നെതർലാൻഡ്‌സിൽ 12 വയസ്സിൽ താഴെയുള്ള കുട്ടിക്ക് ദയാവധം

നെതർലാൻഡ്‌സിൽ 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് നിയമപരമായി ദയാവധം നൽകിയതായി റിപ്പോർട്ട്. 2025 – ന്റെ അവസാനത്തിലാണ് ഗുരുതരമായ രോഗബാധിതനായ കുട്ടിക്ക് ദയാവധം നൽകിയത്. ഡച്ച് ആരോഗ്യമന്ത്രി സോഫി ഹെർമൻസ് പാർലമെന്റിൽ സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്.

​കുട്ടിയുടെ പ്രായം, ലിംഗഭേദം, രോഗവിവരം എന്നിവ പുറത്തുവിട്ടിട്ടില്ല. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ദയവധം അനുവദിച്ചുകൊണ്ട് 2024 – ൽ നെതർലാൻഡ്‌സ് നിയമം പരിഷ്‌കരിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ സംഭവമാണിത്. ഇതോടെ ബെൽജിയത്തിന് ശേഷം ഈ പ്രായത്തിലുള്ള കുട്ടിക്ക് ദയാവധം നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി നെതർലാൻഡ്‌സ് മാറി.

മാറാരോഗം ബാധിച്ചതും, അസഹനീയമായ വേദന അനുഭവിക്കുന്നതുമായ, ഭേദമാകാൻ ഒരു സാധ്യതയുമില്ലാത്ത കുട്ടികൾക്ക് മാത്രമേ പുതിയ നിയമപ്രകാരം ദയാവധം അനുവദിക്കൂ. ഇതിനായി മാതാപിതാക്കളുടെ പൂർണ്ണ സമ്മതം വേണം. കൂടാതെ കുട്ടിയുടെ താല്പര്യത്തിന് വിരുദ്ധമല്ലിതെന്ന് ഡോക്ടർ ഉറപ്പുവരുത്തുകയും വേണം. ​ഡോക്ടർമാർ നിയമങ്ങൾ പൂർണ്ണമായും പാലിച്ചോ എന്ന് പരിശോധിക്കാൻ ഈ കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷൻ സർവീസിന്റെ നിരീക്ഷണത്തിലാണ്.

പ്രായപൂർത്തിയാകാത്ത സ്വന്തമായി തീരുമാനമെടുക്കാൻ ശേഷിയില്ലാത്ത ഒരു കുട്ടിക്ക് മരണത്തിലേക്ക് പോകാൻ അനുമതി നൽകിയത് ശരിയല്ലെന്ന് കാണിച്ച് കാത്തലിക് ബിഷപ്പ് കോൺഫറൻസും പ്രോ – ലൈഫ് പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് കൂടുതൽ ദയാവധങ്ങളിലേക്ക് നയിക്കുന്ന അപകടകരമായ പ്രവണതയാണെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.