
അമ്മയുടെ വിയോഗം ഒരു വ്യക്തിയുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന ശൂന്യതയും ആ വേദനയിലും അമ്മയുടെ സാന്നിധ്യം തിരയുന്ന മകന്റെ ആകുലതകളുമാണ് 2026 ൽ പുറത്തിറങ്ങിയ നോവ നൈന്റെ ‘അമ്മേ, ഞാനിപ്പോഴും അമ്മയുടെ പേര് വിളിക്കുന്നു’ (Mama, I still call your name) എന്ന ഗാനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. പ്രിയപ്പെട്ടവരുടെ വേർപാട് നമ്മെ തളർത്താറുണ്ട്. എന്നാൽ, ആ വേദനയ്ക്കിടയിലും നമ്മെ മുന്നോട്ടുനയിക്കുന്ന ചില ഓർമ്മകളുണ്ട്. അമ്മ നൽകിയ കരുതലും സ്നേഹവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുമ്പോൾ, അവർ ശാരീരികമായി കൂടെയില്ലെങ്കിലും അവരുടെ സാന്നിധ്യം നമ്മളിലൂടെ തുടർന്നും ജീവിക്കുന്നു എന്ന സത്യമാണ് ഈ ഗാനം ഓർമ്മിപ്പിക്കുന്നത്. ഈ ഗാനത്തിന്റെ വരികളിലെ ചിന്തകൾ നമ്മെ പ്രചോദിപ്പിക്കുന്നവയാണ്.
ഗാനത്തിന്റെ തുടക്കത്തിൽ തന്നെ നഷ്ടത്തിന്റെ തീവ്രതയും ശീലങ്ങൾ മാറാത്തതിലെ വേദനയുമാണ് കാണാൻ കഴിയുന്നത്. അമ്മ കൂടെയില്ല എന്ന സത്യം അംഗീകരിക്കാൻ മടിക്കുന്ന മനസ്സ്, ഇന്നും അമ്മയ്ക്കു വേണ്ടിക്കൂടി കാപ്പി ഉണ്ടാക്കുന്നു. ഇത് വെറുമൊരു ശീലമല്ല, മറിച്ച് അമ്മയുമായി ഉണ്ടായിരുന്ന ആത്മബന്ധത്തിന്റെ തുടർച്ചയാണ്.
അമ്മ പോയതു മുതൽ ഈ വീടിന് തണുപ്പേറിയതുപോലെ, ദിവസം മുഴുവന്‍ അമ്മയുടെ കസേര വെറുതെ കിടക്കുന്നു, അമ്മേ, ഇന്നും ഞാൻ രണ്ടു പേർക്കായി കോഫി ഉണ്ടാക്കി.
തുടർന്ന്, അമ്മ വെറുമൊരു വ്യക്തിയല്ല, മറിച്ച് ജീവിതത്തിലെ വഴിവിളക്കാണെന്ന് ഗാനം വ്യക്തമാക്കുന്നു. ഇരുളടഞ്ഞ ലോകത്ത് മുന്നോട്ടുപോകാൻ കരുത്ത് നൽകിയ അമ്മ നഷ്ടപ്പെടുമ്പോൾ ജീവിതം അർഥശൂന്യമായി മാറുന്നു. എങ്കിലും, ആ സ്നേഹത്തിന്റെ ഓർമ്മകൾ ഇരുട്ടിലും മകന് ആശ്വാസം നല്‍കുന്നു.
അമ്മേ, അമ്മ എന്റെ ഇരുളടഞ്ഞ മുറിയിലെ വെളിച്ചമായിരുന്നു, വിടർന്നുനിന്ന ഏക പുഷ്പമായിരുന്നു അങ്ങ്. ലോകം പരിഗണിക്കാതിരുന്നപ്പോഴും എന്നെ കൈപിടിച്ചു നയിച്ചത് അമ്മയായിരുന്നല്ലോ. അമ്മേ, അങ്ങ് എനിക്ക് സർവസ്വവുമായിരുന്നു.
അമ്മയെ വിളിക്കാത്ത, ഓര്‍മ്മിക്കാത്ത ദിനങ്ങള്‍ തന്റെ ജീവിതത്തില്‍ ഇല്ലെന്ന് മകന്‍ വീണ്ടും പറയുകയാണ്.
അമ്മേ, ഞാൻ ഇപ്പോഴും അമ്മയുടെ പേര് വിളിക്കാറുണ്ട് രാത്രികാലങ്ങള്‍ മഴയായി പെയ്തിറങ്ങുമ്പോൾ പഴയതുപോലെ ഇന്നും ഞാൻ അമ്മയെ തിരയാറുണ്ട്. ഈ ഏകാന്തമായ, തകർന്ന ഭൂമിയിൽ അമ്മയുടെ കൈകൾ എനിക്ക് ഇന്നും ആവശ്യമാണ്. അമ്മ എന്റെ ഭവനമായിരുന്നു, എന്റെ ഹൃദയമായിരുന്നു, എന്റെ സൗഹൃദമായിരുന്നു. അമ്മേ, ഞാന്‍ അനുഭവിക്കുന്ന വിരഹവേദന എത്രമാത്രമുണ്ടെന്ന് വാക്കുകൾക്ക് പറയാനാവുന്നില്ല.
