
കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം 159 നമ്പറിൽ എന്താണ് ശുദ്ധീകരണസ്ഥലം എന്നു പറയുന്നുണ്ട്. പലപ്പോഴും ഒരു സ്ഥലമായി സങ്കൽപിക്കപ്പെടുന്ന ശുദ്ധീകരണസ്ഥലം യഥാർഥത്തിൽ ഒരു അവസ്ഥയാണ്. ഒരു വ്യക്തി ദൈവകൃപാവരത്തിൽ മരിക്കുന്നു. എന്നാലും ദൈവത്തെ മുഖാമുഖം ദർശിക്കുന്നതിനുമുമ്പ് വിശുദ്ധീകരണം ആവശ്യമാണ്. അങ്ങനെയെങ്കിൽ ആ വ്യക്തി ശുദ്ധീകരണസ്ഥലത്താണ്, ശുദ്ധീകരണാവസ്ഥയിലാണ്. ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന പത്തു വസ്തുതകളാണ് ചുവടെ ചേർക്കുന്നത്.
1. സഭാപിതാക്കന്മാർ ഇത് പഠിപ്പിക്കുന്നു
സാധാരണയായി മധ്യകാല കത്തോലിക്കാ സഭയുമായി ശുദ്ധീകരണസ്ഥലത്തെ (Purgatory) ബന്ധിപ്പിക്കാറുണ്ട്. എന്നാൽ, ആദിമനൂറ്റാണ്ട് മുതൽ സഭ ഇതിൽ വിശ്വസിച്ചിരുന്നു. തീർച്ചയായും ശുദ്ധീകരണസ്ഥലം എന്ന വാക്ക് അവർ ഉപയോഗിച്ചിട്ടില്ല. എന്നിരുന്നാലും നിരവധി സഭാപിതാക്കമാർ ശുദ്ധീകരണസ്ഥലത്തിൽ വിശ്വസിച്ചിരുന്നു. വി. ആഗസ്തീനോസിന്റെ ‘ദൈവനഗരത്തിൽ’ (The City of God) ഇപ്രകാരം വായിക്കുന്നു: “മരണശേഷം താൽക്കാലിക ശിക്ഷയ്ക്കു വിധേയരാകന്ന എല്ലാവരും അവസാനവിധി വരെ നിത്യകാലത്തേക്ക് സഹിക്കേണ്ടിവരികയില്ല.”
ചിലർക്ക് നമ്മൾ നേരത്തെ പറഞ്ഞതുപോലെ, ഈ ലോകത്തിൽ കടം വീട്ടാൻ സാധിക്കാത്തവർ വരാനിരിക്കുന്ന ലോകത്തിൽ അതു വീട്ടണം. അതുകൊണ്ട് വരാനിരിക്കുന്ന ലോകത്തിൽ അവർ നിത്യകാലത്തേക്ക് ശിക്ഷ അനുഭവിക്കണം എന്നർഥമില്ല.’ സഭാപിതാക്കന്മാരായ വി. അബ്രോസ്, വി. ജറോം, വി. ബേസിൽ, മഹാനായ വി. ഗ്രിഗറി എന്നിവർ ശുദ്ധീകരണസ്ഥലത്തിൽ വിശ്വസിച്ചിരുന്നതായി അവരുടെ പഠനങ്ങളിൽ നിന്നു മനസ്സിലാക്കാൻ സാധിക്കും.
2. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് അവരുടെ വിധി അറിയാം
വിശ്വാസിയായ ഒരു വ്യക്തി മരിക്കുകയും മരണശേഷം ശുദ്ധീകരണസ്ഥലത്തിൽ താൻ തന്നെ സഹിക്കുന്നതായി മനസ്സിലാക്കുകയും ചെയ്യുന്നു എങ്കിൽ ആ വ്യക്തിക്ക് നരകവും ശുദ്ധീകരണസ്ഥലവും തമ്മിലുള്ള വിത്യാസം അറിയാൻ കഴിയുമോ? ആ വ്യക്തിക്ക് സ്വർഗപ്രാപ്തി സാധിക്കമെന്ന് വിശ്വാസമുണ്ടോ? ഈ കാര്യത്തിൽ ഉത്തരം, ‘അതെ’ എന്നുതന്നെയാണ്. കാത്തലിക് എൻസൈക്ലോപീഡിയായിൽ ഇപ്രകാരം കാണുന്നു: “ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന ആത്മാക്കൾക്കറിയാം തങ്ങളുടെ സന്തോഷം കുറച്ചുകാലത്തേക്കു തടഞ്ഞുവച്ചിരിക്കയാണ്” എന്ന്. പുരാതനമായ ആരാധനക്രമങ്ങളും ഭൂഗർഭക്കല്ലറകളിലെ (catacombs) ശിലാലിഖിതങ്ങളും പറയുന്ന ‘സമാധാനത്തിലുള്ള ഉറക്കം’ അത്യന്തികമായ രക്ഷയെക്കുറിച്ച് സംശയം ഉണ്ടായിരുന്നെങ്കിൽ അസാധ്യമാകുവായിരുന്നു.
3. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾ നമുക്കുവേണ്ടി പ്രാർഥിക്കാനുള്ള സാധ്യതയുണ്ട്
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടി പ്രാർഥിക്കാൻ സഭ നമ്മോടു പറയുന്നുണ്ട്. എന്നാൽ അവർക്ക് നമുക്കുവേണ്ടി പ്രാർഥിക്കാൻ കഴിയുമെന്ന് ചിലർ ചിന്തിക്കുന്നുണ്ട്. ‘നമ്മളെക്കാൾ അവർ ദൈവത്തോട് അടുത്തായതിനാൽ അവരുടെ മധ്യസ്ഥപ്രാർഥനകൾക്ക് വലിയ ശക്തിയുണ്ട്.’ ഇങ്ങനെ ചിന്തിക്കുകയാണങ്കിൽ ഈ വാദഗതിക്ക് വേണ്ടത്ര യുക്തി നമുക്ക് കണ്ടെത്താൻ കഴിയും. വി. റോബർട്ട് ബില്ലാർമിൻ ഈ വാദഗതിയോടു യോജിക്കുന്നുണ്ട്.
4. പുരാതനകാലം മുതൽ വിജാതീയർ ഇത് വിശ്വസിച്ചിരുന്നു
പല സംസ്കാരങ്ങളിലെയും ജനങ്ങൾ ക്രൈസ്തവരായ നമ്മുടെ വിശ്വാസം പോലെ മരണാന്തരജീവിതത്തിലും സ്വർഗം, നരകം, ശുദ്ധീകരണസ്ഥലം തുടങ്ങിയ അവസ്ഥകളിലും വിശ്വസിച്ചിരുന്നതായി കാത്തലിക് എൻസൈക്ലോപീഡിയയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, റോമൻ ഇതിഹാസകാവ്യമായ അനേയിഡിൽ – ലത്തീൻ സഭാപിതാക്കൻമാർക്കു പരിചിതമായിരുന്ന – ‘ദുഷ്ടതയാൽ കളങ്കിതമായ ആത്മാക്കൾ എൽസിയുമിന്റെ (Elysium) സന്തോഷം നിറഞ്ഞ തോട്ടത്തിൽ വരുന്നതിനുമുമ്പ് അഗ്നിശുദ്ധി വരുത്തിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള ക്രിസ്തീയപ്രബോധനം ഒരിക്കലും വിജതീയചിന്തയല്ല (എന്നാൽ പത്രോസിന്റെ രണ്ടാം ലേഖനം രണ്ടാം അധ്യായം നാലാം വാക്യത്തിൽ പത്രോസ് നരകത്തെ സൂചിപ്പിക്കാൻ അനേയിഡിൽ ഉപയോഗിച്ച ടർതാരുസ് (Tartarus) വാക്ക് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്).
5. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ മറ്റു വിശ്വാസികളൊടൊപ്പമുണ്ട്
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ തനിയെ അല്ല സഹിക്കുന്നത് എന്ന കാര്യം നമ്മൾ മറക്കാൻ തുനിയുന്നു. അല്ലെങ്കിൽ സഹിക്കുന്ന സഭ എന്ന പ്രയോഗംതന്നെ അർഥശൂന്യമാകും. ശുദ്ധീകരണസ്ഥലത്തിലുള്ള ആത്മാക്കൾക്ക് നമ്മൾ ഭൂമിയിൽ ചെയ്യുന്നതുപോലെ പരസ്പരം സമാശ്വസിപ്പിക്കാൻ സാധിക്കുമെന്നത് യുക്തിസഹജമായി കാണപ്പെടുന്നു. പക്ഷേ, ഇതു നമുക്കു ഊഹിക്കാൻ മാത്രമേ കഴിയൂ.
6. ശുദ്ധീകരണസ്ഥലത്തായിരിക്കുന്നവർ ക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കുന്നു
ശുദ്ധീകരണസ്ഥലം ആത്മീയജീവിതത്തിലുള്ള ചില ടൈം ഔട്ടുകളോ, ഭൂമിയിലുള്ള വിശ്വാസജീവിതത്തിന്റെയും സ്വർഗത്തിൽ നാം സ്വന്തമാക്കുന്ന ആനന്ദകരമായ ഈശ്വര ദർശനത്തിനും മധ്യേയുള്ള ഒരു ഇടനാഴിയോ അല്ല. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾ സത്യമായും പീഡിതസഭയുടെ ഭാഗമാണെങ്കിൽ അവർ ക്രിസ്തുവിന്റെ മൗതീകശരീരത്തിന്റെ ഭാഗമായി നിലനിൽക്കുകയും അതുവഴി ക്രിസ്തുവിനോടു ഐക്യപ്പെട്ടു നിലനിൽക്കുകയും ചെയ്യുന്നു.
7. സഹനങ്ങൾ സ്വമേധയാലുള്ളതാണ്
ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് പ്രബന്ധമെഴുതിയ ജെനോവായിലെ വി. കാതറിന്റെ അഭിപ്രായത്തിൽ, സ്വർഗത്തിലെ തങ്ങളുടെ നിക്ഷേപത്തിൽ എന്തുണ്ടെന്ന് ആത്മാക്കൾ ഒരിക്കൽ കാണുമ്പോൾത്തന്നെ ആത്മാക്കൾ തന്നെത്താനെ ശുദ്ധീകരണസ്ഥലത്തിലേക്കു വീഴുന്നു. തീർച്ചയായും ശുദ്ധീകരണസ്ഥലം സ്വമേധയാ തിരഞ്ഞെടുക്കാൻ കഴിയുന്ന (ഒരർഥത്തിൽ അങ്ങോട്ടു പോകാതിരിക്കാൻ തിരഞ്ഞെടുപ്പ് നടത്തുന്നു) ഒരു അവസ്ഥയല്ല. മറിച്ച് വി. അക്വീനാസ് പറയുന്നതുപോലെ, ഇത് സ്വമേധയാ ആത്മാക്കൾ സമ്മതത്തോടെ കീഴടങ്ങുന്നതാണ്.
8. ശുദ്ധീകരണസ്ഥലത്തുള്ളവരെ ക്രിസ്തു സമാശ്വസിപ്പിക്കുന്നു
പാരമ്പര്യമനുസരിച്ച്, ശുദ്ധീകരണസ്ഥലത്തെ നരകത്തിന്റെ ഭാഗമായാണ് ദൈവശാസ്ത്രജ്ഞന്മാർ കരുതുന്നത്. ക്രിസ്തു പാതാളത്തിലേക്കിറങ്ങി എന്ന് നാം പറയുമ്പോൾ നരകത്തിലുള്ളവരെ ക്രിസ്തു സന്ദർശിച്ചു എന്നാണ്. സുമ്മാ തിയോളജിക്കായിൽ വി. തോമസ് അക്വീനാസ് ഇപ്രകാരം എഴുതിയിട്ടുണ്ട്. അക്വീനാസിന്റെ അഭിപ്രായത്തിൽ, ക്രിസ്തു പാതാളത്തിൽ വന്നതുമൂലം നരകത്തിലെ ലിംബോ (limbo) അറയിലുണ്ടായിരുന്ന പരിശുദ്ധരായ പിതാക്കന്മാരെല്ലാം വിമോചിക്കപ്പെടുകയും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു.
