ഛത്തീസ്‌ഗഢിലെ സ്‌കൂളുകളിൽ ഹൈന്ദവ പ്രാർഥനകൾ നിർബന്ധമാക്കി സർക്കാർ ഉത്തരവ്: നിയമപോരാട്ടത്തിനൊരുങ്ങി ക്രൈസ്തവ സംഘടനകൾ

ഛത്തീസ്‌ഗഢിലെ വിദ്യാലയങ്ങളിൽ ഹൈന്ദവ പ്രാർഥനകൾ നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവെച്ചതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ ക്രൈസ്തവ സംഘടനകൾ തീരുമാനിച്ചു. 2026 – 27 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ എല്ലാ അംഗീകൃത സ്കൂളുകളിലും സരസ്വതി വന്ദനം, ഗായത്രി മന്ത്രം തുടങ്ങിയ ഹൈന്ദവ പ്രാർഥനകകളും നിലവിളക്ക് കൊളുത്തൽ അടക്കമുള്ള ചടങ്ങുകളും നിർബന്ധമാക്കിക്കൊണ്ട് ജൂൺ 12 – നാണ് ബി.ജെ.പി സർക്കാർ ഉത്തരവിറക്കിയത്.

​ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജൂലൈ രണ്ടിന് ബിലാസ്പൂർ ഹൈക്കോടതി തള്ളിയിരുന്നു. ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് ക്രൈസ്തവ – മുസ്ലിം സംഘടനകളും ആദിവാസി വിഭാഗങ്ങളും രംഗത്തെത്തിയിരിക്കുന്നത്.

​എന്നാൽ ഈ പ്രാർഥനകൾ കേവലം മതപരമായ നിർദ്ദേശങ്ങളല്ലെന്നും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നുമാണ് സർക്കാർ വാദം. നിലവിൽ കോടതി വിധി വിശദമായി പഠിച്ചുവരികയാണെന്നും തുടർ നിയമനടപടികൾ ഉടൻ സ്വീകരിക്കുമെന്നും റായ്‌പൂർ അതിരൂപത വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ പൂമറ്റം, പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് കോർഡിനേറ്റർ പാസ്റ്റർ സൈമൺ ഡിഗ്ബൽ ടാണ്ടി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.