പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; അനാസ്ഥ തുടർന്ന് പോലീസ്

പാക്കിസ്ഥാനിൽ, സൈറ എന്നറിയപ്പെടുന്ന സിത്താര ആരിഫിനെ ഡിസംബർ 15 -ന് ഫൈസലാബാദിലെ യൂസഫബാദ് ഏരിയയിൽ നിന്ന് ഇസ്ലാം മതവിശ്വാസിയായ റാണ തയ്യബ് എന്ന 60 വയസുകാരൻ തട്ടിക്കൊണ്ടു പോയി. ആ പെൺകുട്ടിയെ ഇദ്ദേഹം നിർബന്ധിച്ച് വിവാഹം ചെയ്യുകയും മതം മാറ്റുകയും ചെയ്തു. സംഭത്തെ തുടർന്ന്  പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായില്ല. രണ്ട് മാസങ്ങൾക്കു ശേഷമാണ് പാക്കിസ്ഥാൻ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത്.

തന്റെ മകളെ കണ്ടെത്തുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി പെൺകുട്ടിയുടെ പിതാവ് ആരിഫ് ഗിൽ പറഞ്ഞു. ഒരു മുസ്ലീം സർക്കാർ സ്‌കൂൾ പ്രിൻസിപ്പലായ നൈല അംബ്രീൻ എന്ന സ്ത്രീയുടെ വീട്ടിലാണ് സൈറ ജോലി ചെയ്തിരുന്നത്. നൈലയുടെ ഭർത്താവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ച തയ്യബ്. “എന്റെ മകളെ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട് ചെയ്യാൻ ഞാൻ പോലീസ് സ്റ്റേഷനിൽ പോയി. പക്ഷേ, അവർ എന്റെ പരാതി സ്വീകരിക്കാൻ വിസമ്മതിക്കുകയും എന്നെ കെട്ടിടത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തയ്യബിനെതിരെ കേസെടുക്കാൻ ഞാൻ അവരോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. പക്ഷേ, പോലീസ് എന്റെ അപേക്ഷ അവഗണിക്കുകയായിരുന്നു. നൈല ഒരു സർക്കാർ ജീവനക്കാരിയാണ്. അവർക്കും അവരുടെ ഭർത്താവിനും പോലീസിൽ കാര്യമായ സ്വാധീനമുണ്ട്. അതിനാലാണ് അവർ എന്റെ അപേക്ഷ നിരസിച്ചത്” – സിത്താരയുടെ പിതാവ് ഗിൽ പറയുന്നു. അദ്ദേഹം ശാരീരികവൈകല്യമുള്ള വ്യക്തിയാണ്.

പോലീസിൽ പരാതി കൊടുത്തിട്ട് യാതൊരു ഫലവുമില്ലെന്ന് ആ കുടുംബത്തിന് മനസിലായി. മകളെ കാണാൻ പോലും സാധിക്കാത്ത അവസ്ഥ ആ കുടുംബത്തെ സംബന്ധിച്ച് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഈ സംഭവം നടന്നതു മുതൽ ഗില്ലിന്റെ കുടുംബം കടുത്ത വേദനയിലൂടെയും കഷ്ടപ്പാടിലൂടെയുമാണ് കടന്നുപോകുന്നത്. ദാരിദ്ര്യം മൂലമാണ് തങ്ങളുടെ മകളെ ഒരു വീട്ടിൽ ജോലിക്ക് അയക്കേണ്ട അവസ്ഥ വന്നതെന്നും ഗിൽ പറയുന്നു. ഗില്ലിന്റെ മക്കളിൽ മൂത്തവളാണ് സിതാര.

ഗില്ലിന്റെ അഭിഭാഷകനും മൈനോറിറ്റീസ് അലയൻസ് പാക്കിസ്ഥാൻ ചെയർമാനുമായ അറ്റോർണി അക്മൽ ഭാട്ടി, ഫെബ്രുവരി 3 -ന് ഗില്ലിന് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അറിയുകയും ഉടൻ തന്നെ കുടുംബത്തെ ഫൈസലാബാദിന്റെ റീജിയണൽ പോലീസ് ചീഫിനെ കാണാൻ സൗകര്യം ഒരുക്കുകയും ചെയ്തു. പോലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനം, വിവാഹം എന്നിവക്കെതിരെ കേസെടുക്കാനും നടപടി സ്വീകരിക്കാനും പോലീസ് കാലതാമസം വരുത്തുന്നത് പതിവ് കാഴ്ചയായി മാറുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.