
വിശുദ്ധി എന്നത് പ്രായമായവർക്കോ വൈദികർക്കോ സന്ന്യാസിനിമാർക്കോ മാത്രം പറഞ്ഞിട്ടുള്ള ഒന്നല്ലെന്നും സാധാരണക്കാരായ കൗമാരക്കാർക്കും തങ്ങളുടെ ദൈനംദിന ജീവിതത്തിലൂടെ വിശുദ്ധിയുടെ കിരീടം ചൂടാം എന്നും തന്റെ ജീവിതംകൊണ്ട് കാണിച്ചു തന്ന പെൺകുട്ടിയാണ് ഇറ്റലിക്കാരിയായ ജൂലിയ ഗബ്രിയേലി. 2026 നവംബർ 21-ന് ലെയോ പതിനാലാമൻ പാപ്പ ജൂലിയയുടെ വീരോചിതമായ പുണ്യങ്ങളെ ഔദ്യോഗികമായി അംഗീകരിക്കുകയും അവളെ ‘ധന്യ’ (Venerable) ആയി പ്രഖ്യാപിക്കുകയും ചെയ്തു. വേദനകൾക്കിടയിലും അനേകം യുവജനങ്ങളെ വിശുദ്ധിയിലേക്ക് നയിച്ച ഈ കുഞ്ഞു വിശുദ്ധയുടെ ജീവിതം വായിച്ചറിയാം.
1997 മാർച്ച് മൂന്നിന് ഇറ്റലിയിലെ ബെർഗമോയിലാണ് (Bergamo) ജൂലിയ ജനിച്ചത്. ചെറുപ്പം മുതലേ ഇടവക പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്ന അവൾ 2009-ൽ സ്ഥൈര്യലേപന കൂദാശ സ്വീകരിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാധാരണ കൗമാരക്കാരെ പോലെ അവൾ യാത്രകളും ഷോപ്പിങ്ങും പോപ്പ് സംഗീതവും ഒക്കെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ 2009-ൽ മൃദുകോശങ്ങളെ ബാധിക്കുന്ന ‘ആൽവിയോളാർ റാബ്ഡോമയോസാർക്കോമ’ (alveolar rhabdomyosarcoma) എന്ന അപൂർവ കാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ അവളുടെ ജീവിതം മാറിമറിഞ്ഞു. തുടർച്ചയായ കീമോതെറാപ്പികൾക്കും ശസ്ത്രക്രിയകൾക്കും അവൾ വിധേയയായി. ചികിത്സയിലൂടെ രോഗം ഭേദമായെന്ന് ഡോക്ടർമാർ കരുതിയെങ്കിലും വിധി മറ്റൊന്നായിരുന്നു.
രോഗം സമ്മാനിച്ച വേദനകൾക്കിടയിലും ദുഃഖപുത്രിയായി ഇരിക്കാൻ ആ പെൺകുട്ടി തയ്യാറായിരുന്നില്ല. കഠിനമായ ചികിത്സകൾക്കിടയിലും ലൂർദ്, മെജുഗോറിയ തുടങ്ങിയ മരിയൻ തീർഥാടന കേന്ദ്രങ്ങളിലേക്ക് അവൾ തീർഥാടനം നടത്തി. ചെറുപ്രായത്തിൽ തന്നെ കഠിനമായ വേദനകളിലൂടെ കടന്നുപോകുകയും 18-ാം വയസ്സിൽ മരണമടയുകയും ചെയ്ത വാഴ്ത്തപ്പെട്ട ക്യാര ലൂച്ചെ ബഡാനോയുടെ ജീവിതമാണ് ജൂലിയയ്ക്ക് ഏറ്റവും വലിയ പ്രചോദനമായത്. കടുത്ത ശാരീരിക വേദനകൾക്കിടയിലും തന്റെ വിശ്വാസാനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ‘ആകാശത്തിന്റെ നടുവിലൊരു കൊളുത്ത്’ എന്ന പുസ്തകം അവൾ രചിച്ചു. കൂടാതെ, തനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ‘കൃതജ്ഞതയുടെ ജപമാല’യും അവൾ തയ്യാറാക്കി.
വേദനയുടെ നടുവിലും യേശുവിന് നൽകാൻ കഴിയുന്ന സന്തോഷത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് തന്റെ സമപ്രായക്കാർക്കിടയിൽ സുവിശേഷം പ്രഘോഷിക്കാനാണ് ജൂലിയ തന്റെ സഹനങ്ങളെ ഉപയോഗിച്ചത്. 2011 ഓഗസ്റ്റ് 19-ന് അവൾ ഇഹലോകവാസം വെടിഞ്ഞു. അവളെ അടുത്തറിഞ്ഞവരെല്ലാം അവളൊരു വിശുദ്ധയാണെന്ന് വിശ്വസിച്ചിരുന്നതിനാൽ, മരണത്തിന് തൊട്ടുപിന്നാലെ തന്നെ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ആ യാത്ര ഇപ്പോൾ തുടരുകയാണ്. ലെയോ പതിനാലാമൻ മാർപാപ്പ ‘ധന്യ’ പദവി നൽകിയതോടെ ജൂലിയയുടെ വിശുദ്ധപദവിയിലേക്കുള്ള യാത്രയിലെ നിർണ്ണായകമായ ഒരു ഘട്ടം പൂർത്തിയായിരിക്കുകയാണ്. ഇനി അവളുടെ മാധ്യസ്ഥ്യത്തിലൂടെ രണ്ട് അദ്ഭുതങ്ങൾ സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്. ഈ അനർഘ നിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് അവളുടെ പ്രിയപ്പെട്ടവർ.