9. ശുദ്ധീകരണസ്ഥലത്ത് സന്തോഷങ്ങളും സഹനങ്ങളുമുണ്ട്
ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള പരമ്പരാഗതചിന്ത വേദനയും ശിക്ഷയുമായി ബന്ധപ്പെട്ടാണ്. എന്നാൽ, ജെനോവായിലെ വി. കാതറിൻ വലിയ സന്തോഷത്തിന്റെ അവസ്ഥയായി ഇതിനെ വിവരിക്കുന്നുണ്ട്. “ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ സന്തോഷത്തെ താരതമ്യപ്പെടുത്താൻ പറുദീസായിലുള്ള വിശുദ്ധരുടെ സന്തോഷമല്ലാതെ മറ്റൊന്നും യോഗ്യമല്ലെന്നു ഞാൻ വിശ്വസിക്കുന്നു. ദൈവം ഈ ആത്മാക്കളിലേക്ക് ഒഴുകന്നതനുസരിച്ച്, അവന് പ്രവേശിക്കാനുള്ള തടസ്സങ്ങൾ മാറുന്നതിനുസരിച്ച് ഈ സന്തോഷം അനുദിനം വളരുന്നു. പാപത്തിന്റെ കറ ഒരു തടസ്സമാണ്. അഗ്നി ആ കറയെ ദഹിപ്പിക്കുന്നതനുസരിച്ച് ആത്മാവ് ദൈവീകമായ അന്തർപ്രവാഹത്തിന് തന്നെത്തന്നെ തുറക്കുന്നു.”
10. ശുദ്ധീകരണസ്ഥലം വിശുദ്ധരെ സൃഷ്ടിക്കുന്നു
ഈ നിഗമനം, വിപ്ലവകരമായി തോന്നുമെങ്കിലും ഇത് അനിവാര്യമായ ചിന്തയാണ്. അടിസ്ഥാപരമായ കത്തോലിക്കാ വിശ്വാസം സ്വർഗത്തിലെത്തുന്ന, ശുദ്ധീകരണസ്ഥലത്തു വന്നുപെടുന്ന ആത്മാക്കളെപ്പറ്റി ലളിതമായി ഇങ്ങനെ പറയുന്നു: “വിശുദ്ധിയുടെ ഉന്നതിയിൽ എത്തിയവർക്ക് സ്വർഗത്തിൽ നേരിട്ടുപോകാൻ ശുദ്ധീകരിക്കുന്ന ശുദ്ധീകരണസ്ഥലത്തെ അഗ്നി ആവശ്യമില്ല. നമ്മൾ അവരെ വിശുദ്ധർ എന്നു വിളിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, വിശുദ്ധർ മാത്രമേ സ്വർഗത്തിലെത്തുകയുള്ളൂ. ശുദ്ധീകരണസ്ഥലം ചെയ്യുന്നത് ഇതാണ്, അവിടെ എത്തിച്ചേരുന്ന എല്ലാവരെയും ശുദ്ധീകരണസ്ഥലം വിശുദ്ധരാക്കുന്നു. അതാണ് ശുദ്ധീകരണസ്ഥലത്തിന്റെ മനോഹാരിത.”
സ്റ്റീഫൻ ബീലിന്റെ ‘പർഗേറ്ററി’ (Purgatory) എന്ന ലേഖനത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുറിപ്പ്.
ഫാ. ജയ്സൺ കുന്നേൽ MCBS




