് അഭയം തേടിയെത്തിയ 27 കാരിയായ ആർട്ടെമിസ് ഖാസിംസാദെയ്ക്കാണ് മാനുഷിക പരിഗണന മുൻനിർത്തി കാനഡ അഭയാർഥി പദവി അനുവദിച്ചത്.
ഇറാനിലെ രഹസ്യ വീട്ടുസഭകളിൽ (underground house churches) സജീവമായി പ്രവർത്തിച്ചിരുന്ന ആർട്ടെമിസും സഹോദരനും ഇസ്ലാമിക ഭരണകൂടത്തിന്റെ പീഡനങ്ങളെത്തുടർന്ന് രാജ്യം വിടുകയായിരുന്നു. മെക്സിക്കൻ അതിർത്തി വഴി യുഎസിലേക്ക് കടന്ന് അഭയം ചോദിച്ച ആർട്ടെമിസിനെ യുഎസ് അധികൃതർ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് സെൻട്രൽ അമേരിക്കൻ രാജ്യമായ പനാമയിലേക്ക് നാടുകടത്തുകയുമായിരുന്നു. തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കാനുള്ള നിയമപരമായ അവകാശം തടഞ്ഞുകൊണ്ടാണ് യുഎസ് തന്നെ നാടുകടത്തിയതെന്ന് ആർട്ടെമിസ് ആരോപിച്ചിരുന്നു.
ഇറാനിലേക്ക് തിരിച്ചയക്കപ്പെട്ടാൽ ക്രൂരമായ പീഡനത്തിനോ മരണശിക്ഷയ്ക്കോ ഇരയായേക്കാം എന്ന സാഹചര്യം നിലനിൽക്കെയാണ് പനാമയിൽ താൽക്കാലിക വിസയിൽ കഴിഞ്ഞിരുന്ന ആർട്ടെമിസിന് കാനഡ പ്രത്യാശയുടെ കരം നീട്ടിയത്. മനുഷ്യാവകാശ സംഘടനകളുടെയും അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനകളുടെയും ഇടപെടലുകളാണ് ആർട്ടെമിസിന് കാനഡയിൽ അഭയം ലഭിക്കാൻ കാരണമായത്.
ഇസ്‌ലാം മതത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറുന്നത് ഇറാന്റെ നിയമപ്രകാരം കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഈ സാഹചര്യത്തിൽ തനിക്ക് സുരക്ഷിതമായി ജീവിക്കാനും ഭയമില്ലാതെ വിശ്വാസം പിന്തുടരാനും കാനഡ അവസരമൊരുക്കിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ആർട്ടെമിസ് വെളിപ്പെടുത്തി.




