മതസൗഹാർദ വേദികളിലെ ഇതരമതസ്ഥരുടെ അഭിപ്രായങ്ങൾക്ക് കത്തോലിക്കാ വിശ്വാസവുമായി ബന്ധമില്ല: ചങ്ങനാശേരി അതിരൂപത

പാറേൽ മർത്ത് മറിയം ബസിലിക്കാ കൂദാശയുടെ ആഘോഷങ്ങളുടെ ഭാഗമെന്ന നിലയിൽ നവംബർ 24 ചൊവ്വാഴ്ച പാറേൽ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തെ സാന്നിധ്യംകൊണ്ട് സമ്പന്നമാക്കിയ എല്ലാവർക്കും നന്ദിപറയുന്നു. ഇപ്രകാരമുള്ള മതസൗഹാർദ സാംസ്‌കാരിക സമ്മേളനങ്ങൾ നടത്തുന്നത് സുവിശേഷം മുന്നോട്ടുവയ്ക്കുന്ന പരമമായ സ്നേഹത്തിൻ്റെ സന്ദേശം സമൂഹത്തിനു നൽകുന്നതിനുവേണ്ടിയാണ്. അതുകൊണ്ടുതന്നെ മതസൗഹാർദസമ്മേളനങ്ങൾ മതസംവാദത്തിൻ്റെ വേദികളല്ല മാനവസൗഹാർദത്തിൻ്റെ വേദികളാക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്.

പ്രസ്തുത സാംസ്‌കാരികസമ്മേളനത്തിൽ പ്രാസംഗികർ പങ്കുവച്ച കാര്യങ്ങൾ അവരുടെ വിശ്വാസങ്ങളും കാഴ്ച‌പ്പാടുകളും മാത്രമാണ്. ക്രൈസ്‌തവർ വിശ്വസിക്കുന്ന കാര്യങ്ങൾ അവരുടെ മതവിശ്വാസങ്ങളുമായി സാമ്യമുള്ളതാണെന്ന് പറയുന്നത് ഒരു പക്ഷേ ക്രൈസ്‌തവരോട് സൗഹൃദം വർദ്ധിപ്പിക്കാനും ആകാം. എന്നാൽ അവയ്ക്ക് പരിശുദ്ധ കത്തോലിക്കാ വിശ്വാസവുമായി ബന്ധമൊന്നുമില്ല. കത്തോലിക്കാ വിശ്വാസ സത്യങ്ങളും പൊതുവേദികളിൽ ഇതരമതസ്ഥർ നടത്തുന്ന പ്രസ്‌താവനകളും തമ്മിൽ കുടിക്കുഴഞ്ഞ് വിശ്വാസി കളിൽ ആശയക്കുഴപ്പം ഉണ്ടാകാനിടയാകരുത്.

വി. ബൈബിളിലും സഭാപാരമ്പര്യത്തിലും കണ്ടുമുട്ടുന്ന ഈശോ മിശിഹായിലും പരിശുദ്ധ കന്യാമറിയത്തിലുമാണ് കത്തോലിക്കർ വിശ്വസിക്കുന്നത്. കർത്താവായ ഈശോമിശിഹാ ദൈവവും ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രനും ഏകരക്ഷകനുമാണെന്നും ദൈവമാതാവായ പരിശുദ്ധ കന്യാമറിയം അമലോത്ഭവയും നിത്യകന്യകയും സ്വർഗാരോപിതയുമാണെന്നും നമ്മൾ ഏറ്റുപറയുന്നു.

അതേസമയം ഖുറാനിലും ഈസാ എന്നും മർയം എന്നും പേരുള്ള വ്യക്തികളുണ്ട്. ഈസായെ ഒരു പ്രവാചകനായാണ് ഖുറാൻ അവതരിപ്പിക്കുന്നത്. നമ്മുടെ കർത്താവും ദൈവവുമായ ഈശോ മിശിഹായുടെ ജീവിതത്തിൽ സംഭവിച്ച കുരിശുമരണം ഉത്ഥാനം എന്നിങ്ങനെയുള്ള രക്ഷാകരസംഭവങ്ങൾ ഈസായെക്കു റിച്ചുള്ള ഖുറാൻ വിവരണത്തിൽ വ്യത്യസ്‌തമാണ്. ഖുറാനിലെ മർയം ഇമ്രാൻ്റെ മകളും അഹറോൻ്റെ സഹോദരി യുമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ നമ്മുടെ പാരമ്പര്യത്തിൽ പരിശുദ്ധ കന്യാമറിയം യോവാക്കി മിന്റെയും അന്നയുടെയും മകളാണ്. അതിനാൽ പേരുകളിൽ ചെറിയ സാമ്യം തോന്നുമെങ്കിലും ഇവർ ഒരേ വ്യക്തികളാണെന്നു കത്തോലിക്കാസഭ അംഗീകരിക്കുന്നില്ല. അതേസമയം ഇസ്ലാം മതവിശ്വാസികൾ അപ്രകാരം വിശ്വസിക്കുന്നുണ്ടാവും. അത് അവരുടെ വിശ്വാസം എന്നു മാത്രമേ പറയാനാവൂ.

ക്രൈസ്ത‌വസാഹോദര്യത്തിൻ്റെ വേദികളിൽ ഉയർത്തപ്പെടുന്ന വ്യത്യസ്‌ത അഭിപ്രായങ്ങൾ സ്നേഹത്തോടെ നമ്മൾ ശ്രവിക്കാറുണ്ട്. കാരണം ആരുടെയും വിശ്വാസം നമ്മുടെ വിശ്വാസത്തിന് വെല്ലുവിളിയല്ല. ആശയങ്ങളോട് വിയോജിക്കുമ്പോഴും വ്യക്തികളെ ആദരിക്കാനാണ് സുവിശേഷം നമ്മെ പഠിപ്പിക്കുന്നത്. മതത്തെ ഉപയോഗിച്ച് വ്യക്തികളോട് വിദ്വേഷം വളർത്തുന്ന പ്രവണതകളെ അംഗീകരിക്കാൻ നമുക്ക് കഴിയില്ല. ഏകരക്ഷകനായ ഈശോമിശിഹായിൽ വിശ്വസിക്കുന്നവർ വിരുദ്ധ അഭിപ്രായങ്ങളെ ഭയപ്പെടാതെ മലമുകളിൽ കൊളുത്തപ്പെട്ട വിളക്കുപോലെ നിരന്തരം പ്രകാശിക്കുകയാണ് വേണ്ടത്.

ചങ്ങനാശേരി അതിരൂപതയ്ക്കുവേണ്ടി അതിരൂപതാ പബ്ലിക് റിലേഷൻസ് – ജാഗ്രതാസമിതി

അഡ്വ. ജോജി ചിറയിൽ പി. ആർ. ഒ.
ഫാ. ജയിംസ് കൊക്കാവയലിൽ ഡയറക്ടർ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.