പെറുവിലെ അനാഥരായ കുട്ടികളെ സഹായിക്കാൻ സ്വിസ് ദേശീയ ടീമിലെ ക്രിസ്ത്യൻ താരം

കാമറൂണിൽ ജനിച്ച, സ്വിറ്റ്സർലണ്ടിലെ ഫുട്ബോൾ കളിക്കാരനാണ് ക്രൈസ്തവനായ ബ്രെൽ എംബോളോ. ഖത്തർ ലോകകപ്പിൽ രണ്ട് ഗോളുകൾ നേടിയ കായികതാരം കൂടിയാണ് അദ്ദേഹം. പെറുവിലെ രണ്ട് അനാഥാലയങ്ങൾക്ക് സഹായം നൽകാൻ ഒരു ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ചിരിക്കുകയാണ് എംബോളോ.

‘എംബോലോ ഫൗണ്ടേഷൻ’ എന്നാണ് ഈ സന്നദ്ധസംഘടനയുടെ പേര്. ഒക്ടോബറിൽ പെറുവിന്റെ തലസ്ഥാനമായ ലിമയിലെ ഒരു കത്തോലിക്കാ ഇടവകയെ സഹായിക്കുന്നതിനായി പുതിയ പ്രോജക്ടും അദ്ദേഹം ആരംഭിച്ചുകഴിഞ്ഞു. ലിമയുടെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്രിസ്ത്യൻ അനാഥാലയത്തിലേക്ക് സംഭാവനകൾ അയയ്ക്കുകയും കുട്ടികളുടെ ആവശ്യങ്ങൾക്കായുള്ള സഹായം നൽകുന്നതിന് ഒരു വിഹിതം നൽകുകയും ചെയ്തു.

18-ഓളം പെൺകുട്ടികളെ പാർപ്പിക്കുന്ന മറ്റൊരു അനാഥാലയം തെക്കൻ പെറുവിലെ ഹുവാങ്കയോ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. നല്ല സ്കൂൾ വിദ്യാഭ്യാസം നേടാനും ദാരിദ്ര്യത്തിൽ നിന്ന് കരകയറാനുമുള്ള സഹായം അദ്ദേഹം നൽകിവരുന്നു. എംബോളോ ഫൗണ്ടേഷൻ ഒരു സ്പോൺസർഷിപ്പിലൂടെ സ്ഥിരമായി പിന്തുണക്കുകയും പെൺകുട്ടികൾക്കായി വസ്ത്രങ്ങളും ഷൂകളും നൽകുകയും ചെയ്യുന്നു.

“തെരുവിൽ കഴിയുന്ന അനാഥരായ ധാരാളം കുട്ടികളുണ്ട്. പെറുവിലെ പള്ളികൾക്ക് ഭരണകൂടത്തിന്റെ പിന്തുണയില്ല. ചുറ്റുമതിലുകളാൽ ചുറ്റപ്പെട്ട 4,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പള്ളി നിലകൊള്ളുന്നത്. ദരിദ്രരായ കുട്ടികൾക്ക് എല്ലാ ദിവസവും ചൂടുള്ള ഭക്ഷണം ലഭിക്കണം” – അതാണ് തന്റെ ലക്ഷ്യമെന്ന് ബ്രെൽ എംബോളോ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.