
ശ്വാസകോശ ശസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയിൽ വിശ്രമിക്കുന്ന മാർപാപ്പയ്ക്ക് ആശംസകളുമായി ചിക്കാഗോയിലെ കത്തോലിക്കാ സ്കൂൾ വിദ്യാർഥികൾ ‘കെയർ പാക്കേജ്’ തയ്യാറാക്കുന്നു. മാർപാപ്പയുടെ ജന്മനാടായ ചിക്കാഗോയിലെ ‘ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ അക്കാദമി’യിലെ വിദ്യാർഥികളാണ് ഇവർ. ‘പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’ എന്ന സന്ദേശമടങ്ങിയ കാർഡുകളും ഒരു ചിക്കാഗോ വൈറ്റ് സോക്സ് പുതപ്പും ഉൾപ്പെടെയുള്ള സാധനങ്ങളും മാർപാപ്പയ്ക്ക് അയയ്ക്കാൻ ഇവർ തയ്യാറെടുക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാർപാപ്പയുടെ പേരിൽ രൂപീകരിച്ച ‘ടീം 14’ എന്ന കൂട്ടായ്മയിലെ ഏകദേശം 40 വിദ്യാർഥികളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഇതിനു പുറമെ, പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള ഭക്ഷണശേഖരണങ്ങൾ ഉൾപ്പെടെയുള്ള പ്രതിമാസ പ്രാർഥനകളും ജീവകാരുണ്യ പ്രവർത്തനങ്ങളും ഇവർ സംഘടിപ്പിച്ചുവരുന്നുണ്ട്.
ഒക്ടോബർ 13 ന് ജെമെല്ലി ആശുപത്രിയിൽ വച്ചായിരുന്നു മാർപാപ്പയുടെ ശസ്ത്രക്രിയ നടത്തിയത്. മാർപാപ്പയ്ക്ക് നിശ്ചിത രക്തപരിശോധനകളും നെഞ്ചിലെ എക്സ്-റേയും നടത്തിയതായും, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പാപ്പയുടെ ആരോഗ്യനില പുരോഗമിക്കുന്നതായും വത്തിക്കാൻ പ്രസ്സ് ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.




