പ്രതീക്ഷയുടെ യാത്ര 206: സഹയാത്രികർ

വെള്ളം ഉയരുമ്പോൾ ആദ്യം ഭയപ്പെടുത്തുന്നത് ആഴമല്ല, നമുക്കു ചുറ്റുമുള്ള പരിചിതമായ ഇടങ്ങൾ മുങ്ങിപ്പോകുന്ന കാഴ്ചയാണ്. വർഷങ്ങളായി നാം കെട്ടിപ്പടുത്ത സുരക്ഷിത കേന്ദ്രങ്ങളും ശീലങ്ങളും കൺമുന്നിൽ അപ്രത്യക്ഷമാകുമ്പോൾ ഉണ്ടാകുന്ന നിസ്സഹായത ചെറുതല്ല. ഗിന്റ്സ് സിൽബലോഡിസിന്റെ 2024 ലെ ‘ഫ്ലോ’ (Flow) എന്ന ആനിമേഷൻ സിനിമയിൽ സംഭാഷണങ്ങളില്ലാതെ പറയുന്നതും ഇതു തന്നെയാണ്.

ഒറ്റയ്ക്കു ജീവിക്കാൻ ശീലിച്ച, ആരെയും അടുപ്പിക്കാത്ത ഒരു പൂച്ചയ്ക്ക്, പെട്ടെന്നുണ്ടാകുന്ന വലിയ പ്രളയത്തിൽ സ്വന്തം വീടും പരിസരവും നഷ്ടപ്പെടുമ്പോൾ ഒഴുകിനടക്കുന്ന ഒരു ചെറിയ മരത്തോണിയിൽ അഭയം തേടേണ്ടി വരുന്നു. അവിടെ അവൻ തനിച്ചല്ല; ഏതു പ്രതിസന്ധിയിലും ശാന്തത കൈവിടാത്ത ഒരു ക്യാപിബറ, നിഷ്കളങ്കമായ സ്നേഹവുമായി ഓടിനടക്കുന്ന ഒരു ലാബ്രഡോർ നായ, തിളങ്ങുന്ന വസ്തുക്കളോട് അമിത താൽപര്യമുള്ള ഒരു ലെമർ, ഗൗരവക്കാരനും അഭിമാനിയുമായ ഒരു സെക്രട്ടറി പക്ഷി എന്നിവരോടൊപ്പം അവൻ യാത്ര തുടരുന്നു. വ്യത്യസ്ത സ്വഭാവങ്ങളും വേറിട്ട ജന്മവാസനകളുമുള്ള ഈ ജീവികൾ ഒരേ തോണിയിൽ ഒത്തുചേരുന്നത്, ഒഴുക്കിനെ അതിജീവിക്കാൻ പരസ്പര ആശ്രയമല്ലാതെ മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ്.

ഈ യാത്രയിൽ നിശ്ശബ്ദമായി കടന്നുവരുന്ന ഏറ്റവും വലിയൊരു സാന്നിധ്യമാണ് ഒരു തിമിംഗലം. നിഗൂഢമായ ആഴങ്ങളിൽ നിന്ന് പെട്ടെന്ന് ഉയർന്നുവരുന്ന ആ തിമിംഗലം ആദ്യകാഴ്ചയിൽ ഭയപ്പെടുത്തുന്ന ഒരു രൂപമായാണ് തോന്നുന്നത്. നമ്മുടെ ജീവിതത്തിലും വലിയ പ്രതിസന്ധികൾ വരുമ്പോൾ, അറിയാത്ത ആഴങ്ങളെക്കുറിച്ചുള്ള ഭയം നമ്മെ കീഴടക്കാറുണ്ട്. എന്നാൽ, വെള്ളത്തെ ഭയന്നിരുന്ന പൂച്ച മുങ്ങിത്താഴുന്ന നിർണ്ണായക നിമിഷത്തിൽ, ആഴങ്ങളിൽ നിന്ന് ഉയർന്നുവന്ന് അവനെ മുകളിലേക്ക് എടുത്തുയർത്തി രക്ഷിക്കുന്നത് ഇതേ തിമിംഗലമാണ്. നമ്മുടെ ജീവിതത്തിലും പ്രതീക്ഷകൾ അസ്തമിച്ച് ആഴങ്ങളിലേക്കു താണുപോകുന്നുവെന്നു  തോന്നുന്ന നിമിഷങ്ങളിൽ നാം ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്ന്, ചിലപ്പോൾ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളുടെ ഉള്ളിൽ നിന്നുതന്നെ ദൈവത്തിന്റെ കരുതൽ നമ്മെ താങ്ങി ഉയർത്താറുണ്ട്.

സിനിമയുടെ അവസാന ഭാഗങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങുമ്പോൾ, കാടിനുള്ളിൽ കരയിൽ കുടുങ്ങിക്കിടക്കുന്ന ആ തിമിംഗലത്തെ പൂച്ചയും കൂട്ടുകാരും വീണ്ടും കണ്ടുമുട്ടുന്നു. ഒരിക്കൽ തന്നെ മരണത്തിൽ നിന്നു രക്ഷിച്ച ആ വലിയ ജീവി നിസ്സഹായനായി കിടക്കുന്നതു കാണുമ്പോൾ പൂച്ച അതിന്റെ അടുത്തേക്കു ചെന്ന് സ്നേഹത്തോടെ ചേർന്നുനിൽക്കുന്നു. തനിക്കു ലഭിച്ച കരുതലിനു പകരമായി വേദനിക്കുന്ന മറ്റൊരു ജീവിയെ ആശ്വസിപ്പിക്കാൻ പൂച്ചയ്ക്ക് സാധിക്കുന്നത് അവന്റെ ഉള്ളിൽ സംഭവിച്ച വലിയ മാറ്റത്തിന്റെ തെളിവാണ്. സ്വീകരിച്ച നന്മ തിരിച്ചുനൽകുന്നതിന്റെയും വാക്കുകൾക്കതീതമായ കൃതജ്ഞതയുടെയും മനോഹരമായ പ്രതീകമായി ആ രംഗം മാറുന്നു.

