
സിറിയയിലെ അക്രമങ്ങൾക്കെതിരെ ക്രൈസ്തവർ സമാധാനത്തിന്റെ പാലം ആയിരിക്കണമെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ്കൻ വൈദികർ. ബാഷർ അൽ അസദിന്റെ ഭരണകൂടത്തിന്റെ പതനത്തിനുശേഷം, സിറിയയിൽ കടുത്ത അനിശ്ചിതത്വം അനുഭവപ്പെട്ടുവരുന്ന സാഹചര്യത്തിൽ ക്രൈസ്തവർ സമാധാന നിർമ്മാതാക്കൾ എന്ന നിലയിലുള്ള തങ്ങളുടെ ദൗത്യം ശക്തിപ്പെടുത്തുകയാണെന്ന് രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന രണ്ട് ഫ്രാൻസിസ്കൻ സന്യാസവൈദികർ പറയുന്നു.
2024 ഡിസംബറിൽ സിറിയൻ ഗവൺമെന്റിന്റെ പതനം സ്വയമേവ ഒരു നല്ല സാഹചര്യത്തെ അർഥമാക്കുന്നില്ല എന്ന് അലപ്പോയിലെ ലാറ്റിൻ ഇടവക വികാരിയായ ഫാ. ബഹ്ജത്ത് കാരക്കാച്ച് പറഞ്ഞു. “നമ്മൾ വളരെ ദുഷ്‌കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്: പഴയ ഉറപ്പുകൾ ഇനി നിലവിലില്ല, ഭാവി എന്തായിരിക്കുമെന്ന് നമുക്കറിയില്ല. ആളുകളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് പ്രത്യാശയുടെ സന്ദേശം എത്തിക്കുകയും വേണം” – രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തെ പ്രത്യേകമായി പരാമർശിച്ചുകൊണ്ട് ഫാ. കാരക്കാച്ച് കൂട്ടിച്ചേർത്തു.
അസദിനോട് അനുഭാവമുള്ള ഗ്രൂപ്പുകളുടെ ചെറുത്തുനിൽപിനെ അടിച്ചമർത്താനുള്ള ശ്രമത്തിൽ, സമീപ ആഴ്ചകളിൽ സിറിയയിൽ അഹമ്മദ് അൽ-ഷറയുടെ സുന്നി മുസ്ലീം സർക്കാർ നൂറുകണക്കിന് ആളുകളെ കൂട്ടക്കൊല ചെയ്തിരുന്നു. പുറത്താക്കപ്പെട്ട സ്വേച്ഛാധിപതി അവകാശപ്പെടുന്ന ഇസ്ലാമിന്റെ ശാഖയിലെ അംഗങ്ങളായ അലവൈറ്റ് വിഭാഗക്കാരാണ് ഇരകൾ, എന്നിരുന്നാലും നിരവധി ക്രിസ്ത്യാനികളുടെ കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
“പ്രയാസങ്ങളോടുള്ള ആദ്യ പ്രതികരണം പലായനം ചെയ്യുക എന്നതാണ്. ഭരണകൂടത്തിന്റെ പതനത്തിനുശേഷവും കുടിയേറ്റം നിലച്ചില്ല. വികസനത്തിലേക്കുള്ള ശാശ്വതമായ പുരോഗതി നാം കാണേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ നേരെ വിപരീതമാണ് സംഭവിക്കുന്നത്. വിപണി സ്തംഭനാവസ്ഥയിലാണ്, പലർക്കും ജോലി നഷ്ടപ്പെടുന്നത് തുടരുന്നു” – അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടുകൾക്കിടയിലും ക്രൈസ്തവ സമൂഹത്തിന് സമാധാനത്തിന്റെ പാലമായി മാറാനുള്ള ഉത്തരവാദിത്വമുണ്ട്.
അക്രമങ്ങളോടുള്ള വിയോജിപ്പ് അറിയിക്കുന്നതിനോടൊപ്പം ക്രൈസ്തവരെ സംരക്ഷിക്കുകയും എല്ലാവർക്കുംവേണ്ടി യഥാർഥത്തിൽ സഹിഷ്ണുതയുള്ളതും തുറന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു നിയമം ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.




