കടുത്ത പീഡനങ്ങൾക്കിടയിലും പ്രതീക്ഷ പകർന്ന് ഇറാനിലെ ക്രൈസ്തവർ

2022 സെപ്റ്റംബർ മുതൽ ഇറാനിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്കു മറുപടിയായി ഇറാനിയൻ രാഷ്ട്രീയ അധികാരികൾ നടത്തുന്ന അടിച്ചമർത്തലുകൾക്ക് യാതൊരു കുറവുമില്ല. ഈയൊരു സാഹചര്യത്തിൽ ഇറാനിലെ ക്രൈസ്തവർക്ക് ദുരിതങ്ങൾ ഏറുകയാണ്.

ഇവിടെ ക്രൈസ്തവർ വലിയ സമ്മർദ്ദങ്ങളും പീഡനങ്ങളും നേരിവേണ്ടിവരുന്നു. ഇസ്ലാം മതത്തിൽ നിന്നും പരിവർത്തനം ചെയ്യപ്പെട്ട ക്രൈസ്തവർ വലിയ ഭീഷണിയുടെ നടുവിലാണ് ജീവിക്കുന്നത്. എങ്കിലും ഇവർ ഇറാനിൽ ദുരിതമനുഭവിക്കുന്ന അനേകർക്ക് പ്രതീക്ഷയാണ്.

ഇറാനിൽ സഭാനേതാക്കന്മാർ ഉൾപ്പെടെയുള്ളവരെ തടവിലാക്കുകയും ക്രൈസ്തവർക്ക്, പൗരന്മാർ എന്ന നിലയിലുള്ള അവരുടെ അടിസ്ഥാന അവകാശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്നു. നിലവിലെ ഇറാനിയൻ ഗവൺമെന്റിനെ അധികാരത്തിലെത്തിച്ച 1979 -ലെ ഇസ്ളാമിക വിപ്ലവത്തിനു ശേഷം, കണക്കുകൾപ്രകാരം ഒരു ദശലക്ഷത്തോളം ഇറാനികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ട്.

അതിവേഗം വളരുന്ന ഈ ന്യൂനപക്ഷ ക്രൈസ്തവർക്ക് ഇറാനിയൻ നിയമപ്രകാരം ഔപചാരികമായ അംഗീകാരമില്ല; അതിനാൽ അടിസ്ഥാന സംരക്ഷണവും ലഭിക്കുന്നില്ല. അവർ ഇറാനിയൻ ഭരണകൂടത്തിന്റെ നേരിട്ടുള്ള ശത്രുക്കളായി കണക്കാക്കപ്പെടുന്നു. ക്രൈസ്തവർ ഇറാനിയൻ സർക്കാരിന്റെ നേരിട്ടുള്ള അക്രമത്തിനും അറസ്റ്റിനും വിധേയമാണ്. നിലവിലെ നിയമഘടനയിൽ, അവരെ വിശ്വാസത്യാഗികളായി കണക്കാക്കുന്നു. അതിനാൽ അവർക്ക് വിശ്വാസ സ്വാതന്ത്ര്യമില്ല.

ഈ പീഡനങ്ങൾക്കിടയിലും ഇറാനിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കോവിഡ്-19 കാലത്ത് നേരിടേണ്ടിവന്ന വർദ്ധിച്ച പൊതു-സാമ്പത്തിക വെല്ലുവിളികളിൽ ഇറാനിലെ ക്രൈസ്തവർ നൽകിയ കരുതലും ജീവകാരുണ്യ പ്രവർത്തനങ്ങളും രാജ്യത്തുടനീളമുള്ള ക്രൈസ്തവരുടെ സാക്ഷ്യത്തെ കൂടുതൽ ശക്തിപ്പെടുത്തി. കൂടാതെ, കടുത്ത പീഡനങ്ങൾക്കിടയിലും തങ്ങളുടെ വിശ്വാസം ത്യജിക്കാൻ വിസമ്മതിച്ച ക്രൈസ്തവരുടെ സാക്ഷ്യങ്ങൾ, ക്രിസ്തുവിനെ അനുഗമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കൂടുതൽ പേരെ വെല്ലുവിളിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.