ഞായർ പ്രസംഗം: ഏലിയാ-സ്ലീവാ-മൂശാക്കാലം എട്ടാം ഞായര്‍ ഒക്ടോബർ 18, ലൂക്കാ 21: 20-28 യേശുക്രിസ്തുവില്‍ പ്രത്യാശ ഉള്ളവരായിരിക്കുക

“പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. എന്തെന്നാല്‍, നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിനാല്‍ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചെരിയപ്പെട്ടിരിക്കുന്നു” (റോമ 5:5).

ഈശോമിശിഹായില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ വൈദികരേ, സന്ന്യസ്തരേ, മാതാപിതാക്കളേ, സ്‌നേഹമുള്ള കുഞ്ഞുങ്ങളേ, ഇന്ന് നാം വായിച്ചുകേട്ട നാല് വായനകളും നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്, “ദൈവം നീതിമാനായ ന്യായാധിപന്‍ മാത്രമല്ല, പിന്നെയോ തന്റെ ജനത്തെ രക്ഷിക്കുന്ന സ്‌നേഹമുള്ള പിതാവ് കൂടിയാണ്” എന്ന്. നമുക്കറിയാം, മനുഷ്യന്‍ പാപം ചെയ്യുമ്പോള്‍ ദൈവം അവരെ പലരീതിയില്‍ തിരുത്തുന്നതായി നമുക്ക് കാണാന്‍ സാധിക്കും. തന്റെ മക്കള്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ ദൈവം അവരെ താങ്ങുന്നതായും നമുക്ക് കാണാം. അതു പോലെ, ഇനി ആര്‍ക്കും എന്നെ സഹായിക്കാന്‍ സാധിക്കില്ല എന്ന് നമ്മള്‍ ചിന്തിക്കുന്ന അവസ്ഥയിലും പ്രത്യാശയുടെ വെളിച്ചം ദൈവം നമുക്ക് പകര്‍ന്നുതരുന്നതായിട്ടും നമുക്ക് കാണാന്‍ സാധിക്കും. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന രോഗങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍, കുടുംബപ്രശ്‌നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ബന്ധങ്ങളിലെ തകര്‍ച്ചകള്‍ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയുണ്ടാകാം. എന്നാല്‍, ഈ സാഹചര്യങ്ങളാന്നും തന്നെ ദൈവത്തിന്റെ സ്‌നേഹത്തേക്കാള്‍ വലുതല്ല.

ഒന്നാമത്തെ വായനയില്‍ നമുക്ക് കാണാം, പാപം നിറഞ്ഞ നഗരങ്ങള്‍ ദൈവത്തിന്റെ നീതിവിധിക്ക് വിധേയമായി. ആ നാശത്തിനിടയിലും ലോത്തിനോടുള്ള ദൈവത്തിന്റെ കരുണ വെളിപ്പെടുന്നു. ഉല്‍പ. 19:29 ല്‍ പറയുന്നു, ദൈവം ആ നഗരങ്ങളെ നശിപ്പിച്ചപ്പോള്‍ അബ്രാഹത്തെ ഓര്‍ക്കുകയും ലോത്തിനെ നാശത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു. ദൈവം തന്റെ വാഗ്ദാനങ്ങള്‍ മറക്കുന്നില്ല. അവിടുന്ന് തന്റെ കരുണയില്‍ വിശ്വസ്തനാണ്. നമ്മുടെ ജീവിതത്തിലും പാപകരമായ സാഹചര്യങ്ങളുണ്ടാകാം, അവിടെയെല്ലാം ദൈവത്തില്‍ ആശ്രയിച്ചാല്‍ അവിടുന്ന് നമ്മെ ഉപേക്ഷിക്കുകയില്ല എന്ന് ഒന്നാമത്തെ വായന നമ്മോട് പറയുന്നു.

രണ്ടാമത്തെ വായനയില്‍ കര്‍ത്താവിന്റെ ദിനത്തെക്കുറിച്ചാണ് പ്രവാചകന്‍ പറയുന്നത്. ദുഷ്ടതയ്ക്ക് അവസാനമുണ്ടാകുമെന്നും ദൈവത്തെ ഭയപ്പെടുന്നവര്‍ക്ക് നീതിയുടെ സൂര്യന്‍ ഉദിക്കുമെന്നും പ്രവാചകന്‍ പറയുന്നു. നമ്മുടെ ജീവിതത്തില്‍ അനീതിയും അസത്യവും സ്വാര്‍ഥതയും വര്‍ധിക്കുന്നതായി തോന്നാം, നന്മ ചെയ്യുന്നവര്‍ അവഗണിക്കപ്പെടുകയും തിന്മ ചെയ്യുന്നവര്‍ വിജയിക്കുകയും ചെയ്യുന്നതായും ചിലപ്പോള്‍ കാണാന്‍ സാധിക്കും. അപ്പോള്‍ നമ്മുടെ മനസ്സില്‍ ഒരു ചോദ്യമുയരും – നീതി എവിടെയാണ്?

വി. ഫ്രാന്‍സിസ് അസീസി തന്റെ ജീവിതത്തിലൂടെ ദാരിദ്രവും ലാളിത്യവും സ്‌നേഹവും സേവനവും തിരഞ്ഞെടുത്തു. സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും പിന്നാലെ ഓടുന്നതിനു പകരം ക്രിസ്തുവിനെ അനുകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വി. ഫ്രാന്‍സിസിന്റെ ജീവിതം നമ്മോട് ചോദിക്കുന്നു: ”ക്രിസ്തു ഇന്ന് എന്റെ ജീവിതത്തില്‍ വന്നാല്‍ അവിടുത്തെ സ്വീകരിക്കാന്‍ എന്റെയും നിന്റെയും ഹൃദയം തയ്യാറാണോ?”

