നൈജറിൽ ആയുധധാരികളുടെ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു

പടിഞ്ഞാറൻ നൈജറിലെ ടില്ലബേരി മേഖലയിൽ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ 37 സാധാരണക്കാർ കൊല്ലപ്പെട്ടു. ബുർക്കിന ഫാസോ, മാലി എന്നീ രാജ്യങ്ങളുടെ അതിർത്തിക്ക് സമീപമുള്ള തേര നഗരത്തിലെ ചന്തയിലേക്ക് പോവുകയായിരുന്ന ഗ്രാമീണർക്ക് നേരെയാണ് വ്യാഴാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. പ്രാദേശിക സ്വയംപ്രതിരോധ സേനയുടെ അകമ്പടിയോടെ സഞ്ചരിച്ചിരുന്ന സംഘത്തെ അജ്ഞാതരായ ആയുധധാരികൾ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ 37 പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയും പരിക്കേറ്റ ഒരാൾ പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ പ്രാദേശിക പ്രതിരോധ സേനയിലെ 11 അംഗങ്ങളും ഏഴ് സ്ത്രീകളും 20 പുരുഷന്മാരും ഉൾപ്പെടുന്നുണ്ടെന്ന് മുൻ ജനപ്രതിനിധി വ്യക്തമാക്കി. പരിക്കേറ്റ നിരവധി പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

2023-ലെ സൈനിക അട്ടിമറിക്ക് ശേഷം സൈന്യം ഭരിക്കുന്ന നൈജറിൽ, ഭീകരസംഘടനകളുമായി ബന്ധമുള്ള തീവ്രവാദികളുടെ ആക്രമണങ്ങൾ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തുണ്ടായ ഇത്തരം അക്രമങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടമായത്. മാലി, ബുർക്കിന ഫാസോ അതിർത്തികൾ പങ്കിടുന്ന ടില്ലബേരി മേഖലയാണ് നിലവിൽ ഭീകരാക്രമണങ്ങളുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.