
ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം തടവിലാക്കിയിരുന്ന പ്രമുഖ ഭൂഗർഭ (അൺരജിസ്റ്റേർഡ്) സഭയുടെ പാസ്റ്റർ എസ്ര ജിൻ മിൻഗ്രി മോചിതനായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തിയ നേരിട്ടുള്ള ചർച്ചകളെയും നയതന്ത്ര ഇടപെടലുകളെയും തുടർന്നാണ് മോചനം സാധ്യമായത്. 250-ലധികം ദിവസത്തെ തടങ്കൽവാസത്തിന് ശേഷം മോചിതനായ പാസ്റ്റർ ജിൻ, ജൂലൈ മൂന്നിന് ലോസ് ആഞ്ചലസിൽ എത്തി അമേരിക്കയിലുള്ള തന്റെ കുടുംബവുമായി വീണ്ടും ഒന്നിച്ചു.
ചൈനയിലെ ഏറ്റവും വലിയ സ്വതന്ത്ര പ്രൊട്ടസ്റ്റന്റ് സഭകളിലൊന്നായ ‘സീയോൻ ചർച്ചിന്റെ’ സ്ഥാപകനാണ് പാസ്റ്റർ എസ്ര ജിൻ. അംഗീകൃത സഭകൾക്ക് മാത്രം അനുമതിയുള്ള ചൈനയിൽ, സർക്കാരിന്റെ കർശന നിയന്ത്രണങ്ങൾക്ക് വഴങ്ങാത്തതിനെ തുടർന്ന് 2018-ലാണ് സീയോൻ ചർച്ചിന്റെ ബീജിംഗിലെ ഓഫീസ് അധികൃതർ അടപ്പിച്ചത്. തുടർന്ന് ഓൺലൈൻ വഴി പ്രവർത്തനം ശക്തമാക്കിയ സഭയിൽ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കാളികളായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം (2025) ഒക്ടോബറിൽ ചൈനീസ് ഭരണകൂടം രാജ്യവ്യാപകമായി നടത്തിയ കടുത്ത അടിച്ചമർത്തലിന്റെ ഭാഗമായി പാസ്റ്റർ ജിൻ ഉൾപ്പെടെ മുപ്പതോളം സഭാ നേതാക്കളെയും വിശ്വാസികളെയും സുരക്ഷാസേന അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ ബീജിംഗിൽ നടന്ന ഉഭയകക്ഷി ഉച്ചകോടിക്കിടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാസ്റ്റർ ജിന്നിന്റെ തടങ്കൽ വിഷയം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പാസ്റ്ററുടെ മോചനത്തെക്കുറിച്ച് അനുകൂലമായി ചിന്തിക്കാമെന്ന് ഷി ജിൻപിംഗ് അന്ന് ട്രംപിന് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചൈനീസ് ഭരണകൂടം എടുത്ത ദ്രുതഗതിയിലുള്ള തീരുമാനമാണ് ഇപ്പോൾ മോചനത്തിലേക്ക് നയിച്ചത്.
അതേസമയം, പാസ്റ്റർ ജിൻ മോചിതനായെങ്കിലും സീയോൻ ചർച്ചിലെ മറ്റ് എട്ടോളം അംഗങ്ങൾ ഇപ്പോഴും ചൈനയിൽ തടവിൽ തുടരുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ഇവരെക്കൂടി എത്രയും വേഗം മോചിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ചൈനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ക്രിസ്ത്യൻ അവകാശ സംരക്ഷണ സംഘടനയായ ‘ചൈന എയ്ഡ്’ (ChinaAid) ആവശ്യപ്പെട്ടു.