ഇന്നത്തെ മൂന്നാമത്തെ വായനയില്‍ പൗലോസ് ശ്ലീഹാ പറയുന്നു, “മരണം നമ്മുടെ അന്തിമലക്ഷ്യമല്ല. യേശുക്രിസ്തു മരിക്കുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തതിനാല്‍ അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവന്റെ പ്രത്യാശയുണ്ട്.” നമ്മുടെയെല്ലാം കുടുംബങ്ങളില്‍ വിശ്വാസത്തില്‍ നിന്ന് അകന്നുപോയവരുണ്ടാകാം, മക്കളുടെ ഭാവിയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകാം, രോഗബാധിതരായവര്‍ക്കും ജീവിതത്തില്‍ പരാജയപ്പെട്ടവര്‍ക്കും നിരാശ തോന്നാം, അവരോടും നമ്മോടും ഈ വചനം പറയുന്നു, പ്രത്യാശ കൈവിടരുത്. നമ്മുടെ പ്രത്യാശ സാഹചര്യങ്ങളിലല്ല, ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിലാണ്.

ഇന്നത്തെ സുവിശേഷത്തില്‍ യേശു ജെറുസലേമിന്റെ നാശത്തെക്കുറിച്ചും, വരാനിരിക്കുന്ന ദുരിതങ്ങളെക്കുറിച്ചും സംസാരിക്കുന്നു. യുദ്ധങ്ങള്‍, ഭയാനകമായ സംഭവങ്ങള്‍, പ്രകൃതിയിലെ മാറ്റങ്ങള്‍, നമ്മുടെ ആശങ്കകള്‍ എന്നിവയെക്കുറിച്ച് അവിടുന്ന് മുന്നറിയിപ്പ്‌ നല്‍കുന്നു. ലോകം ഭയപ്പെടുത്തുമ്പോള്‍ ക്രിസ്ത്യാനി പ്രത്യാശയോടെ നില്‍ക്കണം, ലോകം നിരാശപ്പെടുത്തുമ്പോള്‍ ക്രിസ്ത്യാനി വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കണം, നമ്മുടെ എല്ലാ ദുഃഖങ്ങളിലും ഭയങ്ങളിലും തലകുനിച്ചു ജീവിക്കാതെ പ്രത്യാശയോടെ നിവര്‍ന്നുനില്‍ക്കാനാണ് ഈശോ ഇന്നത്തെ സുവിശേഷത്തിലൂടെ നമ്മോട് പറയുന്നത്. പരാജയം ഉണ്ടാകില്ല എന്നല്ല, പരാജയത്തിനിടയിലും വീണ്ടും എഴുന്നേല്‍ക്കുക എന്നതാണ് പ്രധാനം. പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്നല്ല, പ്രശ്‌നങ്ങള്‍ക്കിടയിലും ക്രിസ്തുവിന്റെ സാന്നിധ്യം തിരിച്ചറിയുക എന്നതാണ്.

ഇന്നത്തെ നാല് വായനകളും നമ്മോട് പറയുന്നത്, നമ്മുടെ പാപങ്ങളില്‍ നിന്ന് തിരിഞ്ഞ് ദൈവത്തിങ്കലേക്ക് മടങ്ങുക എന്നും, വിശുദ്ധിയോടെ ജീവിച്ച് കര്‍ത്താവിന്റെ ദിനത്തിനായി ഒരുങ്ങണമെന്നും പ്രത്യാശ കൈവിടാതെ ലോകത്തിനു വേണ്ടി പ്രാര്‍ഥന തുടരുക, ഭയപ്പെടാതെ മുന്നോട്ടുപോവുക എന്നുമാണ്. യേശുവിന്റെ വാക്കുകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുക “നിങ്ങളുടെ മോചനം എടുത്തിരിക്കുന്ന പ്രതിസന്ധികളില്‍ തളരാതെ വിശ്വാസത്തോടെ ജീവിക്കുക.”

പ്രിയസഹോദരങ്ങളേ, ഇന്നത്തെ വചനങ്ങള്‍ നമ്മെ ഒരു വലിയ ആത്മീയസത്യത്തിലേക്കു നയിക്കുന്നു. ദൈവത്തിന്റെ കരുണ നമ്മെ രക്ഷിക്കുന്നു, അവിടുത്തെ നീതി തിന്മയെ പ രാജയപ്പെടുത്തുന്നു. ക്രിസ്തുവിന്റെ ഉയിര്‍പ്പ്നമുക്ക് നിത്യജീവന്റെ പ്രത്യാശ നല്‍കുന്നു. അവിടുത്തെ വാഗ്ദാനം നമ്മുടെ ഭയങ്ങളെ അതിജീവിക്കാന്‍ ശക്തി നല്‍കുന്നു. ലോകം ഇരുട്ടിലായിരിക്കുമ്പോഴും നമ്മുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിന്റെ വെളിച്ചം പ്രകാശിക്കട്ടെ. മരണത്തിന്റെ നിഴല്‍ വീഴുമ്പോഴും ഉയിര്‍പ്പിന്റെ പ്രത്യാശ നമ്മെ ശക്തിപ്പെടുത്തട്ടെ. ഭയം നമ്മെ കീഴടക്കാന്‍ ശ്രമിക്കുമ്പോഴും യേശുവിന്റെ വാക്കുകള്‍ നമ്മുടെ ഹൃദയത്തില്‍ മുഴങ്ങട്ടെ. ആമേന്‍.

ബ്രദര്‍ അലന്‍ കുറുപ്പനാട്ട് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.