
അഡോൾഫ് ഹിറ്റ്ലർ തന്റെ ആത്മകഥയായ മെയിൻ കാംഫ് പ്രസിദ്ധീകരിച്ചത് 1925 ജൂലൈ 18 നായിരുന്നു. ‘നാസിസത്തിന്റെ ബൈബിൾ’ എന്നാണ് ഈ പുസ്തകം അറിയപ്പെടുന്നത്. രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഈ പുസ്തകം 1930 ൽ ഒറ്റ വാല്യമായി പുനഃപ്രസിദ്ധീകരിച്ചു. 1939 ആയപ്പോഴേക്കും മെയിൻ കാംഫിന്റെ 52 ലക്ഷം കോപ്പികളാണ് വിറ്റുപോയത്; 11 ഭാഷകളിലേക്കു മൊഴിമാറ്റവും നടത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം പുസ്തകത്തിന്റെ അച്ചടിയും വിൽപനയും ജർമ്മൻ സർക്കാർ നിയമം മൂലം നിരോധിച്ചു. ബവാറിയ സംസ്ഥാനത്തിന് ഇതിന്റെ പകർപ്പവകാശമുണ്ടായിരുന്നെങ്കിലും പ്രസിദ്ധീകരണാവകാശം നൽകിയിരുന്നില്ല. 70 വർഷത്തിനുശേഷം ഇതിന്റെ പകർപ്പവകാശം അവസാനിച്ചതോടെ ഇതിന്റെ കോപ്പികൾ വീണ്ടും ജർമ്മനിയിൽ ലഭ്യമായിത്തുടങ്ങി.
1967 ജൂലൈ 18 നാണ് മദ്രാസ് പ്രസിഡൻസിയുടെ പേര് തമിഴ്നാട് എന്നാക്കുന്നത് സംബന്ധിച്ച പ്രമേയം തമിഴ്നാട് നിയമസഭ പാസ്സാക്കിയത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി എൻ അണ്ണാദുരൈ ആണ് ഈ പ്രമേയം സഭയിൽ അവതരിപ്പിച്ചത്. ഇക്കാരണത്താൽ ജൂലൈ 18 തമിഴ്നാട് ദിനമായാണ് ആചരിക്കുന്നത്. നവംബർ ഒന്നിന് ആചരിച്ചിരുന്ന തമിഴ്നാട് ദിനം ജൂലൈ 18 ലേക്കു മാറ്റിയത് 2021 ലാണ്. മദ്രാസ് പ്രസിഡൻസിയിൽ നിന്ന് കേരളം, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ട ദിവസമാണ് നവംബർ 1 എന്നും അത് തമിഴ്നാട് ദിനമായി ആചരിക്കുന്നത് അനുചിതമാണെന്നുമുള്ള വിദഗ്ധരുടെ അഭിപ്രായങ്ങൾ മാനിച്ചാണ് മദ്രാസ് പ്രസിഡൻസി തമിഴ്നാട് എന്ന് പേരു സ്വീകരിച്ച ദിനം സംസ്ഥാന ദിനമായി ആചരിക്കാൻ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ തിരുമാനിച്ചത്.
1976 ജൂലൈ 18 നാണ് ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഒരാൾ ജിംനാസ്റ്റിക്സിൽ പെർഫെക്ട് ടെൻ എന്ന സ്കോർ നേടിയത്. പത്തിൽ പത്ത് എന്ന പൂർണ്ണ സ്കോറാണ് പെർഫെക്ട് ടെൻ എന്നറിയപ്പെടുന്നത്. റൊമേനിയൻ ജിംനാസ്റ്റിക് താരമായിരുന്ന നാദിയ കൊമനേച്ചിയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയ കായികപ്രതിഭ. മോണ്ട്രിയലിൽ വച്ചു നടന്ന ഒളിമ്പിക് മത്സരത്തിലായിരുന്നു അത്. കൊമനേച്ചിക്ക് വെറും ആറുവയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് റൊമേനിയൻ ജിംനാസ്റ്റിക്സ് കോച്ചായിരുന്ന ബെല കരോലി അവളിലെ കായിക പ്രതിഭയെ കണ്ടെത്തുന്നത്. തുടർന്നങ്ങോട്ട് നിരവധി ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ കഴിവ് തെളിയിച്ചതിനു ശേഷമാണ് നാദിയ ഒളിമ്പിക്സിൽ ചരിത്രം രചിച്ചത്. ഈ വിജയത്തിനു ശേഷം അവൾ നാഷണൽ ഹീറോ ആയി മാറി. ഫ്ളോർ എക്സർസൈസ് ചെയ്യുന്ന സമയത്ത് അവൾ ഉപയോഗിച്ചിരുന്ന പാട്ട് നാദിയാസ് തീം എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി. അന്തർദേശീയ ശ്രദ്ധയാകർഷിച്ച ആ പാട്ടിന് 1977 ൽ ഗ്രാമി അവാർഡും ലഭിച്ചു.
സുനീഷ വി എഫ്




