
ആഗോളതാപനം മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നാൽ ഇന്ത്യയിലെ 80 ശതമാനത്തിലധികം മുതിർന്ന പൗരന്മാർ കടുത്ത ചൂട് നേരിടേണ്ടി വരുമെന്ന് പഠന റിപ്പോർട്ട്. പ്രശസ്തമായ ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് മാസികയിലാണ് പ്രായമായവരെ ബാധിക്കുന്ന ചൂടിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡൽഹിയും ഉത്തരേന്ത്യൻ സമതലങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ മുതിർന്നവർക്ക് വർഷത്തിൽ 2000 മണിക്കൂറിലധികം സഹിക്കാൻ കഴിയാത്ത തരത്തിലുള്ള ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഇതിൽ ചൂണ്ടിക്കാണിക്കുന്നു.
പ്രായം കൂടുന്തോറും ശരീരത്തിന് ചൂടിനെ ചെറുക്കാനുള്ള ശേഷി കുറയുന്നതാണ് പ്രായമായവരെ പെട്ടെന്ന് രോഗബാധിതരാക്കുന്നത്. സാധാരണക്കാരെ അപേക്ഷിച്ച് പ്രായമായവരിൽ വിയർപ്പ് കുറയുന്നതും രക്തയോട്ടത്തിന്റെ വേഗത കുറയുന്നതും ഹൃദയാഘാതത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. മേയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് രാപ്പകലില്ലാതെ കഠിനമായ ഈ ചൂട് തുടർച്ചയായി അനുഭവപ്പെടാൻ സാധ്യതയുള്ളത്.
രാത്രിയിലും കടുത്ത ചൂട് നിലനിൽക്കുന്നത് കാരണം പുറംജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കും കർഷകർക്കും വിശ്രമിക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടാകും. കൃഷിയെയും സാധാരണക്കാരുടെ വരുമാനത്തെയും ഇത് സാരമായി ബാധിക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അതുകൊണ്ട് തന്നെ പ്രായമായവരെ സംരക്ഷിക്കാൻ പ്രത്യേക കരുതൽ നൽകണമെന്നും തണുപ്പ് ഉറപ്പാക്കുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും പഠനം നിർദേശിക്കുന്നു.




