മതസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് നൈജീരിയയെ ഒഴിവാക്കിയതിന് യുഎസിനെ വിമർശിച്ച് നൈജീരിയൻ ബിഷപ്പ്

മതസ്വാതന്ത്ര്യം ലംഘിക്കുന്നവരുടെ പട്ടികയിൽ നിന്ന് നൈജീരിയയെ ഒഴിവാക്കിയതിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെ വിമർശിച്ച് നൈജീരിയൻ ബിഷപ്പ് ഇമ്മാനുവൽ അഡെറ്റോയീസ് ബഡേജോ. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ടിനു ശേഷം ക്രൈസ്തവർക്കു നേരെയുള്ള മതപീഡനം കൂടുതൽ വഷളായിരിക്കുകയാണെന്നും നൈജീരിയൻ ബിഷപ്പ് വെളിപ്പെടുത്തി.

കഴിഞ്ഞ രണ്ടു വർഷങ്ങളായി നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള മതപീഡനങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്ന് വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻസ് അംഗവും ആഫ്രിക്കയുടെ കമ്മ്യൂണിക്കേഷൻസ് മേധാവിയുമായ ബിഷപ്പ് ഇമ്മാനുവൽ ചൂണ്ടിക്കാട്ടി.

“സംസ്ഥാന-സംസ്ഥാനേതര മതസ്വാതന്ത്ര്യ ലംഘനങ്ങൾക്കായുള്ള പദവികളുടെ പട്ടികയിൽ നിന്ന് നൈജീരിയയെ ഒഴിവാക്കിയത് വായിച്ചപ്പോൾ ഞാൻ വളരെയധികം ആശ്ചര്യപ്പെട്ടു. കാരണം ക്രിസ്ത്യാനികൾക്ക് ഇന്ന് നൈജീരിയയിൽ തങ്ങളുടെ വിശ്വാസം ജീവിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്.” പന്തക്കുസ്താ തിരുനാൾ ദിനത്തിൽ ക്രൈസ്തവർക്കു നേരെയുണ്ടായ ആക്രമണത്തിൽ എൺപതിലധികം പേർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് പ്രതികരിക്കുകയായിരുന്നു ബിഷപ്പ്. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) ആണ് ആക്രമണത്തിന് ഉത്തരവാദികളെന്നു സംശയിക്കുന്നതായി നൈജീരിയൻ ആഭ്യന്തരമന്ത്രി ഒഗ്ബെനി റൗഫ് അരെഗ്ബെസോള വെളിപ്പെടുത്തി. ഫുലാനി തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് ചില വാർത്താ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

നൈജീരിയൻ തീവ്രവാദം കൂടുതൽ വഷളാകുന്നു 

“വടക്കു-കിഴക്കൻ നൈജീരിയയിൽ തീവ്രവാദികൾ അഴിഞ്ഞാട്ടം നടത്തുകയാണ്. അവർ ക്രിസ്ത്യൻ വിദ്യാർത്ഥികളെയും അംഗങ്ങളെയും തട്ടിക്കൊണ്ടു പോകുന്നു. ക്രിസ്ത്യൻ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും നിർബന്ധിതമായി വിവാഹം കഴിക്കുകയും ചെയ്യുന്നു. നിർബന്ധിത മതപരിവർത്തനം നടത്തുന്ന രീതിയും ഇവിടെ വ്യാപകമാണ്. ഇത്തരമൊരു സാഹചര്യത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാട്ട്മെന്റ് നടത്തിയ പ്രസ്താവന രാഷ്ട്രീയതത്പരമാണ്” – ബിഷപ്പ് ബഡേജോ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.