
‘ഹാലോവീൻ’ (Halloween) എന്നത് എല്ലാ വർഷവും ഒക്ടോബർ 31-ന് ലോകമെമ്പാടും, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ ആഘോഷിക്കുന്ന ഒരു വിശേഷ ദിവസമാണ്. മരണപ്പെട്ടവരുടെ ആത്മാക്കൾ ഈ ദിവസം വീടുകൾ സന്ദർശിക്കാൻ എത്തുമെന്നാണ് പഴയകാല വിശ്വാസം. ഇന്ന് ഇത്തരം ആഘോഷങ്ങൾ പൈശാചികതയിലേക്കും നിഷേധാത്മക തലത്തിലേക്കും മാറിയിരിക്കുന്നു. പഴയകാല പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട ഒരു ആചരണം ഇന്ന് തിന്മയിലേക്ക് നയിക്കുന്ന ‘അർഥമില്ലാത്ത ആഘോഷമായി’ മാറിയിരിക്കുന്നു.
ഹാലോവീൻ എന്ന പേരിന്റെ ഉദ്ഭവം ‘ഹാലോ’ (Hallow – വിശുദ്ധൻ), ‘ഈവിനിങ്’ (Evening – വൈകുന്നേരം) എന്നീ വാക്കുകളിൽ നിന്നാണ്. ‘ഓൾ ഹാലോസ് ഈവ്’ (All Hallows’ Eve) എന്നാണ് ഇതിന്റെ പൂർണ്ണരൂപം. പുരാതന കെൽറ്റിക് (Celtic) വിഭാഗക്കാരുടെ (സമാന ഭാഷയും സംസ്കാരവും പങ്കുവച്ചിരുന്ന വിവിധ ഗോത്രസമൂഹങ്ങളുടെ ഒരു കൂട്ടായ്മ) ‘സാംഹെയിൻ’ (Samhain) എന്ന ഉത്സവത്തിൽ നിന്നാണ് ഇതിന്റെ തുടക്കം.
കൊയ്ത്തുകാലം കഴിഞ്ഞ് തണുപ്പുകാലത്തിന്റെ ആരംഭത്തെയാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നത്. അന്നേ ദിവസം മരിച്ചവരുടെ ആത്മാക്കൾ ഭൂമിയിലേക്ക് തിരികെ വരുന്നു എന്നായിരുന്നു അവരുടെ വിശ്വാസം. ദുഷ്ടാത്മാക്കളിൽ നിന്നും രക്ഷപ്പെടാൻ ആളുകൾ മൃഗങ്ങളുടെ തോലും തലയും ഉപയോഗിച്ചുള്ള വിചിത്രമായ വേഷവിധാനങ്ങൾ ധരിക്കുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു.
എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ മാർപാപ്പ നവംബർ ഒന്നാം തിയതി ‘സകല വിശുദ്ധരുടെയും ദിനമായി’ (All Saints’ Day) പ്രഖ്യാപിച്ചു. അതിനു തലേദിവസമായ ഒക്ടോബർ 31 രാത്രി ‘ഓൾ ഹാലോസ് ഈവ്’ (All Hallows’ Eve) എന്നറിയപ്പെട്ടു. ഇതാണ് പിന്നീട് ചുരുങ്ങി ‘ഹാലോവീൻ’ എന്നായി മാറിയത്.
ഈ ദിവസത്തെ പ്രധാന ആചരണങ്ങൾ
ട്രിക്ക് ഓർ ട്രീറ്റ് (Trick or Treat)
കുട്ടികൾ പേടിപ്പെടുത്തുന്ന വേഷങ്ങൾ ധരിച്ച് അയൽപക്കത്തെ വീടുകളിൽ പോയി മിഠായികളോ സമ്മാനങ്ങളോ ചോദിക്കുന്ന രീതിയാണിത്.
കോസ്റ്റ്യൂമുകൾ: പ്രേതങ്ങൾ, അസ്ഥികൂടങ്ങൾ, വവ്വാലുകൾ, വിവിധ ഭീകര രൂപങ്ങൾ എന്നിവയുടെ വേഷം ധരിക്കുന്നു.
ജാക്ക്-ഒ-ലാന്തേർൺ (Jack-o’-lantern): മത്തങ്ങയോ മധുരക്കിഴങ്ങോ ഉള്ളുതുരന്ന് അതിൽ മുഖം കൊത്തിവച്ച് അകത്ത് വിളക്ക് തെളിക്കുന്ന രീതിയാണിത്. മതപരമായ പശ്ചാത്തലങ്ങൾക്കപ്പുറം, ആളുകൾക്ക് ഒത്തുചേരാനും തമാശകൾ പങ്കുവയ്ക്കാനും കുട്ടികൾക്ക് മധുരപലഹാരങ്ങൾ ശേഖരിക്കാനുള്ള ഒരു അവസരമാക്കി ഇത് ഹാലോവീനെ മാറ്റി.
