
ജൂലൈ ഏഴിനാണ് നാസികളിൽ നിന്ന് യഹൂദരെ രക്ഷപെടാൻ സഹായിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട ഉൽമ കുടുംബത്തിന്റെ തിരുനാൾ ദിനം. സെപ്റ്റംബർ പത്തിനാണ് ഗർഭസ്ഥശിശു അടക്കം ഉൽമ കുടുംബത്തെ മുഴുവനും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്. കൊലചെയ്യപ്പെടുമ്പോൾ അമ്മയുടെ ഉദരത്തിലുണ്ടായിരുന്ന ശിശു ഉൾപ്പെടെ കുടുംബം മുഴുവനും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നത് കത്തോലിക്കാ സഭയിൽ ആദ്യ സംഭവമാണ്.
1944 മാർച്ച് 24 -ന് നാസി പൊലീസ് സംഘം പോളണ്ടിലെ പ്രാന്തപ്രദേശമായ മർക്കോർവയിലുള്ള അവരുടെ വീട് വളയുകയും ഉൽമാ കുടുംബത്തിന്റെ കൃഷിയിടത്തിൽ അഭയംതേടിയിരുന്ന എട്ട് യഹൂദരെ കണ്ടെത്തുകയുമായിരുന്നു. അവരെ വധിച്ചശേഷം നാസി പൊലീസുകാർ, ഏഴുമാസം ഗർഭിണിയായിരുന്ന വിക്റ്റോറിയയെയും യോസെഫിനെയും വധിച്ചു. തങ്ങളുടെ മാതാപിതാക്കളെ വധിച്ചതുകണ്ട കുട്ടികൾ മുറവിളിയിടാൻ തുടങ്ങിയതോടെ സ്റ്റാനിസ്ലാവ (8), ബാർബര (7), വ്ലാഡിസ്ലാവ് (6), ഫ്രാൻസിസെസ്ക് (4) ആൻതോണി (3), മരിയ (2) എന്നിവരേയും വെടിവച്ചു കൊലപ്പെടുത്തി. നാസികളാൽ കൊലചെയ്യപ്പെട്ട യഹൂദരുടെ സ്മരണാർഥം നിർമ്മിച്ചിരിക്കുന്ന വേൾഡ് ഹോളോകോസ്റ്റ് റിമംബറൻസ് സെന്റർ ഉൽമ കുടുംബത്തെ തങ്ങളുടെ ജീവത്യാഗത്തിന്റെ പേരിൽ ‘രാഷ്ട്രങ്ങളിലെ നീതിമാന്മാർ’ എന്നപേരിലാണ് ആദരിക്കുന്നത്.




