ഗാസയിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വനം ചെയ്ത് കാത്തലിക് റിലീഫ് സർവീസസ്

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിൽ സന്നദ്ധപ്രവർത്തകർ പാടുപെടുന്ന സാഹചര്യത്തിൽ ഗാസയിലെ അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ആഹ്വനം ചെയ്ത് ഗ്ലോബൽ എയ്ഡ് ഓർഗനൈസേഷൻ കാത്തലിക് റിലീഫ് സർവീസസ് (സി.ആർ.എസ്). യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പുമാരുടെ ഔദ്യോഗിക അന്താരാഷ്ട്ര കത്തോലിക്കാ ദുരിതാശ്വാസ വികസന ഏജൻസിയാണ് സി.ആർ.എസ്.

2023 ഒക്ടോബറിൽ ഹമാസ് ഇസ്രായേലിനെ ആക്രമിക്കുകയും 1,200 പേരെ കൊല്ലുകയും നൂറുകണക്കിന് ആളുകളെ ബന്ദികളായി തട്ടിക്കൊണ്ടുപോകുകയും ചെയ്ത ആക്രമണത്തിന്റെ തുടക്കം മുതൽ ഗാസയിലെ ഒരു പ്രധാന സാന്നിധ്യമാണ് ഈ സഹായ ഏജൻസി. ഹമാസിന്റെ ആക്രമണത്തെ ശക്തമായതാണ് ഇസ്രായേൽ പ്രതികരിച്ചത്. സംഘർഷത്തിൽ ഗാസയിൽ 33,000 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ഇസ്രയേലിന്റെ പ്രത്യാക്രമണം തുടരുന്ന സാഹചര്യത്തിൽ അക്രമം ഉടൻ അവസാനിപ്പിക്കാനും നിരപരാധികളായ സാധാരണക്കാർക്ക് ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം എന്നിവ ലഭ്യമാക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നുമുള്ള ആഹ്വനം വീണ്ടും പുറപ്പെടുവിച്ചിരിക്കുകയാണ് സി.ആർ.എസ്. മനുഷ്യസ്‌നേഹികൾക്കും നിരപരാധികളായ സാധാരണക്കാർക്കും സംരക്ഷണം നൽകണമെന്നും അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന എല്ലാ ബന്ദികളേയും ഉടൻ മോചിപ്പിക്കണമെന്നും സി.ആർ.എസ് ആവശ്യപ്പെട്ടു.

ഈ പ്രത്യേക സാഹചര്യത്തിൽ തങ്ങളുടെ ടീമിനെ കഴിയുന്നത്ര സുരക്ഷിതമായി നിലനിർത്താൻ സി.ആർ.എസ് കഠിനമായി പ്രയത്നിക്കുകയാണെന്ന് യു.എസ് ആസ്ഥാനമായുള്ള കത്തോലിക്കാ ഗ്രൂപ്പിന്റെ ഇസ്രായേൽ പ്രതിനിധി ജെയ്സൺ നാപ്പ് പറഞ്ഞു. ഗാസയുടെ വടക്കൻ ഭാഗത്തെ സാഹചര്യങ്ങൾ ഭയാനകമാണ്. അക്രമത്തിൽ തങ്ങളുടെ സ്റ്റാഫുകൾ പലരും പലായനം ചെയ്യുകയും അവരുടെ വീടുകളും കുടുംബങ്ങളും നഷ്ടപ്പെടുകയും ചെയ്തു. ദുരിതബാധിതർക്ക് എത്രയും വേഗം സഹായം എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും- നാപ്പ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.