കേരളത്തിലെ ഹാലോവീൻ ‘ആഘോഷ കാഴ്ചകൾ’
കേരളത്തിൽ പരമ്പരാഗതമായി ആഘോഷിക്കുന്ന ഒന്നല്ല ഹാലോവീൻ. എങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി ചില നഗരങ്ങളിലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാളുകളിലും ഇത് ആഘോഷിച്ചു തുടങ്ങിയിട്ടുണ്ട്. വലിയ മാളുകളിൽ ഡി.ജെ പാർട്ടികൾ, ഫേസ് പെയിന്റിംഗ്, കോസ്റ്റ്യൂം മത്സരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഹാലോവീൻ രാത്രികൾ സംഘടിപ്പിക്കാറുണ്ട്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്കായി ഹാലോവീൻ തീം പാർട്ടികൾ ഒരുക്കാറുണ്ട്. കുട്ടികൾ മന്ത്രവാദിനികൾ, അസ്ഥികൂടങ്ങൾ, സൂപ്പർഹീറോകൾ തുടങ്ങിയ വേഷങ്ങൾ ധരിച്ച് ഇതിൽ പങ്കെടുക്കുന്നു. പരമ്പരാഗതമായി കേരളത്തിൽ ഇത്തരം ആഘോഷങ്ങൾ ഇല്ലെങ്കിലും ആധുനിക സംസ്കാരത്തിന്റെ ഭാഗമായി കുട്ടികളും യുവജനങ്ങളും ഇത് ആഘോഷിച്ചു തുടങ്ങിയിട്ടുണ്ട്.
ഹാലോവീൻ ആഘോഷങ്ങൾ അതിരുവിടുമ്പോൾ
ഹാലോവീൻ ആഘോഷങ്ങൾക്ക് പലവിധത്തിലുള്ള വിനോദങ്ങളും സന്തോഷങ്ങളും ഉണ്ടെങ്കിലും, ഇതിന് വലിയ ദോഷവശങ്ങളും സാമൂഹിക-സാംസ്കാരിക വിമർശനങ്ങളും നിലവിലുണ്ട്. ഹാലോവീൻ ആഘോഷങ്ങൾ നിഷേധാത്മകതയേയും അന്ധവിശ്വാസങ്ങളെയും മഹത്വവൽക്കരിക്കുന്നു എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. പ്രേതങ്ങൾ, മരണം, പൈശാചിക സങ്കല്പങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പല ഹാലോവീൻ വേഷവിധാനങ്ങളും തീമുകളും ഒരുക്കുന്നത്. ഇത് പ്രത്യേകിച്ച് കുട്ടികളിൽ അനാവശ്യമായ ഭയവും അന്ധവിശ്വാസങ്ങളും വളർത്താൻ ഇടയാക്കും എന്നത് തീർച്ചയാണ്.
ഇത്തരം ആഘോഷങ്ങളുടെ ഭാഗമായി ചിലയിടങ്ങളിൽ ഈ ദിവസങ്ങളിൽ വസ്തുവകകൾ നശിപ്പിക്കുക, അനാവശ്യമായ ബഹളങ്ങൾ ഉണ്ടാക്കുക, അക്രമ സംഭവങ്ങളിൽ ഏർപ്പെടുക തുടങ്ങിയ പ്രവണതകൾ ഉണ്ടാകുന്നുണ്ട്. ഹാലോവീൻ വേഷങ്ങൾ, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കൾ എന്നിവയ്ക്കായി ആളുകൾ വലിയ തുകയാണ് മുടക്കുന്നത്. ആഘോഷം കഴിഞ്ഞാൽ ഇവയെല്ലാം വലിയ തോതിൽ വലിച്ചെറിയപ്പെടുകയും, ഇത് പരിസ്ഥിതിക്ക് വലിയ തോതിൽ പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യ ഭീഷണി ഉയർത്തുകയും ചെയ്യുന്നു.
പലക്രൈസ്തവ സഭകളും മറ്റ് മതവിഭാഗങ്ങളും ഹാലോവീൻ ആഘോഷങ്ങളെ എതിർക്കാറുണ്ട്. പൈശാചികതയ്ക്കും അന്ധവിശ്വാസങ്ങൾക്കും പ്രാധാന്യം നൽകുന്ന ഇത്തരം ആചാരങ്ങൾ മതപരമായ പല മൂല്യങ്ങൾക്കും എതിരാകുന്ന തലത്തിലേക്ക് ഇന്ന് മാറിയിരിക്കുന്നു എന്നതാണ് അതിന്റെ കാരണം.
അതിനാൽ ആഘോഷങ്ങൾ നമ്മെ തിന്മയിലേക്ക് നയിക്കാതിരിക്കട്ടെ. ക്രിസ്തുവിൽ നിന്ന് നമ്മെ അകറ്റുന്ന ഒന്നും നമുക്കിടയിൽ സംഭവിക്കാതിരിക്കട്ടെ.




