വിവാഹ ജീവിതത്തിൽ സ്നേഹവും വിശ്വാസവും വളർത്തുന്ന അഞ്ച് കാര്യങ്ങൾ

മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ ബന്ധങ്ങളിലൊന്നാണ് വിവാഹം. വ്യത്യസ്ത സാഹചര്യങ്ങളിലും സ്വഭാവങ്ങളിലും വളർന്ന രണ്ടുപേർ സ്നേഹത്തിലും വിശ്വാസത്തിലും ഒന്നുചേർന്ന് ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കുന്നു. കേവലം രണ്ട് വ്യക്തികൾ ഒന്നാകുന്നതല്ല വിവാഹം; ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും ഉത്തരവാദിത്തങ്ങളും പങ്കുവച്ച് ഒരുമിച്ച് മുന്നേറാനുള്ള തീരുമാനമാണ്. ക്രൈസ്തവ വിശ്വാസത്തിൽ വിവാഹം ദൈവം സ്ഥാപിച്ച വിശുദ്ധമായ ബന്ധവും പരസ്പര സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും അടയാളവുമാണ്.

വിവാഹജീവിതത്തിൽ സന്തോഷങ്ങൾ മാത്രമല്ല, അഭിപ്രായവ്യത്യാസങ്ങളും പ്രതിസന്ധികളും ഉണ്ടാകാം. എങ്കിലും പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും ഒരു കുടുംബം കെട്ടിപ്പടുക്കാനും വിവാഹം വലിയ അവസരമാണ് നൽകുന്നത്. വ്യക്തികളുടെ വളർച്ചയ്ക്കും മക്കളുടെ നല്ല ഭാവിക്കും സമൂഹത്തിന്റെ നന്മയ്ക്കും വിവാഹം പ്രധാന പങ്കുവഹിക്കുന്നു. വിവാഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന അഞ്ച് പ്രധാന ഘടകങ്ങൾ ഇവയാണ്.

1. പുതിയൊരു കുടുംബത്തിന്റെ പിറവിയും ജീവിതത്തിന് പുതിയൊരു തുടക്കവും

വിവാഹം ഒരു പുതിയ കുടുംബത്തിന്റെ പിറവിയാണ്. ജീവിതകാലം മുഴുവൻ നീളുന്ന സ്നേഹത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും യാത്രയുടെ തുടക്കം കൂടിയാണത്. സ്വന്തം ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കുമൊപ്പം പങ്കാളിയുടെ സ്വപ്നങ്ങൾക്കും ആവശ്യങ്ങൾക്കും പ്രാധാന്യം നൽകാൻ വിവാഹജീവിതം നമ്മെ പഠിപ്പിക്കുന്നു. ‘ഞാൻ’ എന്ന ചിന്തയിൽനിന്ന് ‘നമ്മൾ’ എന്ന മനോഭാവത്തിലേക്കുള്ള മാറ്റമാണ് ദാമ്പത്യത്തിന്റെ സൗന്ദര്യം. പരസ്പരം മനസ്സിലാക്കിയും അംഗീകരിച്ചും മുന്നോട്ടുപോകുമ്പോൾ സ്നേഹവും ഐക്യവും നിറഞ്ഞ ഒരു കുടുംബം രൂപപ്പെടുന്നു. വ്യക്തിയുടെ ജീവിതത്തിൽ പുതിയ ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും തുറന്നുതരുന്ന ബന്ധമാണിത്.

2. ജീവിതത്തിലെ പ്രതിസന്ധികളിൽ പരസ്പരം താങ്ങും തണലുമാകാം

ജീവിതം എല്ലായ്‌പ്പോഴും സന്തോഷം നിറഞ്ഞതായിരിക്കില്ല. പ്രതിസന്ധികളും നിരാശകളും അപ്രതീക്ഷിതമായ പ്രയാസങ്ങളും കടന്നുവന്നേക്കാം. അത്തരം നിമിഷങ്ങളിൽ കൂടെ നിൽക്കാനും ആശ്വസിപ്പിക്കാനും കരുത്തുപകരാനും ഒരാളുണ്ടെന്നത് വലിയ അനുഗ്രഹമാണ്. വിവാഹം ജീവിതത്തിലെ ഉത്തരവാദിത്തങ്ങളും ഭാരങ്ങളും പങ്കുവയ്ക്കാനുള്ള അവസരം നൽകുന്നു. പങ്കാളിയുടെ വിജയങ്ങളിൽ സന്തോഷിക്കുകയും പരാജയങ്ങളിൽ ആശ്വസിപ്പിക്കുകയും കുറവുകൾ സ്നേഹത്തോടെ അംഗീകരിക്കുകയും ചെയ്യുമ്പോൾ ബന്ധം കൂടുതൽ ആഴമുള്ളതാകുന്നു. ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും വിശ്വസ്തനായ കൂട്ടാളിയുമായി പങ്കാളി മാറുന്നു. ഒരുമിച്ചുനിൽക്കുമ്പോൾ ജീവിതത്തിലെ വെല്ലുവിളികളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയുന്നു.

