മഡഗാസ്കറിൽ കുട്ടികളുടെയും കൗമാരക്കാരുടെയും കാണാതാകലും കൊലപാതകങ്ങളും വർധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് സഭയും അധികാരികളും

മഡഗാസ്കറിൽ, പ്രത്യേകിച്ച് തലസ്ഥാനമായ അന്റാനനാരിവോയിലും സമീപ പ്രദേശങ്ങളിലും വർഷത്തിന്റെ തുടക്കം മുതൽ കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് നടക്കുന്ന ദുരൂഹമായ കാണാതാകലുകളിലും കൊലപാതകങ്ങളിലും വലിയ ആശങ്ക ഉയരുന്നു. ഗുരുതരമായ സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത് എന്നാണ് പൊലീസ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്.

2026-ലെ ആദ്യ ആറ് മാസത്തിനിടെ കുട്ടികളെയും കൗമാരക്കാരെയും കാണാതായതായുള്ള 172 പരാതികളാണ് അധികാരികൾക്ക് ലഭിച്ചത്. ഇതിൽ ഭൂരിഭാഗം കേസുകളും (172-ൽ 119 കേസുകൾ) തലസ്ഥാനവും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന അനലമാംഗ മേഖലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ എട്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായ ബാക്കി 164 കുട്ടികളിൽ 81 പേരെ കണ്ടെത്തിയെങ്കിലും 83 പേരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. അതേസമയം, കാണാതായവരുടെ പട്ടികയിലുള്ള ചിലർ അധികാരികളെ അറിയിക്കാതെ സ്വന്തം കുടുംബങ്ങളിലേക്ക് തന്നെ മടങ്ങിയെത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.

ഇതിനെത്തുടർന്ന്, തലസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കുന്നതിനായി പൊലീസും സൈന്യവും ചേർന്ന സംയുക്തസേനയുടെ രാപകൽ പട്രോളിംഗ് ഉൾപ്പെടെയുള്ള പുതിയ സുരക്ഷാ നടപടികൾ അധികാരികൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ഈ സംഭവവികാസങ്ങൾ.

2025 ഒക്ടോബറിലെ സൈനിക അട്ടിമറിയെത്തുടർന്ന്, സ്വയം ‘പ്രസിഡന്റ് ഓഫ് ദി റീഫൗണ്ടേഷൻ’ ആയി പ്രഖ്യാപിച്ച കേണൽ മൈക്കൽ റാന്ദ്രിയാനിരിനയുടെ നേതൃത്വത്തിലാണ് രാജ്യം ഇപ്പോൾ ഭരിക്കപ്പെടുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ‘പൈശാചിക പ്രവർത്തനങ്ങൾ’ എന്നാണ് സമീപകാല സംഭവങ്ങളെ റാന്ദ്രിയാനിരിന വിശേഷിപ്പിച്ചത്.

“ഇപ്പോൾ സംഭവിക്കുന്നത് ഒരു രാഷ്ട്രീയ വിഷയമല്ല; ഇതൊരു ഭീകരവാദമാണ്. മഡഗാസ്കർ പൂർണ്ണമായും അസ്ഥിരമായ ഒരു രാജ്യമാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ വിശ്വസിപ്പിക്കാനാണ് ഒരുപക്ഷേ അവർ ശ്രമിക്കുന്നത്” – കേണൽ പറഞ്ഞു. കൂടാതെ മഡഗാസ്കറിലെ സഭകളെക്കൂടി ഉൾപ്പെടുത്തി കാണാതായവർക്കായുള്ള ഒരു മുന്നറിയിപ്പ് സംവിധാനം (Alert System) രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വ്യാജ വാർത്തകൾക്കും അപവാദ പ്രചാരണങ്ങൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്നും, പ്രതികാര നടപടികളിൽ നിന്ന് പിന്തിരിയണമെന്നും ബിഷപ്പുമാർ പൗരന്മാരോട് അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.