
ലോകത്തിലെ ഏറ്റവും മികച്ച കാപ്പി ഉൽപാദക രാജ്യമാണ് പെറു. ചിക്ലായോ രൂപതയുടെ ബിഷപ്പായിരുന്ന കാലത്ത് റോബർട്ട് പ്രിവോസ്റ്റ് എന്ന നമ്മുടെ ലെയോ പാപ്പ അവിടത്തെ പ്രാദേശിക സംസ്കാരം പൂർണ്ണമായി ഇഷ്ടപ്പെട്ടിരുന്നു. അമേരിക്കൻ രീതിയിലുള്ള ഫ്രാപ്പുച്ചിനോകൾക്ക് പകരം പാപ്പ ഇഷ്ടപ്പെട്ടിരുന്നത് പെറൂവിയൻ പരമ്പരാഗത കാപ്പിയായ ‘എസെൻസിയ ഡി കഫേ’ ആയിരുന്നു.
എന്താണ് ഈ കാപ്പിയുടെ പ്രത്യേകത?
‘കഫെറ്റെറ ഡി ലാ അബുവെല’ (മുത്തശ്ശിയുടെ കാപ്പിമേക്കർ) അല്ലെങ്കിൽ ‘ഗോട്ട അ ഗോത’ (തുള്ളിതുള്ളിയായി) എന്ന് വിളിക്കുന്ന ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിലൂടെ കിട്ടുന്ന കാപ്പി കടുപ്പം കൂടിയതും കട്ടിപ്പരുവത്തിലുള്ളതുമായിരിക്കും. ഇതിലേക്ക് ആവശ്യാനുസരണം ചൂടുവെള്ളം ചേർത്താണ് കുടിക്കുന്നത്. ലെയോ പാപ്പ അന്ന് തന്റെ കാപ്പിയിൽ ഒരിക്കലും പാൽ ചേർത്തിരുന്നില്ല. നല്ല കടുപ്പത്തിൽ, അൽപം ചൂടുവെള്ളം മാത്രം ചേർത്താണ് പാപ്പ ഈ കാപ്പി കുടിച്ചിരുന്നത്. പെറുവിലെ ഉയർന്ന മലനിരകളിൽ വിളയുന്ന, പൂക്കളുടെ സുഗന്ധമുള്ള കാപ്പിക്കുരു ആയിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ഫ്രൈഡ് പോർക്കും കപ്പയും ചേർന്ന ‘ഫ്രിറ്റോ ചിക്ലായോ’ എന്ന പ്രാദേശിക പ്രഭാതഭക്ഷണവും ഇതോടൊപ്പം പാപ്പ കഴിക്കാറുണ്ടായിരുന്നു.
ഇന്ന് റോമിലെ മാർപാപ്പയുടെ ഔദ്യോഗിക വസതിയിൽ ഇറ്റാലിയൻ എസ്പ്രെസ്സോ ആണ് പാപ്പയുടെ പ്രധാനപ്പെട്ട കാപ്പി.




