മൊസാംബിക്കിൽ സന്യാസിനിമാർക്ക് നേരെ ആക്രമണം: രാജ്യത്ത് കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർധിക്കുന്നതായി ആർച്ച് ബിഷപ്പ്

മൊസാംബിക്കിൽ സന്യാസിനിമാരുടെ മഠത്തിന് നേരെ നടന്ന ക്രൂരമായ ആക്രമണത്തിന് പിന്നാലെ രാജ്യത്ത് കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർധിക്കുന്നതിൽ കടുത്ത ആശങ്കയറിയിച്ച് മൊസാംബിക്ക് ബിഷപ്പ് ഇനാസിയോ സൗറെ. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിനു നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഓഗസ്റ്റ് എട്ടിന് അർദ്ധരാത്രിക്ക് ശേഷമാണ് നമ്പൂള അതിരൂപതയുടെ കീഴിലുള്ള മേകുബുരിയിലെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മതിലുകൾ ചാടിക്കടന്ന് അകത്തുകടന്ന അക്രമികൾ രണ്ട് കെനിയൻ സന്യാസിനിമാരെ ക്രൂരമായി മർദ്ദിച്ചു. പെൺകുട്ടികളുടെ ഹോസ്റ്റൽ കൂടിയായി പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് സന്യാസിനിമാർ താമസിച്ചിരുന്നത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് സിസ്റ്റേഴ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെ തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും വടിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ക്രൂരമായി പരിക്കേൽപ്പിച്ചു. ഇദ്ദേഹത്തിന്റെ നില നിലവിൽ ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന് ഇരയായവർ ഇപ്പോൾ നമ്പൂളയിലെ മറ്റൊരു മഠത്തിലാണ് കഴിയുന്നത്. നമ്പൂളയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കുറ്റകൃത്യങ്ങളുടെ നിരക്ക് ക്രമാതീതമായി ഉയരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിൽ പെംബ രൂപതയിലെ മെർസെഡേറിയൻ സിസ്റ്റേഴ്‌സിന്റെ മഠത്തിൽ 18-ഓളം വരുന്ന സായുധസംഘം അതിക്രമിച്ചു കയറി സാധന സാമഗ്രികൾ കവരുകയും, സന്യാസിനിമാരെ പള്ളിയിൽ പൂട്ടിയിട്ട് തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കൂടാതെ ഈ വർഷം ക്വിലിമാനെ ബിഷപ്പായിരുന്ന ഒസോറിയോ സിറ്റോറ അഫോൺസോ തന്റെ വസതിയിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം വലിയ നടുക്കമുണ്ടാക്കിയിരുന്നു. ഈ കേസിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

വടക്കൻ പ്രവിശ്യയായ കബോ ഡെൽഗാഡോയിൽ ജിഹാദി ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 6,300-ഓളം പേർ കൊല്ലപ്പെടുകയും 12 ലക്ഷത്തിലധികം ആളുകൾക്ക് വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്. രാജ്യത്ത് കത്തോലിക്കാ സഭയും മറ്റ് സന്നദ്ധ സംഘടനകളും നേരിടുന്ന സുരക്ഷാ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.