നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികനെ അക്രമികൾ കൊലപ്പെടുത്തി

നൈജീരിയയിലെ കടുനയിൽ നിന്നും മാർച്ച് എട്ടിന് തട്ടിക്കൊണ്ടുപോയ ഫാ. ജോസഫ് അകേതെ ബാക്കോയെ അക്രമികൾ കൊലപ്പെടുത്തി. 2022 ഏപ്രിൽ 18 നും 20 നും ഇടയിൽ ആണ് അദ്ദേഹം കൊല്ലപ്പെട്ടതായാണ് നിഗമനം. നൈജീരിയൻ അതിരൂപതയുടെ ചാൻസലർ ഫാ. ക്രിസ്റ്റ്യൻ ഒകെവു ആണ് ഇക്കാര്യം പ്രസ്താവയിലൂടെ അറിയിച്ചത്.

തട്ടിക്കൊണ്ടുപോയി ഏകദേശം ഒരു മാസത്തിനുശേഷമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. 48 വയസുള്ള ഫാ. ബാക്കോ കടുന അതിരൂപതയിലെ സെന്റ് ജോൺ കത്തോലിക്കാ ഇടവകയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. അവിടെ നിന്നുമാണ് ആക്രമണത്തിന് ശേഷം വൈദികനെ തട്ടിക്കൊണ്ടുപോയത്. ഫാ. ബാക്കോയുടെ മൃതദേഹം ഇതുവരെയും കൊള്ളക്കാർ വിട്ടയച്ചിട്ടില്ല.

പിടികൂടിയതിന് ശേഷം, മരണത്തിന് മുമ്പുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. “അദ്ദേഹത്തിന്റെ മോചനത്തിനായി വലിയൊരു തുക മോചനദ്രവ്യം നൽകാൻ നിർബന്ധിച്ചുകൊണ്ട് തട്ടിക്കൊണ്ടുപോയവർ അദ്ദേഹത്തെ പീഡിപ്പിച്ചു. ഫാ. ബാക്കോയ്ക്ക് വലിയ തോതിലുള്ള ശാരീരിക പീഡനങ്ങളും മർദനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. അതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം, പീഡനത്തെ അതിജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല,” -സെന്റ് ജോൺ ഇടവകയിലെ വൈദികനായ ഇമ്മാനുവൽ അനിയൻവു ഏപ്രിൽ 29-ന് എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനോട് പറഞ്ഞു.

തന്നെ സന്ദർശിക്കാനെത്തിയ ഇളയ സഹോദരനോടൊപ്പമാണ് ഫാ. ബൊക്കോയെ തട്ടിക്കൊണ്ടുപോയത്. പുലർച്ചെ 1:30 ഓടെയാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.