
ആഞ്ചലൂസ് പ്രാർഥനയുടെ സമാപനത്തിൽ, ലോകമെമ്പാടുമുള്ള സംഘർഷങ്ങളുടെ ഇരകൾക്കായി ലെയോ പതിനാലാമൻ പാപ്പ പ്രാർഥിക്കുകയും സമാധാനത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തു. വരൾച്ച മൂലം ദുരിതമനുഭവിക്കുന്ന പാപ്പുവ ന്യൂ ഗിനിയയോടും മറ്റു രാജ്യങ്ങളോടും പാപ്പ തന്റെ സാമീപ്യം അറിയിച്ചു. 2027 ൽ സിയൂളിൽ നടക്കുന്ന ലോക യുവജനദിനത്തെക്കുറിച്ചും പാപ്പ പരാമർശിച്ചു.
“ലോകമെമ്പാടും മരണവും ദുരിതവും വിതയ്ക്കുന്നത് തുടരുന്ന സംഘർഷങ്ങളുടെ ഇരകൾക്കായി നമുക്ക് പ്രാർഥിക്കാം. ഒപ്പം, ഒട്ടും വൈകാതെ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പരിഹാരങ്ങൾ കണ്ടെത്താൻ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ സ്വയം സമർപ്പിക്കട്ടെയെന്നും പ്രാർഥിക്കാം,” പാപ്പ പറഞ്ഞു.
വരൾച്ച ബാധിച്ച പാപ്പുവ ന്യൂ ഗിനിയയിലെയും മറ്റു പസഫിക് രാജ്യങ്ങളിലെയും ജനങ്ങൾക്ക് പാപ്പ തന്റെ സാമീപ്യവും പ്രാർഥനകളും അറിയിച്ചു. “ഈ അടിയന്തര സാഹചര്യം മൂലം ദുരിതമനുഭവിക്കുന്ന എല്ലാവരോടും എന്റെ സാമീപ്യം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതോടൊപ്പം ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ പ്രവർത്തിക്കുന്നവരോട് എന്റെ നന്ദി രേഖപ്പെടുത്തുന്നു,” പാപ്പ പറഞ്ഞു. സമുദ്രോപരിതലത്തിലെ അസാധാരണമായ താപനില വർധനവ് സൃഷ്ടിക്കുന്ന കാലാവസ്ഥാപ്രതിഭാസമായ ‘എൽ നിനോ’ (El Niño) മൂലം പസഫിക്കിലെ പല രാജ്യങ്ങളെയും കടുത്ത വരൾച്ച ബാധിച്ചിട്ടുണ്ട്. ഇത് വിളനാശത്തിനും ഭക്ഷ്യവിലക്കയറ്റത്തിനും പൊതുജീവിതം സ്തംഭിക്കുന്നതിനും കാരണമായി.
സർവലോകത്തിന്റെയും രാജാവായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തിരുനാൾ ദിനമായതിനാൽ, ലോകമെമ്പാടുമുള്ള രൂപതകൾ പ്രാദേശികമായി ആഗോള യുവജനദിനം (WYD) ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി, ക്രിസ്തുവിനെപ്പോലെ സൗമ്യരും വിനീതരുമാകാൻ ധൈര്യം കാണിക്കാൻ ലെയോ പാപ്പ എല്ലാ യുവജനങ്ങളെയും ക്ഷണിച്ചു.