ഒഴുക്കും ആഴങ്ങളും പഠിപ്പിക്കുന്ന നിരവധി പാഠങ്ങളുണ്ട്. സ്വയം മതിയെന്ന ധാരണയിൽ ഒറ്റയ്ക്കു നിൽക്കുന്നതിനേക്കാൾ, അപരിചിതരായ സഹയാത്രികരിൽ വിശ്വാസമർപ്പിക്കുമ്പോൾ പുതിയൊരു കരുത്ത് പിറക്കുന്നു എന്നതാണ് അതിലൊന്ന്. സാധാരണ സാഹചര്യങ്ങളിൽ ശത്രുക്കളായി മാറേണ്ട പൂച്ചയും നായയും പക്ഷിയും തങ്ങളുടെ സ്വാഭാവികമായ ഭയങ്ങളും വൈരുധ്യങ്ങളും മറന്ന്, പരസ്പരം ഭക്ഷണം പങ്കുവച്ചും അപകടങ്ങളിൽ കൈകോർത്തും ഒരു കുടുംബമായി മാറുന്ന കാഴ്ച മനോഹരമാണ്.

പ്രളയത്തിന്റെ ആഴങ്ങളിൽ തിമിംഗലം പൂച്ചയ്ക്ക് തുണയായതു പോലെ, ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിലും നമ്മെ താങ്ങിനിർത്താൻ അദൃശ്യമായ ഒരു കൃപ എപ്പോഴും കൂടെയുണ്ട് എന്നതാണ് മറ്റൊരു പാഠം. നമ്മുടെ കണക്കുകൂട്ടലുകൾക്കപ്പുറം പ്രവർത്തിക്കുന്ന ആ കരുതലാണ് പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ പോലും നമ്മെ കരകയറ്റുന്നത്.

ലെമർ തന്റെ പ്രിയപ്പെട്ട തിളങ്ങുന്ന വസ്തുക്കളെ ഉപേക്ഷിച്ച് കൂട്ടുകാർക്കൊപ്പം നിൽക്കുന്നതും, പരിക്കേറ്റ സെക്രട്ടറി പക്ഷി മറ്റുള്ളവരുടെ സഹായം വിനയത്തോടെ സ്വീകരിക്കുന്നതും നമ്മെ പഠിപ്പിക്കുന്നത് ‘ആരും ഒറ്റയ്ക്ക് പൂർണ്ണരല്ല’ എന്നാണ്. നഷ്ടങ്ങളെക്കുറിച്ചു വിലപിക്കുന്നതിനു പകരം, ഉള്ളതിനെ ചേർത്തുപിടിച്ച് പരസ്പര ആശ്രയത്തോടെ മുന്നോട്ടുപോകുന്നതാണ് യഥാർഥ അതിജീവനം.

“അവരില്‍ ഒരുവന്‍ വീണാല്‍ അപരനു താങ്ങാന്‍ കഴിയും. ഒറ്റയ്ക്കായിരിക്കുന്നവന്‍ വീണാല്‍ താങ്ങാൻ ആരുമില്ല. അവന്റെ കാര്യം കഷ്ടമാണ്” (സഭാ. 4:10). എന്ന തിരുവചനം ഈ യാത്രയുടെ ആത്മാവിനെ കൃത്യമായി അടയാളപ്പെടുത്തുന്നു.

പ്രായോഗികം

നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ അസ്വസ്ഥതയോ, അനിശ്ചിതത്വമോ ഉണ്ടാക്കുന്ന ഒരു കാര്യത്തെ തിരിച്ചറിയുക. അതിനെ ഒറ്റയ്ക്ക് നേരിട്ട് തളരുന്നതിനു പകരം, നിങ്ങൾക്ക് ഒപ്പം നിൽക്കാനാകുന്ന ആളുകളെ വിശ്വാസത്തിലെടുക്കുക. ഒപ്പം, നിങ്ങൾ പോലും അറിയാതെ പ്രതിസന്ധിയുടെ ആഴങ്ങളിൽ നിങ്ങളെ താങ്ങിനിർത്തിയ ദൈവകരുതലിനെ ഓർത്ത് നന്ദി പറയുകയും, ഇന്ന് നിസ്സഹായാവസ്ഥയിൽ കഴിയുന്ന ഒരാൾക്ക് ആശ്വാസമാകാൻ ശ്രമിക്കുകയും ചെയ്യുക.

ചിന്ത

ജീവിതത്തിന്റെ പ്രളയങ്ങളിൽ നമ്മെ താങ്ങിനിർത്തുന്നത് വലിയ കൊട്ടാരങ്ങളല്ല; വിശ്വാസത്തോടെ കൈകോർക്കുന്ന ചെറിയ തോണികളും, ആഴങ്ങളിൽ നിന്ന് നമ്മെ ഉയർത്തുന്ന അദൃശ്യമായ കരുതലുമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.