
ഓസ്‌ട്രേലിയയും ബ്രസീലും മാതൃകയാക്കിയതുപോലെ, കുട്ടികളിലും കൗമാരക്കാരിലും സോഷ്യൽ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള വഴികൾ തേടി മെക്സിക്കോ. ഇൻസ്റ്റാഗ്രാം, ടിക്ക്‌ടോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ ആരംഭിച്ചു.
കുട്ടികളിലെ മാനസികാരോഗ്യ തകർച്ചകളെക്കുറിച്ചുള്ള “The Anxious Generation” എന്ന പുസ്തകത്തിന്റെ രചയിതാവും സാമൂഹിക മനശാസ്ത്രജ്ഞനുമായ ജോണഥൻ ഹൈഡ് ഉൾപ്പെടെയുള്ള വിദഗ്ധരെ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം തന്റെ പ്രതിവാര വാർത്താസമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പ്രൈമറി, ഹൈസ്കൂൾ അധ്യാപകരുമായി ഓഗസ്റ്റ് അവസാനത്തോടെ സർക്കാർ ചർച്ചകൾ ആരംഭിക്കും.
സോഷ്യൽ മീഡിയ സെൻസർ ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം ഒഴിവാക്കാൻ, രാഷ്ട്രീയ പാർട്ടികളും സമൂഹവും ഒറ്റക്കെട്ടായാണ് ഈ വിഷയത്തിൽ ചർച്ച നടത്തേണ്ടതെന്ന് ഷെയ്ൻബോം വ്യക്തമാക്കി. ഉള്ളടക്കങ്ങൾക്കപ്പുറം പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതങ്ങൾ എങ്ങനെ നിയന്ത്രിക്കാമെന്നാണ് മെക്സിക്കോ ആലോചിക്കുന്നത്.




