വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ പുതിയ പ്രഖ്യാപനങ്ങൾ

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുതിയ മൂന്നു പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു. ഈ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദിനാൾ മർചേല്ലൊ സെമെറാറൊയ്ക്ക് ശനിയാഴ്ച അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഈ പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചിരിക്കുക.

പരിശുദ്ധാരൂപിയുടെ സമർപ്പിതകൾ എന്ന സന്ന്യാസിനീ സമൂഹത്തിൻറെ സ്ഥാപകയായ വാഴ്ത്തപ്പെട്ട എലേനയുടെ മധ്യസ്ഥത്താൽ നടന്ന അത്ഭുതം പാപ്പാ സ്ഥിരീകരിച്ചു. രണ്ടാമത്തെ പ്രഖ്യാപനം സ്പെയിനിൽ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട ഗയെത്താനൊ ക്ലവുസെയ്യാസ് ബയ്വേ, അന്തോണിയൊ തോർത്ത് റെയിക്സാസ് എന്നീ ദൈവദാസരുടെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതാണ്.

രൂപതാവൈദികനായിരുന്ന ദൈവദാസൻ ഗയെത്താനൊ സ്പെയിനിലെ സബദെയിൽ 1863 ആഗസ്റ്റ് 5-ന് ജനിക്കുകയും ആ പ്രദേശത്തിനടുത്തു വച്ചുതന്നെ 1936 ആഗസ്റ്റ് 15-ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. അൽമായനും കുടുംബനാഥനുമായിരുന്ന അന്തോണിയൊയുടെ ജനനം 1895 മാർച്ച് 28-ന് സ്പെയിനെലെ ബർസെല്ലോണയിൽ ആയിരുന്നു. അദ്ദേഹം 1936 ഡിസംബറിൽ അന്നാട്ടിലെ തന്നെ മോന്ത്കാദ എന്ന സ്ഥലത്തു വച്ച് വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടു.

മൂന്നാമത്തെ പ്രഖ്യാപനം ഇറ്റലി സ്വദേശിനിയും ലെവൂക്കയിലെ വിശുദ്ധ മറിയത്തിൻറെ പുത്രികൾ എന്ന സന്ന്യാസിനീ സമൂഹത്തിലെ സഹോദരിയുമായിരുന്ന ദൈവദാസി തെരേസ ലാൻഫ്രാങ്കൊയുടെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.