
നൈജീരിയയിൽ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ 19 ദേശീയ യുവജന സേവന (NYSC) വളണ്ടിയർമാരെ പൊലീസും സുരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയതായി റിപ്പോർട്ട്. എന്നാൽ ഒളിത്താവളത്തിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുള്ളതിനാൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായതായി പൊലീസ് വ്യക്തമാക്കി.
തെക്കുകിഴക്കൻ ഇമോ (Imo) സംസ്ഥാനത്ത് വച്ച് കഴിഞ്ഞ ആഴ്ചയാണ് ദേശീയ യുവജന സേവന പദ്ധതിയുടെ (NYSC) ഭാഗമായി യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവരുടെ ഒളിത്താവളം ഡ്രോൺ നിരീക്ഷണത്തിലൂടെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ സ്ഥലത്ത് മുഴുവൻ മൈനുകൾ സ്ഥാപിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.
ഒളിത്താവളത്തിലെ ബോംബ് ഭീഷണി മറികടക്കാൻ ബുൾഡോസറുകളും കവചിത വാഹനങ്ങളും വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. നൈജീരിയയിലെ സർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കുന്ന യുവജനങ്ങൾ നിർബന്ധമായും ചെയ്യേണ്ട ഒരു വർഷത്തെ സേവന പദ്ധതിയാണ് NYSC. സുരക്ഷിതമെന്ന് കരുതിയിരുന്ന തെക്കൻ നൈജീരിയയിൽ ഇത്തരം വലിയ തോതിലുള്ള തട്ടിക്കൊണ്ടുപോകലുകൾ അപൂർവമാണ്.




