സീറോ മലബാര്‍ കൈത്താക്കാലം ആറാം തിങ്കൾ ആഗസ്റ്റ് 17 മത്തായി 16: 13-20 പാതാളവാതിലുകൾ സഭയ്‌ക്കെതിരെ പ്രബലപ്പെടുകയില്ല

“ഞാന്‍ നിന്നോട് പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല.” ഈശോ പത്രോസിനോടു പറയുന്ന വാക്യങ്ങളാണിവ. താന്‍ ആരാണെന്ന ഈശോയുടെ ചോദ്യത്തിന്, “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്” എന്ന വ്യക്തിപരമായ വിശ്വാസത്തിലധിഷ്ഠിതമായ ഉത്തരം പത്രോസ് നല്‍കുമ്പോഴാണ് യേശു മേല്‍പറഞ്ഞ കാര്യങ്ങള്‍ പത്രോസിനോടു പറയുന്നത്.

സഭയുടെ തുടക്കവും അടിസ്ഥാനവും നമുക്കിവിടെ കാണാം. ഈശോയിൽ അധിഷ്ഠിതമായ സഭ എന്തുമാത്രം പ്രശ്നങ്ങളിലൂടെ കടന്നുപോയാലും അതിനെയെല്ലാം അതിജീവിക്കുമെന്ന സന്ദേശം നമ്മൾ ഇവിടെ കാണുന്നു. പത്രോസ് ആകുന്ന പാറമേല്‍ ഈശോ പണിയുന്ന സഭയാകുന്ന ആലയത്തിനെതിരെ പാതാളവാതിലുകള്‍ പ്രബലപ്പെടുകയില്ല എന്നത് സത്യമാണ്. കഴിഞ്ഞ 20 നൂറ്റാണ്ടുകളായി നമ്മൾ അത് കാണുന്നതാണ്. നിരവധി രാജാക്കന്മാരും ഭരണാധികാരികളും ആശയസംഹിതകളും സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചതാണ്. പക്ഷേ, അവര്‍ക്കതിനു സാധിച്ചില്ല. ഈശോയുടെ സംരക്ഷണത്തിന്റെ വലയത്തിലാണ് സഭ. എങ്കിലും, ഈശോ സംരക്ഷിക്കുമെന്നു ചിന്തിച്ച്, നമ്മള്‍ ആലസ്യത്തിലേക്കും അലസതയിലേക്കും പോകാന്‍ പാടില്ല.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.