
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ (CAR) നടന്ന സായുധ ആക്രമണത്തിൽ കത്തോലിക്കാ വൈദികൻ വെടിയേറ്റു മരിച്ചതിനു പിന്നാലെ രാജ്യത്തെ സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ‘ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ്’ (CSW). ജൂൺ 29 ന് വൈദികമന്ദിരത്തിലേക്ക് മടങ്ങുന്നതിനിടെ വെടിയേറ്റു മരിച്ച ബംഗാസു രൂപതയിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സെമിയോ ഇടവക അസിസ്റ്റന്റ് വികാരി ഫാ. ക്രെപിൻ മാർഷൽ മോംഗയുടെ കൊലപാതകത്തെ സി എസ് ഡബ്ല്യു സ്ഥാപക പ്രസിഡന്റ് മെർവിൻ തോമസ് ശക്തമായി അപലപിച്ചു.
“ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയുമായി ചേർന്ന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിക്കൊണ്ട് ആം ഡാഫോക്കിലെ (Am Dafock) എല്ലാ സിവിലിയന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് സർക്കാരിനോട് ആവശ്യപ്പെടുന്നു. ഫാ. ക്രെപിൻ മാർഷൽ മോംഗയുടെ കുടുംബാംഗങ്ങളുടെയും ഇടവകയുടെയും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ കത്തോലിക്കാ സമൂഹത്തിന്റെയും ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു. ഈ മരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താനും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അധികാരികൾ തയ്യാറാകണം” – തോമസ് റിപ്പോർട്ടിൽ പറയുന്നു.
ദുഃഖാചരണത്തിന്റെ ഈ വേളയിൽ ഈ മേഖലയിലേക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ അയയ്ക്കണമെന്നും സെമിയോയിലെ സമൂഹങ്ങൾക്കിടയിൽ സമാധാനവും സൗഹാർദവും കൊണ്ടുവരാൻ ഫാ. മോംഗോ നടത്തിയിരുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും അധികാരികളോട് ആവശ്യപ്പെടുന്നതായും തോമസ് വ്യക്തമാക്കി. പ്രാദേശിക-രൂപതാ സ്രോതസ്സുകൾ നൽകുന്ന വിവരമനുസരിച്ച്, സെൻട്രൽ ആഫ്രിക്കൻ സായുധസേനയുടെ (FACA) ചെക്ക്‌പോസ്റ്റിനെയും വൈദികമന്ദിരത്തെയും ബന്ധിപ്പിക്കുന്ന റോഡിൽ വച്ച് വൈകുന്നേരം 6:43 ഓടെയായിരുന്നു ആക്രമണം.
തലയ്ക്ക് വെടിയേറ്റ വൈദികൻ സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് വിവരം. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന ഇടവകാംഗമായ ഒരു സ്ത്രീയുടെ കഴുത്തിനും വെടിയേറ്റിട്ടുണ്ട്. ഇവരെ ഉടൻതന്നെ സെമിയോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇവരുടെ നില ഗുരുതരമാണെന്നും മികച്ച സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നേക്കാമെന്നും മെഡിക്കൽസംഘം അറിയിച്ചു.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല; പ്രതികളെ തിരിച്ചറിഞ്ഞിട്ടുമില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.




