ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഒക്ടോബർ 15

കുപ്രസിദ്ധ ചാരസുന്ദരി മാതാ ഹരിയുടെ മരണശിക്ഷ നടപ്പാക്കിയത് 1917 ഒക്ടോബർ 15 നായിരുന്നു. മാർഗരീറ്റ എന്നായിരുന്നു അവരുടെ ശരിയായ പേര്. പതിനെട്ടാം വയസ്സിൽ ഡച്ച് കൊളോണിയൽ ക്യാപ്റ്റനായിരുന്ന റുഡോൾഫ് മക്ലോയിഡിനെ വിവാഹം കഴിച്ച് അവർ ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലെത്തി. ദുരിതങ്ങൾ മാത്രം സമ്മാനിച്ച ആ വിവാഹബന്ധം അവസാനിപ്പിച്ച മാർഗരീറ്റ, ഇന്തോനേഷ്യൻ കലകൾ അഭ്യസിക്കുകയും തനത് നൃത്തരൂപങ്ങളിൽ പ്രാഗത്ഭ്യം നേടുകയും ചെയ്തതോടെ മാതാ ഹരി എന്ന പുതിയ പേര് സ്വീകരിച്ചു. തന്റെ സൗന്ദര്യത്താൽ ഒരു ഡാൻസിംഗ് സെൻസേഷനായി മാറിയ മാതാ ഹരി നിരവധി ഉന്നതരുമായി ബന്ധം സ്ഥാപിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ ബന്ധങ്ങളുപയോഗിച്ച് ചാരവൃത്തി നടത്തിയതിന് ഫ്രഞ്ച് രഹസ്യപൊലീസിന്റെ പിടിയിലായ മാതാ ഹരിയെ, കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് മജിസ്ട്രേറ്റ് വധശിക്ഷയ്ക്കു വിധിച്ചു. 1917 ഒക്ടോബർ 15 ന് ഫയറിംഗ് സ്ക്വാഡ് അവരുടെ വധശിക്ഷ നടപ്പാക്കി.

1932 ഒക്ടോബർ 15 നാണ് ഇന്ത്യയിലെ ആദ്യ വ്യാവസായിക വിമാന സർവീസ് ആരംഭിച്ചത്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയായിരുന്നു സർവീസിന് തുടക്കം കുറിച്ചത്. സർക്കാർ, പൊതുമേഖലാ സ്ഥാപനമായി ഏറ്റെടുത്ത്, എയർ ഇന്ത്യ എന്ന് പേര് മാറ്റുന്നതുവരെ ടാറ്റ എയർലൈൻസ് എന്നായിരുന്നു കമ്പനിയുടെ പേര്. കറാച്ചിയിൽ നിന്ന് അഹമ്മദാബാദ് വഴി ബോംബെയ്ക്കായിരുന്നു ആദ്യ സർവീസ്. സർവീസ് നടത്തിയ സിംഗിൾ എഞ്ചിൻ എയർക്രാഫ്റ്റിൽ 25 കിലോ എയർമെയിൽ കത്തുകളായിരുന്നു ഉണ്ടായിരുന്നത്. ജെആർഡി ടാറ്റ തന്നെയാണ് ആദ്യ വിമാനം നിയന്ത്രിച്ചത്. ഇന്ത്യയിലെ ആദ്യ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയതും അദ്ദേഹം തന്നെയായിരുന്നു.

ത്രിപുര സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായത് 1949 ഒക്ടോബർ 15 നായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജ്യമായിരുന്ന ത്രിപുര മാണിക്യവംശത്തിൽപ്പെട്ട രാജാക്കന്മാരുടെ ഭരണത്തിൻകീഴിലായിരുന്നു. ത്രിപുരയുടെ രാജകീയ നാൾവഴിയായ രാജമാലയിലെ സൂചനകൾപ്രകാരം ഇന്ത്യയുടെ ഭാഗമാകുന്നതുവരെ, 184 രാജാക്കന്മാർ ത്രിപുര ഭരിച്ചിട്ടുണ്ട്. ഇന്ത്യൻ ഏകീകരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ ഭാഗമായി മാറിയെങ്കിലും സി കാറ്റഗറി സ്റ്റേറ്റ് പദവിയാണ് പ്രദേശത്തിന് ആദ്യം ലഭിച്ചത്. 1956 നവംബർ 1ഒന്നിന് ത്രിപുര കേന്ദ്രഭരണപ്രദേശമായി മാറി. തുടർന്ന് ജനങ്ങൾ നടത്തിയ നിരവധി പ്രക്ഷോഭങ്ങളുടെ ഫലമായാണ് 1972 ജനുവരി 21 ന് ത്രിപുരയ്ക്ക് നോർത്ത് ഈസ്റ്റ് റീ-ഓർഗനൈസേഷൻ നിയമപ്രകാരം സംസ്ഥാനപദവി ലഭിക്കുന്നത്.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.