
ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ 26-ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള മിസ് അലോന നോജി ലോഗോസ് പ്രതിഭയായി. നെടുങ്കുന്നം സെന്റ്. തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് അലോന. ലോഗോസ് ക്വിസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബി വിഭാഗത്തിലെ ഒരു മത്സരാർഥി ലോഗോസ് പ്രതിഭയാകുന്നത്. കൗമാരക്കാരായ മത്സരാർഥികൾ ഉൾപ്പെടുന്ന വിഭാഗമാണ് ബി വിഭാഗം.
നാലു ലക്ഷത്തി എഴുപതിനായിരംപേർ പങ്കെടുത്ത പരീക്ഷയിൽ 600 പേർ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫൈനൽ റൗണ്ടിലേക്ക് ആറുപേർ യോഗ്യത നേടി. അതിൽനിന്നും ലോഗോസ് പ്രതിഭയായ അലോന നോജി സ്വർണമെഡലും 1,16,000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കി.
ബധിരഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാനതല ഫൈനലിൽ ഒന്നാം സ്ഥാനത്തിന് എറണാകുളം അങ്കമാലി അതിരൂപതയിൽനിന്നുള്ള റീമ ടോംസൺ അർഹയായി. കുടുംബങ്ങൾക്കായുള്ള ലോഗോസ് ഫമിലിയ ക്വിസിൽ ഇരിഞ്ഞാലക്കുട രൂപതയിലെ പീറ്റർ, ബിൻസി പീറ്റർ, ബെനറ്റ പീറ്റർ എന്നിവർ ഒന്നാം സ്ഥാനത്തെത്തി.
കെ.സി.ബി.സി. ബൈബിൾ സൊസൈറ്റിയാണ് ലോഗോസ് ക്വിസിന് നേതൃത്വം കൊടുക്കുന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നു.
ലോഗോസ് ബൈബിൾ ക്വിസിൽ ആറു പ്രായ വിഭാഗങ്ങളിലെ ചാമ്പ്യന്മാരെ പങ്കെടുപ്പിച്ച് പാലാരിവട്ടം പി.ഒ.സി.യിൽ നവംബർ 22ന് നടന്ന ഗ്രാൻറ് ഫിനാലെ ടെലിക്വിസിന്, റവ. ഡോ. മരിയ മൈക്കിൾ നേതൃത്വം നൽകി. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: A – ഇമ്മാക്കുലാട ജോസ് (കാഞ്ഞിരപ്പള്ളി രൂപത), B – ബ്രദർ മനീഷ് മാർട്ടിൻ (കൊല്ലം രൂപത), C – സോജി ചാക്കോ (ചങ്ങനാശേരി അതിരൂപത), D – റൂബി ജോർജ് (തൃശ്ശൂർ അതിരൂപത), E – ആനി ജോർജ് (തൃശ്ശൂർ അതിരൂപത). എറണാകുളം – അങ്കമാലി, പാലാ, തൃശ്ശൂർ എന്നീ രൂപതകളാണ് ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ച രൂപതകൾക്കുള്ള അവാർഡുകൾ കരസ്ഥമാക്കിയത്.
ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച ഇടവകകൾക്കുള്ള അവാർഡ് സ്വന്തമാക്കിയത് കുറവിലങ്ങാട്, ഓച്ചൻതുരുത്ത്, അങ്കമാലി എന്നീ ഇടവകകളാണ്.
സെക്രട്ടറി, കെസിബിസി ബൈബിൾ കമ്മീഷൻ




