നൈജീരിയയിൽ ആവർത്തിക്കുന്ന കൂട്ടക്കൊലപാതകങ്ങൾ; ഫുലാനി തീവ്രവാദികൾ എഴുപതിലധികം ക്രൈസ്തവരെ കൊലപ്പെടുത്തി

സെൻട്രൽ നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ 70-ലധികം ക്രൈസ്തവരെ കൊലപ്പെടുത്തി. സർക്കാർ യാതൊരുവിധ സംരക്ഷണവും പൗരന്മാർക്ക് നൽകാത്തതിന്റെ ഇരകളാണ് ഈ കൊല്ലപ്പെട്ടവർ. ഒക്‌ടോബർ 18-ന് മൂന്ന് വ്യത്യസ്ത ഇടങ്ങളിലായി അഞ്ച് ഫുലാനി തീവ്രവാദികളെ കൊലപ്പെടുത്തിയതിന്റെ പ്രതികാരനടപടിയായിട്ടാണ് ഈ അക്രമം എന്ന് ബെന്യൂ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥൻ സംശയിക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ ബെന്യൂ സംസ്ഥാനത്തെ ഉക്കും കൗണ്ടിയിലെ ഗ്ബെജി ഗ്രാമത്തെ ഫുലാനി തീവ്രവാദികൾ ആക്രമിച്ചു.

“രണ്ട് ദിവസങ്ങൾക്കുള്ളിൽ, ഞങ്ങളുടെ പ്രാദേശിക ഗവൺമെന്റ് ഏരിയയിലെ ഗ്ബെജി കമ്മ്യൂണിറ്റിയിലെ 70-ലധികം ക്രൈസ്തവർ കൊല്ലപ്പെട്ടു” – സംസ്ഥാനത്തെ ബെന്യൂവിലെ ഉകം ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ ടെറമ്പൂർ കാർത്യോ പറഞ്ഞു. ഗുമ ലോക്കൽ ഗവൺമെന്റ് ഏരിയയിൽ, കഴിഞ്ഞയാഴ്ച, ഉദേയ്, യെലെവാത ഗ്രാമങ്ങളിൽ 100-ലധികം ക്രിസ്ത്യാനികൾക്ക് ഈ തീവ്രവാദികളുടെ വെടിയേറ്റ് പരിക്കേൽക്കുകയും തന്മൂലം ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചതായും കാർത്യോ കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച ഗ്ബെജി പട്ടണത്തിൽ 56 ക്രിസ്ത്യാനികളെങ്കിലും കൊല്ലപ്പെട്ടതായി ഉക്കും പ്രദേശവാസിയായ ബെഡെ ബർത്തലോമിയോ പറയുന്നു. “36-ഓളം മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്ത് മോർച്ചറിയിലേക്ക് കൊണ്ടുപോയി” – അദ്ദേഹം പറഞ്ഞു.

വാസെ, ദൗഡു, ത്യോത്യേവ്, ഉദേയ്, യെൽവത എന്നീ ഗ്രാമങ്ങൾക്കൊപ്പമാണ് ജിബെജി ആക്രമിക്കപ്പെട്ടതെന്ന് മറ്റൊരു പ്രദേശവാസിയായ ടെറൻസ് ക്വാനം പറഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഫുലാനി തീവ്രവാദികൾ നാശം വിതച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.