അമ്മയുടെ ചിത്രത്തിനു മുന്നിൽ നിന്നുകൊണ്ട് അവർ നൽകിയ ഉപദേശങ്ങൾ ഓർക്കുന്നത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള കരുത്ത് മകനു നല്‍കുന്നു. “മുന്നോട്ട് നടക്കൂ” എന്ന അമ്മയുടെ വാക്കുകൾ ഓര്‍മ്മിക്കുന്നത് മകന് ലഭിക്കുന്ന വലിയൊരു ഊർജമാണ്. എങ്കിലും അമ്മയില്ലാത്ത വഴികളിൽ ഓരോ ചുവടും വയ്ക്കാൻ മകൻ ഇന്നും പ്രയാസപ്പെടുന്നു എന്ന സത്യം ഇവിടെ തെളിയുന്നു.
കട്ടിലിനരികിൽ ഞാൻ അമ്മയുടെ ചിത്രം വച്ചിട്ടുണ്ട്, അമ്മയുടെ ശബ്ദവും അമ്മ പറഞ്ഞ വാക്കുകളും കേൾക്കാറുണ്ട്. പക്ഷേ അമ്മേ, അമ്മയില്ലാതെ ഇതെല്ലാം വളരെ പ്രയാസകരമാണ്.
അവസാനമായി, ഗാനം നമ്മെ എത്തിക്കുന്നത് വിശ്വാസത്തിന്റെ ഒരു തലത്തിലേക്കാണ്. ദൂരങ്ങൾക്കും മരണത്തിനുമപ്പുറത്ത് അമ്മ തന്നെ വീക്ഷിക്കുന്നുണ്ടെന്നും തന്റെ പ്രാർഥനകൾ അവർ കേൾക്കുന്നുണ്ടെന്നുമുള്ള ഉറച്ച വിശ്വാസം മകനുണ്ട്. ഈ തിരിച്ചറിവാണ് വേദനകൾക്കിടയിലും അമ്മയെ അരികിൽ തന്നെ നിലനിർത്താൻ മകനെ സഹായിക്കുന്നത്.
ഉയരത്തിൽ എവിടെയോ നിന്ന് അമ്മ എന്നെ നോക്കുന്നുണ്ടെന്ന് എനിക്കറിയാം; ചന്ദ്രനും ആകാശത്തിനുമപ്പുറത്ത് എവിടെയോ നിന്ന്. ഞാൻ കരയുമ്പോൾ അമ്മ കേൾക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അമ്മ ഇപ്പോഴും എന്റെ അരികിൽ തന്നെയുണ്ടെന്ന് എനിക്ക് തോന്നുന്നു.
എബ്രഹാം ലിങ്കൺ തന്റെ അമ്മയെക്കുറിച്ച് പറഞ്ഞ വരികൾ മനോഹരമാണ്: “ഞാൻ എന്താണോ, അല്ലെങ്കിൽ എനിക്ക് എന്താകാൻ കഴിയുമോ, അതിനൊക്കെയും ഞാൻ എന്റെ മാലാഖയായ അമ്മയോട് കടപ്പെട്ടിരിക്കുന്നു.” ഈ വരികൾ നമ്മളെ ഓർമ്മിപ്പിക്കുന്നത്, അമ്മ എന്നത് വെറുമൊരു വ്യക്തിയല്ല, മറിച്ച് നമ്മുടെ വ്യക്തിത്വത്തിന്റെ നിർമ്മാതാവാണ് എന്നാണ്. ആ മാലാഖ വിട്ടുപോകുമ്പോൾ ലോകം ഇരുളടയുന്നത് സ്വാഭാവികം മാത്രം.
എന്നാല്‍, നഷ്ടത്തിന്റെ വേദനയിൽ മാത്രം മുഴുകാതെ, അമ്മ നമുക്കായി സമ്മാനിച്ച സ്നേഹത്തെയും മൂല്യങ്ങളെയും മുറുകെപ്പിടിച്ച് ജീവിതത്തെ അർഥവത്താക്കുക എന്നതാണ് ഈ ഗാനം നമ്മോട് പറയുന്നത്. മരണത്തിലൂടെ അമ്മ യാത്രയായിക്കഴിഞ്ഞാലും അവർ നമ്മളിലൂടെ തുടർന്നും ജീവിക്കുന്നു. ഈ തിരിച്ചറിവാണ് ഒരു വ്യക്തിയെ തകർച്ചയിൽ നിന്നും കരകയറ്റി പുതിയൊരു യാത്രയ്ക്ക് പ്രാപ്തനാക്കുന്നത്. അമ്മയുടെ ഓർമ്മകൾ തണലായി കൂടെയുണ്ടെന്ന ഉറച്ച ബോധ്യത്തോടെ നമുക്കും മുന്നോട്ടു നടക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS




