
“ഏഴാമത്തെ വയസ്സിലാണ് ഞാൻ എന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിച്ചത്. യേശുവാണ് വഴിയും സത്യവും ജീവനും എന്ന് ഞാൻ കേട്ടിരുന്നു.” ഇപ്പോൾ 12 വയസ്സുള്ള ഐഷ എന്ന് പേരുള്ള ഈ കൊച്ചുപെൺകുട്ടി, അയൽവാസിയിൽ നിന്നാണ് ഈശോയെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് കൂട്ടുകാർക്കൊപ്പം പള്ളിയിൽ പോകാൻ അനുവദിക്കണമെന്ന് അവൾ ആവശ്യപ്പെട്ടു. ജനസംഖ്യയുടെ മുക്കാൽ ഭാഗവും മുസ്ലീങ്ങളായ ബുർക്കിന ഫാസോയിലെ ഒരു മുസ്ലീം കുടുംബത്തിലെ കുട്ടിയെന്ന നിലയിൽ, തന്റെ ഈ തീരുമാനം ഒരിക്കലും സ്വാഗതം ചെയ്യപ്പെടില്ലെന്നും അത് വെറുപ്പും വേദനയും മാത്രമേ ക്ഷണിച്ചുവരുത്തുകയുള്ളൂവെന്നും അവൾ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.
“ഒരു ദിവസം ഞാൻ പള്ളിയിൽ പോകാൻ തയ്യാറെടുത്തു. പോകുന്ന വഴിയിൽ അമ്മാവന്റെ വീടിന് മുന്നിലൂടെയാണ് കടന്നുപോയത്. അദ്ദേഹം എന്നെ തടഞ്ഞുനിർത്തി മർദിക്കുകയും നിർബന്ധപൂർവം വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു,” ഐഷ പറയുന്നു. അവളുടെ അമ്മ അസെറ്റയും രണ്ടാനച്ഛൻ ഇദ്രിസ്സയും അവളുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്തു.
“ഞാൻ പള്ളിയിൽ പോകുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ, എന്തുകൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തതെന്ന് മാതാപിതാക്കൾ ചോദിച്ചു. ദൈവവചനം കേൾക്കാനാണ് ഞാൻ പള്ളിയിൽ പോകുന്നതെന്ന് അവരോട് മറുപടി നൽകി.” അവൾ പറയുന്നു.
രക്ഷകനായ യേശുക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട് ഐഷ എല്ലാം സഹിക്കാനും വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും പ്രാർഥിക്കാനും തുടങ്ങി. “ക്രിസ്തുവിനെ എന്റെ രക്ഷകനായി സ്വീകരിച്ചപ്പോൾ എന്റെ ജീവിതത്തിൽ വലിയൊരു മാറ്റമുണ്ടായി. ഞാൻ മാതാപിതാക്കളോട് കൂടുതൽ ദയയുള്ളവളും അനുസരണയുള്ളവളുമായി മാറി,” അവൾ ഓർക്കുന്നു.
തന്റെ സ്വഭാവത്തിലുണ്ടായ ഈ മാറ്റം ഐഷയ്ക്ക് പുതിയ വിശ്വാസം പങ്കുവയ്ക്കാനുള്ള അവസരമൊരുക്കി. “മാതാപിതാക്കളോട് യേശുവിനെക്കുറിച്ച് പറയാൻ എനിക്ക് സന്തോഷമായിരുന്നു, കാരണം അവരും അവിടുത്തെ വിശ്വസിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു,” ഐഷ വിശദീകരിക്കുന്നു. തത്ഫലമായി, ദൈവത്തിൽ ആശ്രയിക്കാനുള്ള അവളുടെ തീരുമാനത്തിലൂടെ ദൈവം ശക്തമായി പ്രവർത്തിച്ചു.
ക്രിസ്മസ് അടുക്കുമ്പോൾ, ഏറ്റവും വലിയ സമ്മാനം ക്രിസ്മസ് ട്രീയ്ക്ക് താഴെ പൊതിഞ്ഞുവച്ചിരിക്കുന്ന ഒന്നല്ലെന്നും, മറിച്ച് യേശുവിൽ നമുക്കുള്ള പ്രത്യാശയാണെന്നും ഐഷ നമ്മെ ഓർമ്മിപ്പിക്കുന്നു. “ലോകരക്ഷകനായ യേശുവിന്റെ ജനനമാണ് ക്രിസ്മസ്. ക്രിസ്മസ് എന്നത് ഭക്ഷണത്തെക്കുറിച്ചോ വസ്ത്രങ്ങളെക്കുറിച്ചോ അല്ല, മറിച്ച് യേശുവിനെ നമ്മുടെ ഹൃദയങ്ങളിൽ സ്വീകരിക്കുന്നതിനെക്കുറിച്ചാണ്.” അവൾ പറയുന്നു.
“ലോകമെമ്പാടുമുള്ള മറ്റ് കുട്ടികളോട് എനിക്ക് നൽകാനുള്ള സന്ദേശം, വഴിയും സത്യവും ജീവനുമായ യേശുവിന് നിങ്ങളുടെ ജീവിതം സമർപ്പിക്കുക എന്നതാണ്. നിങ്ങൾ ഏത് തരത്തിലുള്ള ജീവിതമാണ് നയിക്കുന്നതെങ്കിലും, കടന്നുവന്ന് യേശുവിനെ നിങ്ങളുടെ രക്ഷകനായി സ്വീകരിക്കുക. യേശു നിങ്ങളെ സ്നേഹിക്കുന്നു, അവിടുന്ന് നിങ്ങളുടെ പാപങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കും.” ഐഷ പറയുന്നു.




