തന്നെ ക്രൂരമായി ആക്രമിച്ചവരോട് ക്ഷമിച്ച് പാക്കിസ്ഥാനിലെ ക്രൈസ്തവ യുവാവ്

തന്നെ അതിക്രൂരമായി ആക്രമിച്ചവരോട് നിരുപാധികം ക്ഷമിച്ചുകൊണ്ട് ക്രിസ്തീയ സ്നേഹത്തിന്റെ മാതൃക പകരുകയാണ് പാക്കിസ്ഥാനിൽ നിന്നുള്ള ഇഖ്‌ലാഖ് മസീഹ് എന്ന യുവാവ്. അക്രമികളിൽ നിന്ന് ഒരു യുവതിയെ രക്ഷിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഈ പതിനേഴുകാരൻ ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. പാക്കിസ്ഥാനിലെ ഷെയ്ഖുപുരയിലെ അജ്നിയൻവാലയിലുള്ള നസ്രത്ത് കോളനിയിൽ വച്ചായിരുന്നു ആക്രമണം നടന്നത്.

തന്നെ ആക്രമിച്ചവരോട് താൻ പൂർണ്ണമായും ക്ഷമിച്ചുവെന്നും അവർക്ക് മാനസാന്തരമുണ്ടാകാനും ക്രിസ്തുവിലേക്ക് തിരിയാനുമായി പ്രാർഥിക്കുകയാണെന്നും ഇഖ്‌ലാഖ് മസീഹ് പറഞ്ഞു. ആ പെൺകുട്ടിക്കായി നിലകൊള്ളാനും ക്രിസ്തുവിലുള്ള എന്റെ സഹോദരിയെ സംരക്ഷിക്കാനും എന്നെ പ്രേരിപ്പിച്ചത് എന്റെ ക്രൈസ്തവ വിശ്വാസമാണ്,” മസീഹ് ഐ.സി.സി.യോട് (ICC) വ്യക്തമാക്കി.

ആഗസ്റ്റ് 16-നായിരുന്നു സംഭവം. പ്രദേശത്തെ ഒരു യുവതിയെ ഒരു സംഘം ആളുകൾ ചേർന്ന് ശല്യം ചെയ്യുന്നത് കണ്ട ഇഖ്‌ലാഖ്, അതിനെ ചോദ്യം ചെയ്യുകയും യുവതിയെ രക്ഷിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ അക്രമികൾ ഇഖ്‌ലാഖിന് നേരെ തിരിയുകയും മതപരമായ അധിക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ മാതാപിതാക്കൾ ഇഖ്‌ലാഖിനെ മർദിക്കരുതെന്ന് അക്രമികളോട് അപേക്ഷിച്ചെങ്കിലും അവരത് ചെവിക്കൊണ്ടില്ല. ഒടുവിൽ അബോധാവസ്ഥയിലായ ഇഖ്‌ലാഖിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ എട്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും മൂന്നുപേരെ പിന്നീട് ഒഴിവാക്കി. ബാക്കി അഞ്ചുപേർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

ഗുരുതരമായി പരിക്കേറ്റ ഇഖ്‌ലാഖ് നിലവിൽ പരിക്കുകളിൽ നിന്ന് പതുക്കെ മുക്തി നേടിവരികയാണ്. അക്രമികൾ തന്റെ കുടുംബത്തിന് നേരെ വധഭീഷണി തുടരുന്നതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി ഇഖ്‌ലാഖിനെ മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.