“ഇന്ന് നാം എല്ലാവരും ഒരൊറ്റ കുടുംബം”; പാവപ്പെട്ടവർക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ട് ലെയോ പാപ്പ

പാവപ്പെട്ടവർക്കൊപ്പം ഉച്ചഭക്ഷണം പങ്കിടുന്നതിനായി ഉച്ചയ്ക്ക് ഒരു മണിയോടെ പോൾ ആറാമൻ ഓഡിയൻസ് ഹാളിലെത്തിയ ലെയോ പതിനാലാമൻ പാപ്പയെ ദാരിദ്ര്യം അനുഭവിക്കുന്ന 1,300-ഓളം പേർ ഊഷ്മളമായി വരവേറ്റു. കഷ്ടപ്പാടുകളും യുദ്ധവും തീരാദുരിതങ്ങളും ജീവിതത്തെ വേട്ടയാടിയ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി, റോമിൽ ദൈനംദിനവും ഭൗതികവും ആത്മീയവുമായ പിന്തുണ നൽകുന്ന സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് ഇവർ ഈ വിരുന്നിൽ പങ്കെടുത്തത്. കുട്ടികൾ ആവേശത്തോടെ പാപ്പയെ അഭിവാദ്യം ചെയ്തു.

2017 ൽ ആദ്യത്തെ ആഗോള ദരിദ്ര ദിനത്തിൽ ആരംഭിച്ച ഈ പാരമ്പര്യത്തോടുള്ള നന്ദിസൂചകമായി കരഘോഷങ്ങളോടെ എല്ലാവരും എഴുന്നേറ്റുനിന്നാണ് പാപ്പയുടെ സ്വാഗതപ്രസംഗം ശ്രവിച്ചത്. വ്യത്യസ്ത ജീവിതാനുഭവങ്ങളും മുഖങ്ങളും ഭാഷകളും നിറഞ്ഞ നെർവി ഹാൾ ഒരു ദിവസത്തേക്ക് ഒരു വലിയ ഭക്ഷണശാലയായും, അതോടൊപ്പം എല്ലാവരും ചേർന്ന് വലിയ സ്ക്രീനുകളിലൂടെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ ആഞ്ചലൂസ് പ്രാർഥനയിൽ പങ്കുചേർന്ന ഒരു പ്രാർഥനാലയമായും മാറി.

ഉച്ചഭക്ഷണം സംഘടിപ്പിക്കാൻ കഠിനാധ്വാനം ചെയ്ത, ഉപവിപ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവനും പേപ്പൽ അൽമോണറുമായ ആർച്ച്ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിന് പാപ്പ നന്ദി പറഞ്ഞു. “എല്ലാറ്റിനുമുപരിയായി, നമുക്ക് ജീവൻ നൽകുകയും ഈ ഒത്തുചേരൽ പ്രതിനിധീകരിക്കുന്ന കാര്യങ്ങൾ ഒരുമിച്ച് ആഘോഷിക്കാൻ അവസരം നൽകുകയും ചെയ്ത കർത്താവിന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒപ്പം നമ്മുടെ ജീവിതയാത്രയിൽ എപ്പോഴും നമ്മോടൊപ്പം സഞ്ചരിക്കുന്ന എല്ലാവരോടും ഞങ്ങളുടെ കൃതജ്ഞത അറിയിക്കുന്നു,” പാപ്പ പറഞ്ഞു.

പ്രാർഥനയോടും ആശീർവാദത്തോടും കൂടിയാണ് ഉച്ചഭക്ഷണം സമാപിച്ചത്. “ഞങ്ങൾ കഴിക്കുന്ന ഈ ഭക്ഷണം അങ്ങയുടെ തിരുഹിതം കൂടുതൽ നന്നായി നിറവേറ്റാനും അങ്ങയുടെ സ്നേഹരാജ്യം കെട്ടിപ്പടുക്കാനും ഞങ്ങളെ സഹായിക്കട്ടെ” എന്ന് ലെയോ പാപ്പ പ്രാർഥിച്ചു.

ദാരിദ്ര്യമനുഭവിക്കുന്ന 18 പേർക്കും ഉപവിപ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് ആർച്ച്ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിനുമൊപ്പം പാപ്പ ഭക്ഷണമേശയിൽ ഇരുന്നു. നാനൂറിലധികം സന്നദ്ധപ്രവർത്തകരുടെ പരിശ്രമത്താൽ ഇറ്റാലിയൻ റെഡ് ക്രോസാണ് ഭക്ഷണം വിളമ്പിയത്. ഇവരിൽ 250 ലധികം പേർ പോൾ ആറാമൻ ഓഡിയൻസ് ഹാളിൽ നൂറിലധികം മേശകൾ ക്രമീകരിക്കാനും, കാനെല്ലോണി (cannelloni), ഗ്രീൻപീസ് ചേർത്ത ബീഫ് സ്റ്റ്യൂ, ഐസ്ക്രീം എന്നിവയടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പാനും സഹായിച്ചു. കൂടാതെ, ഇറ്റാലിയൻ റെഡ് ക്രോസിന്റെ ദേശീയ ബാൻഡ് സംഗീതവിരുന്നും ഒരുക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.