ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ കരുണാർദ്രസ്‌നേഹം പ്രാവർത്തികമാക്കിയ അജപാലകൻ: മാർ മാത്യു മൂലക്കാട്ട്

ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ ഈശോയുടെ കരുണാർദ്രസ്‌നേഹം പ്രാവർത്തികമാക്കി വിശുദ്ധിയുടെ പരിമളം പരത്തിയ അജപാലകനായിരുന്നുവെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. ദൈവകരുണ അനുഭവിച്ച് കാരുണ്യമനോഭാവത്തോടെ ശുശ്രൂഷ ചെയ്തതിനാലാണ് ഒരു നൂറ്റാണ്ടു മുൻപുതന്നെ ഭിന്നശേഷിയുള്ളവർക്ക് സവിശേഷ പരിഗണന നല്കി സ്ഥാപനങ്ങളും ഇതര സൗകര്യങ്ങളുമൊരുക്കാൻ അദ്ദേഹത്തിനു സാധിച്ചതെന്നും പിതാവ്  കൂട്ടിച്ചേർത്തു. കോട്ടയം അതിരൂപതാ വൈദികനും സെന്റ് ജോസഫ്‌സ് സന്യാസിനീ  സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം കോട്ടയം ക്രിസ്തുരാജ ക്‌നാനായ കത്തോലിക്കാ മെത്രോപ്പോലീത്തൻ കത്തീഡ്രലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമകരണ നടപടികൾക്കുള്ള രേഖകൾ പരിശുദ്ധ സിംഹാസനത്തിനു സമർപ്പിക്കുന്നതിനായാണ് അതിരൂപതാതലത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണ് കർമ്മങ്ങൾക്കു തുടക്കമായത്. അതിരൂപതയിലെ സഹായമെത്രാന്മാരും സമർപ്പിത പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ, സമുദായ – സംഘടനാ – ഇടവകപ്രതിനിധികളും പങ്കെടുത്തു.

പരിശുദ്ധ കുർബാനയെ തുടർന്ന് സഭാനിയമമനുസരിച്ചുള്ള അതിരൂപതാതല നാമകരണ നടപടികളുടെ സമാപനകർമ്മങ്ങളിൽ മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്  സ്വാഗതവും അതിരൂപതാ സഹായമെത്രാമാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ അനുഗ്രഹപ്രഭാഷണവും ഗീവർഗീസ് മാർ അപ്രേം ആശംസാ പ്രസംഗവും നടത്തി. തുടർന്ന് എപ്പിസ്‌കോപ്പൽ ഡെലഗേറ്റ് ഫാ. തോമസ് ആദോപ്പിള്ളിൽ, പ്രമോട്ടർ ഓഫ് ജസ്റ്റീസ് ഫാ. തോമസ് ആനിമൂട്ടിൽ, നോട്ടറിമാരായ ഫാ. മാത്യു മെത്താനത്ത്, സിസ്റ്റർ റ്റിജി എസ്.ജെ.സി എന്നിവർ അതിരൂപതാതല നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി സാക്ഷ്യപ്പെടുത്തി. തുടർന്ന് അതിരൂപതാധ്യക്ഷൻ നടപടിക്രമങ്ങളുടെ രേഖകൾ ഔദ്യോഗികമായി സ്വീകരിച്ച് അതിരൂപതയുടെ രേഖാലയത്തിൽ സൂക്ഷിക്കുന്നതിനായുള്ള കോപ്പി ചാൻസിലർ ഫാ. ജോൺ ചേന്നാകുഴിക്കും പരിശുദ്ധ സിംഹാസനത്തിൽ സമർപ്പിക്കേണ്ട രേഖകൾ സിസ്റ്റർ റ്റിജി എസ്.ജെ.സിക്കും കൈമാറി. സെന്റ് ജോസഫ്‌സ് സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ അനിത എസ്. ജെ.സി നന്ദി അറിയിച്ചു. കത്തീഡ്രൽ വികാരി ഫാ. ജിതിൻ വല്ലർകാട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ. ജെഫിൻ ഒഴുങ്ങാലിൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നല്കി.

1871 ഒക്ടോബർ 24-ന് നീണ്ടൂർ പൂതത്തിൽ കുടുംബത്തിൽ ജനിച്ച തൊമ്മിയച്ചൻ 1897 ഡിസംബർ 28-ന് കോട്ടയം അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. ശാരീരികവും മാനസികവുമായ വൈകല്യമുള്ളവർ കുടുംബത്തിനും സമൂഹത്തിനും ശാപമെന്നു കരുതിയ കാലഘട്ടത്തിൽ അവർക്ക് പ്രത്യാശ പകർന്നുകൊണ്ട് അവർക്കായി പുണ്യപ്രവർത്തികളിൽ അദ്ദേഹം വ്യാപൃതനായി. 1925 മെയ് 3-ാം തീയതി അഗതികൾക്കും ആലംബഹീനർക്കുമായി കൈപ്പുഴയിൽ സെന്റ് തോമസ് അസൈലം സ്ഥാപിച്ചു. തുടർന്ന് 1928  ജൂലൈ 3-ാം തീയതി അഗതി ശുശ്രൂഷാഥം സെന്റ് ജോസഫ് സന്യാസിനീ സമൂഹവും സ്ഥാപിച്ചു. കരുണ നിറഞ്ഞ സ്‌നേഹസേവന വഴിയിൽ സഞ്ചരിച്ച ആ പുണ്യശ്ലോകൻ 1943 ഡിസംബർ 4-ന് ദിവംഗതനായി. 2009 ജനുവരി ജനുവരി 26-ാം തീയതിയാണ് പൂതത്തിൽ തൊമ്മിയച്ചൻ ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.