3. വിശുദ്ധിയും വിശ്വസ്തതയും നിറഞ്ഞ ജീവിതം നയിക്കാം

വിവാഹം ശാരീരികമായ അടുപ്പത്തിനപ്പുറം ആത്മീയവും വൈകാരികവുമായ ഐക്യത്തിന്റെ ബന്ധമാണ്. പരസ്പര വിശ്വസ്തതയും ആത്മാർഥതയും സ്നേഹവും ദാമ്പത്യത്തിന് വിശുദ്ധി നൽകുന്നു. ജീവിതത്തിൽ പലവിധ പ്രലോഭനങ്ങളും വെല്ലുവിളികളും കടന്നുവന്നേക്കാം. എന്നാൽ ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രത്തിൽ നിർത്തുകയും പരസ്പര വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്യുമ്പോൾ ബന്ധം കൂടുതൽ ശക്തമാകും. വിവാഹവാഗ്ദാനങ്ങളോട് വിശ്വസ്തത പുലർത്തുകയും പങ്കാളിയുടെ വികാരങ്ങളെയും ആവശ്യങ്ങളെയും മാനിക്കുകയും ചെയ്യുന്നത് നല്ല ദാമ്പത്യത്തിന്റെ അടയാളമാണ്. പരസ്പര സമർപ്പണത്തിലൂടെയും ആത്മാർഥമായ സ്നേഹത്തിലൂടെയും വിവാഹത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ കഴിയുന്നു.

4. മക്കൾക്ക് സ്നേഹവും സുരക്ഷിതത്വവും നിറഞ്ഞ കുടുംബാന്തരീക്ഷം നൽകാം

മാതാപിതാക്കളാകുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്. അമ്മയുടെയും അപ്പന്റെയും സ്നേഹവും സംരക്ഷണവും ലഭിച്ച് വളരുന്ന കുട്ടികൾക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും ലഭിക്കുന്നു. പരസ്പര ബഹുമാനവും സ്നേഹവും നിലനിൽക്കുന്ന കുടുംബാന്തരീക്ഷം കുട്ടികളുടെ വ്യക്തിത്വരൂപീകരണത്തിൽ വലിയ പങ്കുവഹിക്കുന്നു. സ്നേഹിക്കാനും ക്ഷമിക്കാനും പങ്കുവയ്ക്കാനും മറ്റുള്ളവരെ ബഹുമാനിക്കാനും അവർ ആദ്യം പഠിക്കുന്നത് കുടുംബത്തിൽനിന്നാണ്. വിശ്വാസത്തിലും പ്രാർഥനയിലും അധിഷ്ഠിതമായ കുടുംബജീവിതം മക്കൾക്ക് നല്ല മാതൃകയും മൂല്യബോധവും നൽകുന്നു. മക്കളെ വളർത്തുക എന്നത് ഉത്തരവാദിത്വം മാത്രമല്ല, ദൈവം ഭരമേൽപ്പിക്കുന്ന വിലപ്പെട്ട ദൗത്യം കൂടിയാണ്.

5. നിബന്ധനകളില്ലാത്ത സ്നേഹവും പരസ്പര സുരക്ഷിതത്വവും അനുഭവിക്കാം

കുറവുകളോടും ബലഹീനതകളോടും കൂടി നമ്മെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാൾ കൂടെയുണ്ടാകുന്നത് വലിയൊരു അനുഗ്രഹമാണ്. സന്തോഷത്തിലും സങ്കടത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും പങ്കാളിയെ കൈവിടാതെ ചേർത്തുപിടിക്കാനുള്ള മനസ്സാണ് യഥാർഥ ദാമ്പത്യസ്നേഹം. തെറ്റുകൾ ക്ഷമിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും ചെറിയ കാര്യങ്ങളിൽപ്പോലും കരുതൽ പ്രകടിപ്പിക്കാനും കഴിയണം. വാക്കുകളിലൂടെ മാത്രമല്ല, പ്രവൃത്തികളിലൂടെയും സ്നേഹം പ്രകടമാകുമ്പോഴാണ് കുടുംബത്തിൽ സമാധാനവും സന്തോഷവും നിറയുന്നത്. പരസ്പരം ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ദമ്പതികൾക്ക് സുരക്ഷിതത്വവും ആത്മസംതൃപ്തിയും നിറഞ്ഞ ജീവിതം നയിക്കാനാകും.

സ്നേഹത്തിലും വിശ്വാസത്തിലും വളരട്ടെ ഓരോ കുടുംബവും

വിവാഹം ഒരു ദിവസത്തെ ആഘോഷമല്ല, ജീവിതകാലം മുഴുവൻ തുടർന്നുപോകേണ്ട സ്നേഹത്തിന്റെ യാത്രയാണ്. അതിൽ സന്തോഷങ്ങളും കണ്ണീരും വിജയങ്ങളും പരാജയങ്ങളുമുണ്ടാകാം. എന്നാൽ പ്രാർഥനയിലും പരസ്പര വിശ്വാസത്തിലും ക്ഷമയിലും അധിഷ്ഠിതമായ ജീവിതത്തിലൂടെ ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയും. ദൈവത്തെ കുടുംബത്തിന്റെ കേന്ദ്രത്തിൽ നിർത്തുകയും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ ദാമ്പത്യം കൂടുതൽ മനോഹരമാകും.

വിവാഹത്തിന്റെ യഥാർഥ പ്രാധാന്യം രണ്ട് വ്യക്തികൾ ഒരുമിച്ച് ജീവിക്കുന്നതിൽ മാത്രമല്ല, പരസ്പരം വളരാനും സ്നേഹിക്കാനും ജീവിതത്തെ കൂടുതൽ അർഥവത്താക്കാനും സഹായിക്കുന്നതിലാണ്. സ്നേഹവും വിശ്വാസവും പ്രാർഥനയും നിറഞ്ഞ കുടുംബങ്ങളാണ് നല്ലൊരു സമൂഹത്തിന്റെ അടിത്തറ. അത്തരം കുടുംബങ്ങളിലൂടെ ദൈവസ്നേഹവും കരുതലും ലോകത്തിന് പകർന്നുനൽകാൻ നമുക്ക് കഴിയട്ടെ.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.