വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ: വളർത്തുമൃഗങ്ങളെ പ്രത്യേകം ആശീർവദിച്ച് ഫിലിപ്പീൻസിലെ ദൈവാലയം

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളിനോടനുബന്ധിച്ച് വളർത്തുമൃഗങ്ങളെ ആശീർവദിക്കുന്ന പരമ്പരാഗത ചടങ്ങിന് വേദിയൊരുക്കി ഫിലിപ്പീൻസിലെ മനിലയിലുള്ള മലേറ്റ് ദൈവാലയം. മൃഗങ്ങളുടെയും പ്രകൃതിയുടെയും സംരക്ഷകനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഓർമ്മ പുതുക്കുന്ന ഒക്ടോബർ നാലിന് നടന്ന പ്രത്യേക ചടങ്ങിൽ പൂച്ചകളും നായ്ക്കളും കിളികളും ഉൾപ്പെടെ നൂറുകണക്കിന് വളർത്തുമൃഗങ്ങളുമായിട്ടായിരുന്നു ആളുകൾ പള്ളിയിലെത്തിയത്.

“മൃഗങ്ങളെയും സസ്യങ്ങളെയും ആശീർവദിക്കുന്ന ഈ ചടങ്ങ് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ മലേറ്റ് ഇടവക ഇതിനെ ഏറെ പ്രോത്സാഹിപ്പിച്ചു വരുന്നു,” പള്ളി വികാരിയായ ഫാദർ ലിയോണിറ്റോ ഡിസ്റ്റോർ പറഞ്ഞു.

പള്ളിയിലെ ഇടനാഴിയിൽ തങ്ങളുടെ വളർത്തുമൃഗങ്ങളുമായി നിരന്നുനിന്ന വിശ്വാസികൾ, വൈദികൻ തങ്ങളുടെ പ്രിയപ്പെട്ട വളർത്തു മൃഗങ്ങൾക്കു മേൽ വിശുദ്ധ ജലം തളിക്കുന്നതിനായി ക്ഷമയോടെ കാത്തുനിന്നു. ദൈവത്തിന്റെ സകല സൃഷ്ടികളെയും ബഹുമാനിക്കാനും പരിപാലിക്കാനുമുള്ള വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആഹ്വാനം അനുസ്മരിക്കുന്നതോടൊപ്പം, ഈ മൃഗങ്ങൾ ദിവസേന തങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന നിരുപാധികമായ സ്നേഹത്തിനും സന്തോഷത്തിനും കൂട്ടിനും നന്ദി പ്രകാശിപ്പിക്കാനുള്ള ലളിതമായ വഴിയായിരുന്നു ഉടമസ്ഥർക്ക് ഈ ചടങ്ങ്.

“അവരും ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. സംസാരിക്കാൻ കഴിയില്ല എന്നതൊഴിച്ചാൽ അവയ്ക്കും നമ്മളെപ്പോലെ തന്നെ വികാരങ്ങളുണ്ട്,” നാല് ഷിറ്റ്സു ഇനത്തിൽപെട്ട നായ്ക്കളുടെ ഉടമയായ 32 കാരിയായ നഴ്‌സ് ഗോഡിൻ സുപ്നെറ്റ് പറഞ്ഞു. “ഞങ്ങളുടെ ജീവിതത്തിൽ അവരുടെ സാന്നിധ്യത്തിന് ഞങ്ങൾ നന്ദിയുള്ളവരാണെന്ന് ഏതെങ്കിലും വിധത്തിൽ അവരും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ അവരെ ആശീർവദിപ്പിക്കാൻ കൊണ്ടുവന്നത്,” മറ്റൊരു വ്യക്തി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.