പാക്കിസ്ഥാനിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ക്രിസ്ത്യൻ യുവാക്കളെ വിട്ടയച്ചു

ദേശീയ ന്യൂനപക്ഷ ദിനമായ ആഗസ്റ്റ് 11-ന് ഇസ്ലാമാബാദിൽ നടന്ന ന്യൂനപക്ഷ റാലിക്കിടെ പൊലീസുമായി ഏറ്റുമുട്ടിയ ക്രിസ്ത്യൻ യുവാക്കളെ വിട്ടയയ്ക്കുകയും അവർക്കെതിരായ കേസ് പിൻവലിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ തലസ്ഥാന നഗരമായ ഇസ്ലാമാബാദിൽ വച്ചാണ് മൈനോറിറ്റീസ് അലയൻസ് പാക്കിസ്ഥാൻ (MAP) ആക്ടിവിസ്റ്റുകളായ 500-ഓളം പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടിയത്.

“രണ്ടുപേരെ പുലർച്ചെ മൂന്നുമണിക്കുതന്നെ വിട്ടയച്ചിരുന്നു. നാലുപേരെ പിറ്റേന്ന് ഉച്ചകഴിഞ്ഞ് വിട്ടയച്ചു” – റാലിക്ക് നേതൃത്വം നൽകിയ എം.എ.പിയുടെ കാത്തലിക് ചെയർമാൻ അക്മൽ ഭാട്ടി പറഞ്ഞു. സംഘർഷത്തിൽ 15 പ്രതിഷേധക്കാർക്കും ഏതാനും പൊലീസുകാർക്കും പരിക്കേറ്റിരുന്നു. “പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നില്ല. അവർ മതന്യൂനപക്ഷങ്ങളോട് പക്ഷപാതപരമായി പെരുമാറുന്നു. അവർ ഞങ്ങളുടെ സ്ത്രീകളെ പ്ലാസ്റ്റിക് കവചങ്ങൾ ഉപയോഗിച്ച് തള്ളിയിടുകയും സംഘർഷങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. അത് പൊലീസിന്റെ ക്രൂരതയായിരുന്നു” – അക്മൽ ഭാട്ടി കൂട്ടിച്ചേർത്തു.

“ഞങ്ങൾ രണ്ടാംകിട പൗരന്മാരായാണ് പാക്കിസ്ഥാനിൽ പരിഗണിക്കപ്പെടുന്നത്. പാക്കിസ്ഥാൻ സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധനിയമങ്ങൾ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നു” – ന്യൂനപക്ഷ വിഭാഗങ്ങൾ പങ്കുവച്ചു. മുസ്ലിംഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിലെ കണക്കനുസരിച്ച് 96.5% മുസ്ലീങ്ങളും 2.1% ഹിന്ദിക്കളും 1.3% ക്രിസ്ത്യാനികളും ബാക്കി മറ്റു വിഭാഗങ്ങളുമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.