
സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലും പരിസരപ്രദേശങ്ങളിലുമുണ്ടായ ഡ്രോൺ ആക്രമണങ്ങളിൽ ഒരു കുട്ടിയടക്കം നാല് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഐക്യരാഷ്ട്രസഭയുടെ ഒരു കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.
അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സാണ് (RSF) ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക റിപ്പോർട്ടുകളും യുഎൻ ഉദ്യോഗസ്ഥരും വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെയാണ് ഖാർത്തൂമിൽ സ്ഫോടനങ്ങളുണ്ടായത്.
സർക്കാർ മന്ദിരങ്ങളെയും വിമാനത്താവളത്തെയും ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ സുഡാൻ വ്യോമപ്രതിരോധ സേന തടയാൻ ശ്രമിക്കുന്നതിനിടെ ജനവാസ മേഖലകളിൽ ആക്രമണമുണ്ടാവുകയായിരുന്നു. ഖാർത്തൂമിന് കുറുകെയുള്ള ഒംദുർമാൻ നഗരത്തിൽ ഒരു വീടിന് മുകളിൽ ഡ്രോൺ പതിച്ച് മൂന്ന് പേർ കൊല്ലപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനത്തിന് 45 കിലോമീറ്റർ തെക്കുള്ള ജെബൽ ഔലിയ ഗ്രാമത്തിലെ ഒരു വീടിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തിലാണ് ഒരു കുട്ടി കൊല്ലപ്പെട്ടത്.
ജീവനക്കാർ ഉള്ളിൽ ഉണ്ടായിരുന്ന സമയത്താണ് യുഎൻ കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായതെന്ന് സുഡാനിലെ യുഎൻ ഹ്യുമാനിറ്റേറിയൻ കോർഡിനേറ്റർ ഡെനിസ് ബ്രൗൺ അറിയിച്ചു. 2023 ഏപ്രിലിൽ സുഡാൻ സൈന്യവും ആർ.എസ്.എഫും തമ്മിൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ ഇരുപക്ഷവും ഡ്രോൺ ആക്രമണങ്ങൾ വ്യാപകമാക്കിയിരിക്കുകയാണ്.




