കോവിഡ് കാലത്ത് നാല് മില്യൺ ആളുകൾക്ക് സ്പെയിനിലെ കത്തോലിക്കാ സഭയുടെ സഹായം

കോവിഡ് പകർച്ചവ്യാധിയിൽ ദുരിതമനുഭവിച്ച നാല് മില്യൺ ആളുകൾക്ക് സഹായമെത്തിച്ച് സ്പെയിനിലെ കത്തോലിക്കാ സഭ. സ്പാനിഷ് എപ്പിസ്കോപ്പൽ കോൺഫറൻസ് (സിഇഇ) ആണ് 2020-ലെ ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

2007 മുതൽ നികുതി അടയ്ക്കുന്ന സ്പെയിനിലെ കത്തോലിക്കർ അവരുടെ വരുമാനത്തിന്റെ 0.7 % കത്തോലിക്കാ സഭക്കു നൽകുന്നു. ഇത് കത്തോലിക്കർ സ്വമേധയാ എടുക്കുന്ന തീരുമാനമാണ്. സ്പെയിനിലെ സഭയുടെ ആകെ  വരുമാനത്തിന്റെ 23 % ലഭിക്കുന്നത് ഇപ്രകാരമാണ്. 2020-ൽ സമാഹരിച്ച തുക 297.68 ദശലക്ഷം യൂറോ ആണ്. “നികുതിദായകരുടെ സംഭാവനകളാണ് സഭയുടെ പ്രവർത്തനങ്ങളെ സഹായിച്ചത്. കാരിത്താസ്, മനോസ് യൂനിദാസ്, എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് തുടങ്ങിയ സംഘടനകൾക്കും സ്പാനിഷ് സമൂഹത്തിനും അവരുടെ സംഭാവനകൾക്കും സമയത്തിനും നന്ദി അറിയിക്കുന്നു” – സിഇഇ ജനറൽ സെക്രട്ടറി ബിഷപ്പ് ലൂയിസ് ആർഗ്വെല്ലോ പറഞ്ഞു.

2020-ൽ, സഭയുടെ 9,222 സാമൂഹിക കേന്ദ്രങ്ങളിലായി 40,30,871 ആളുകൾക്കാണ് പരിചരണം നൽകിയത്. സ്പെയിനിൽ 11,68,675 ആളുകൾക്ക് സേവനം നൽകുന്ന 976 സാമൂഹിക-ആരോഗ്യകേന്ദ്രങ്ങൾക്കും വയോജനങ്ങൾക്കും രോഗികൾക്കും വൈകല്യമുള്ളവർക്കും ആശുപത്രികൾക്കും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾക്കും ഡിസ്‌പെൻസറികൾക്കും സഭ ധനസഹായം നൽകുന്നുണ്ട്. 8,246 സാമൂഹിക-സഹായകേന്ദ്രങ്ങൾ 2,862,196 പേരുടെ ദാരിദ്ര്യം ലഘൂകരിക്കാനും കുടിയേറ്റക്കാരെ സഹായിക്കാനും ശിശുസംരക്ഷണത്തിനും മയക്കുമരുന്നിന് അടിമകളായവരുടെ പുനരധിവാസത്തിനും അക്രമത്തിനിരയാകുന്ന സ്ത്രീകൾക്ക് നിയമോപദേശങ്ങൾ നൽകാനും സഹായിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.