
വെനിസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പത്തിന്റെ ഭയപ്പെടുത്തുന്ന ഓർമകളിൽ നിന്ന് ദുരിതബാധിതർക്ക് പ്രത്യാശയും ആശ്വാസവും പകരുന്ന കാരുണ്യപ്രവർത്തനത്തിലേക്ക് സ്വയം സമർപ്പിച്ചിരിക്കുകയാണ് ജർമ്മൻ ജിമെനെസ് എന്ന വൈദികാർഥി. പെതാരെ രൂപതയിലെ വൈദികനാകാൻ ഒരുങ്ങുന്ന ജർമ്മൻ, ദുരന്തമുഖത്ത് ജനങ്ങൾക്കൊപ്പം നിൽക്കുകയെന്നതാണ് സഭയുടെ ഏറ്റവും വലിയ ദൗത്യമെന്ന് സ്വന്തം അനുഭവത്തിലൂടെ തെളിയിക്കുകയാണ്.
ദുരന്തത്തിന്റെ നടുക്കം
കഴിഞ്ഞ ജൂൺ 24 നാണ് വെനിസ്വേലയെ ഉലച്ചുകൊണ്ട് 7.5, 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായത്. 4,400 ലധികം പേരുടെ ജീവനെടുത്ത ഈ ദുരന്തം നടക്കുമ്പോൾ കാരക്കാസിലെ സെന്റ് റീത്ത സെമിനാരിയിൽ പഠിക്കുകയായിരുന്നു ജർമ്മൻ. വലിയ ശബ്ദത്തോടെ കെട്ടിടങ്ങൾ കുലുങ്ങിയപ്പോൾ സഹപാഠികൾക്കൊപ്പം പ്രാണരക്ഷാർഥം പുറത്തേക്കോടിയ ആ നിമിഷങ്ങൾ വലിയ ഭയവും ആശങ്കയുമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം ഓർക്കുന്നു. പിന്നീട് കാരക്കാസിലും ലാ ഗ്വൈറയിലും തകർന്നടിഞ്ഞ വീടുകളും ദൈവാലയങ്ങളും കണ്ടപ്പോഴാണ് ദുരന്തത്തിന്റെ ആഴം അവർക്ക് മനസ്സിലായത്. ഇതോടെ ദുരിതബാധിതരെ സഹായിക്കാൻ ജർമ്മനും കൂട്ടരും രംഗത്തിറങ്ങി.
കൂടെയുണ്ടാകുക എന്ന ദൗത്യം
ദുരന്തബാധിത പ്രദേശങ്ങളിൽ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും കിടക്കകളും വിതരണം ചെയ്യുന്നതിനൊപ്പം ആളുകളെ ചേർത്തുപിടിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് ജർമ്മൻ പറയുന്നു. ”കൂടുതൽ കാര്യങ്ങൾ ചെയ്യുക എന്നതിനേക്കാൾ ഈ ദുരന്തസമയത്ത് ജനങ്ങൾക്കൊപ്പം ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. സഭ തങ്ങൾക്കൊപ്പമുണ്ടെന്ന് അവർക്ക് അനുഭവപ്പെടണം” – ജർമ്മൻ പറയുന്നു.
കൊടുങ്കാറ്റിനെ ശാന്തമാക്കിയ യേശുവിന്റെ സുവിശേഷഭാഗമാണ് തനിക്ക് കരുത്ത് നൽകിയതെന്ന് ജർമ്മൻ പങ്കുവയ്ക്കുന്നു. ദുരന്തത്തിന്റെ കൊടുങ്കാറ്റിലും ദൈവം നമ്മോടൊപ്പമുണ്ട് എന്ന വിശ്വാസമാണ് ജനങ്ങളിലേക്ക് അവർ പകരുന്നത്.
അതിജീവനത്തിന്റെ ഒരുമ
ഈ മഹാദുരന്തം വെനിസ്വേലൻ ജനതയെ ഒന്നായി കാണാൻ പഠിപ്പിച്ചുവെന്ന് ജർമ്മൻ വിശ്വസിക്കുന്നു. പരസ്പരം സഹായിക്കാൻ സാധാരണക്കാരായ അയൽവാസികൾ തന്നെയാണ് ആദ്യം ഓടിയെത്തിയത്. ഈ ഒത്തൊരുമ രാജ്യത്തിന്റെ വലിയ പ്രത്യാശയാണ്. ജൂലൈ 12 ന് കാരക്കാസ് ആർച്ച്ബിഷപ്പ് റൗൾ ബിയോർഡിന്റെ നേതൃത്വത്തിൽ സെമിനാരി വിദ്യാർഥികളെ ഔദ്യോഗികമായി ദുരന്തമേഖലകളിലേക്ക് ശുശ്രൂഷയ്ക്കായി നിയോഗിച്ചു. കേവലം പുസ്തകപഠനത്തിനപ്പുറം കഷ്ടപ്പെടുന്ന ജനങ്ങളുടെ യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ഭാവി വൈദികർക്ക് ഒഴിച്ചുകൂടാനാവാത്ത അനുഭവമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും ആത്മീയ-ഭൗതികസഹായങ്ങൾ നൽകുന്നതിനുമായി പ്രമുഖ ക്രൈസ്തവസംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (ACN) 1,00,000 യൂറോയുടെ അടിയന്തര സഹായ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. വെനിസ്വേലയിലെ പ്രത്യാശയുടെ ഈ അതിജീവനയാത്രയ്ക്കായി പ്രാർഥനയും സഹായവും അഭ്യർഥിക്കുകയാണ് ജർമ്മനെപ്പോലെയുള്ള സന്നദ്ധപ്രവർത്തകർ.
സീനിയ എൽസ ഇഗ്‌നേഷ്യസ്




