“ഞാൻ എല്ലാ ദിവസവും പ്രാർഥിക്കാറുണ്ട്, ലോകകപ്പിൽ എത്തിയതുകൊണ്ട് മാത്രമല്ല”: സെമിഫൈനലിനു മുന്നോടിയായി സ്പെയിൻ പരിശീലകൻ

“ഞാൻ എല്ലാ ദിവസവും പ്രാർഥിക്കാറുണ്ട്. അത് ഞാൻ ലോകകപ്പിൽ ഉള്ളതുകൊണ്ടോ അല്ലെങ്കിൽ മത്സരത്തിൽ വിജയം നേടാൻ വേണ്ടിയോ അല്ല” – ലോകകപ്പ് സെമിഫൈനലിനു മുന്നോടിയായി താൻ ദൈവത്തോട് പ്രാർഥിക്കുന്നതിനെക്കുറിച്ചും എന്താണ് പ്രാർഥനയിൽ ചോദിച്ചത് എന്നതിനെക്കുറിച്ചും സ്പെയിന്റെ ദേശീയ ടീം കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ വെളിപ്പെടുത്തി. ഡാളസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് കോച്ച് ഇക്കാര്യം പറഞ്ഞത്. അതേസമയം, ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചു.

“ഞാൻ എല്ലാ ദിവസവും ദൈവത്തിന് നന്ദി പറയാറുണ്ട്. എല്ലാ ദിവസവും രാവിലെ നല്ല ആരോഗ്യത്തോടെ ഉണരുമ്പോൾ ഞാൻ എന്നെത്തന്നെ നോക്കിപ്പറയും, ജീവിതം ആസ്വദിക്കാൻ എനിക്ക് ഒരു ദിവസം കൂടി ലഭിച്ചിരിക്കുന്നു. അത്തരം ചെറിയ കാര്യങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഞാൻ എല്ലാ ദിവസവും പ്രാർഥിക്കാറുള്ളതുകൊണ്ടാണ് പ്രാർഥിക്കുന്നത്, അല്ലാതെ എന്നെ കൂടുതൽ സഹായിക്കാൻ വേണ്ടിയല്ല” – അദ്ദേഹം വിശദീകരിച്ചു.

ഇത്രയും പ്രധാനപ്പെട്ട ഒരു മത്സരത്തിൽ, ദൈവം എന്നെ മാത്രം സഹായിക്കണമെന്നും എതിരാളികളെ സഹായിക്കരുതെന്നും ആവശ്യപ്പെടുന്നത് അനീതിയായിരിക്കുമെന്നും ലൂയിസ് ഡി ലാ ഫ്യൂന്റെ കരുതുന്നു.

“ഞാൻ പ്രാർഥനയിൽ മറ്റ് കാര്യങ്ങളാണ് ചോദിക്കാറുള്ളത്; പ്രധാനമായും നല്ല ആരോഗ്യം. പിന്നെ പോരാടാനുള്ള അവസരങ്ങൾ തരണമെന്നാണ്. അതാണ് എനിക്ക് വേണ്ടത്. ആരോഗ്യമുണ്ടെങ്കിൽ പൊരുതിജയിക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഞാനൊരു പോരാളിയാണ്, എല്ലാറ്റിനോടും പൊരുതും. പക്ഷേ, അതിന് ആരോഗ്യം വേണം. ആരോഗ്യമില്ലെങ്കിൽ മാത്രമാണ് പ്രശ്നം” – അദ്ദേഹം പറഞ്ഞു.

തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നതിൽ ലൂയിസ് ഡി ലാ ഫ്യൂന്റെ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കൂടാതെ, മത്സരങ്ങൾക്കു മുമ്പ് താൻ കുരിശടയാളം വരയ്ക്കുന്നത് ‘അന്ധവിശ്വാസം’ കൊണ്ടല്ലെന്നും, അത് തന്റെ വിശ്വാസത്തിന്റെ സ്വാഭാവികമായ പ്രകടനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.