ഇസ്ലാമിക വസ്ത്രം ധരിക്കാൻ നിർബന്ധിതരായി അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യൻ സ്ത്രീകൾ

അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യൻ സ്ത്രീകളെ ഇസ്ലാമിക വസ്ത്രം ധരിക്കാൻ നിർബന്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച മുതൽ കർശനമായ വസ്ത്രധാരണരീതി പാലിക്കാത്ത സ്ത്രീകൾക്കെതിരെ താലിബാൻ മന്ത്രാലയം കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. കാബൂളിലെ തെരുവുകളിൽ ഡസൻ കണക്കിന് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും അജ്ഞാത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നത് തുടരുമെന്ന് മന്ത്രാലയത്തിന്റെ വക്താവ് സ്ത്രീകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വിദ്യാഭ്യാസം, ജോലി, യാത്ര, ആരോഗ്യ സംരക്ഷണം എന്നിവയിലെ നിയന്ത്രണങ്ങൾ ഉൾപ്പെടെ, അഫ്ഗാൻ സ്ത്രീകളും പെൺകുട്ടികളും ഇതിനകം നേരിടുന്ന നിരവധി നിയന്ത്രണങ്ങൾക്ക് പുറമെയാണ് വസ്ത്രധാരണത്തിലും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. അഫ്ഗാനിസ്ഥാനിൽ ഒരു ക്രിസ്ത്യൻ സ്ത്രീയായി ജീവിച്ചാൽ വധശിക്ഷപോലും ഏൽക്കേണ്ടി വരുന്ന അവസ്ഥയാണ് താലിബാൻ ഭരണത്തിന് കീഴിൽ നടക്കുന്നത്.

2021 ഓഗസ്റ്റിൽ തീവ്രവാദി സംഘം രാജ്യത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം, താലിബാൻ ഉദ്യോഗസ്ഥർ സ്ത്രീകൾക്ക് കർശനമായ ഇസ്ലാമിക് ഡ്രസ് കോഡാണ് നൽകിയിരിക്കുന്നത്. പൊതുസ്ഥലത്ത് കണ്ണുകൾ മാത്രമേ വെളിപ്പെടുത്തുവാൻ അവർക്ക് അനുവാദമുള്ളൂ. ഇത് സ്ത്രീകളുടേയും പെൺകുട്ടികളുടേയും അവകാശങ്ങൾക്ക് മേലുള്ള കടുത്ത ലംഘനമാണ്.

അഫ്ഗാനിസ്ഥാനിൽ 8000 ത്തോളം ആളുകൾ ക്രൈസ്തവരാണെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കണക്കാക്കുന്നത്. താലിബാൻ ഭരണത്തെ തുടർന്ന് ക്രിസ്ത്യാനികൾ ഒളിവിൽ പോകുകയോ അയൽരാജ്യങ്ങളിലേക്ക് നിർബന്ധിതമായി കുടിയിറക്കപ്പെടുകയോ ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.