പട്ടിണിയെ ചായക്കൂട്ടുകൾ കൊണ്ട് തോൽപിച്ച ‘ആശാ ഝാ’; അമ്മയ്ക്ക് മക്കൾ കൂട്ടായപ്പോൾ ലോകം കണ്ടത് അസാധാരണ വിജയം

ഒരു രൂപ പോലും കൈയിലില്ലാതെ, കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ വകയില്ലാതെ കണ്ണീരണിഞ്ഞ ഒരു അമ്മയുണ്ടായിരുന്നു ബീഹാറിലെ ഒരു ചെറിയ ഗ്രാമത്തിൽ. എന്നാൽ, വർഷങ്ങൾക്കിപ്പുറം അതേ അമ്മ സ്വന്തം കൈകൊണ്ട് വരച്ച ഒരു ദുപ്പട്ട ധരിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇത് വെറുമൊരു വിജയകഥയല്ല, പട്ടിണിയോടും വിധിയോടും പൊരുതി ജയിച്ച ‘ആശാ ഝാ’ എന്ന അമ്മയുടെയും അവരുടെ അഞ്ച് പെൺമക്കളുടെയും അതിജീവന പോരാട്ടമാണ്.

ആശ്രയമായ പഴയ ചായക്കൂട്ടുകൾ

ബീഹാറിലെ മധുബനി എന്ന ഗ്രാമത്തിൽ വളർന്ന ആശയ്ക്ക് ബാല്യത്തിൽ കൂട്ടിനുണ്ടായിരുന്നത് പരമ്പരാഗതമായ മധുബനി ചിത്രകലയായിരുന്നു. എന്നാൽ വിവാഹശേഷം, തൊഴിൽ സ്ഥലത്ത് മാസങ്ങളോളം ശമ്പളം മുടങ്ങിയതോടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലേക്ക് വീണു. അഞ്ച് പെൺമക്കൾ, വാങ്ങി കൂട്ടിയ കടങ്ങൾ, മക്കളെ നല്ലൊരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കണമെന്ന വലിയ ആഗ്രഹം. എല്ലാം വഴിമുട്ടിയ ആ സമയത്ത് ആശ കൈയിലെടുത്തത് താൻ കുട്ടിക്കാലത്ത് ചേർത്തുപിടിച്ച ആ പഴയ ചായക്കൂട്ടുകളായിരുന്നു.

തിരിച്ചടികളും ദേശീയ അംഗീകാരവും

തുടക്കം അത്ര എളുപ്പമായിരുന്നില്ല. തന്റെ ആശകളിലേക്ക് ഈ അമ്മയ്ക്ക് പറന്നടുക്കാൻ പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഏറെയായിരുന്നു. ആദ്യം വരച്ച ചിത്രങ്ങൾക്ക് കൂലിയായി പണത്തിന് പകരം വളകളും കുങ്കുമവുമാണ് ചിലർ നൽകിയത്. എങ്കിലും തോറ്റുകൊടുക്കാൻ ആശ തയ്യാറായിരുന്നില്ല. 2008 -ൽ രണ്ടു വർഷത്തെ കഠിനാധ്വാനം കൊണ്ട് അവർ വരച്ചുതീർത്ത പെയിന്റിംഗ് സംസ്ഥാന അവാർഡ് നേടി. പിന്നാലെ 2013 -ൽ വർണ്ണങ്ങളുടെ അസാധാരണ കൂട്ടിൽ പിറന്ന ‘മത്സ്യ അവതാരം’ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡും അവർ സ്വന്തമാക്കി.

അമ്മയ്ക്ക് ചിറകുകളായി അഞ്ച് പെൺമക്കൾ

എന്നാൽ യഥാർഥ അദ്ഭുതം അവിടെ തുടങ്ങുകയായിരുന്നു. അമ്മ വെട്ടിത്തെളിച്ച പാതയിലേക്ക് ആ അഞ്ച് പെൺമക്കൾ കൂടെ ചേർന്നു. ​സ്വന്തമായി ഫോൺ ഇല്ലാതിരുന്ന കാലത്ത് മറ്റുള്ളവരോട് ഫോൺ ചോദിച്ച് വാങ്ങി സോഷ്യൽ മീഡിയയിലൂടെ ഈ മധുബനി കലയെ ലോകത്തിന് മുന്നിലെത്തിച്ചു നാലാമത്തെ മകൾ ദിവ്യാനി. ​അതേസമയം മൂത്തമകൾ പ്രീതി ഓൺലൈൻ ഓർഡറുകളും കയറ്റുമതിയും ഏറ്റെടുത്തു. ചാർട്ടേഡ് അക്കൗണ്ടന്റായ രണ്ടാമത്തെ മകൾ കൃതി സാമ്പത്തിക ഭദ്രത ഉറപ്പാക്കി. ഫാഷൻ ഡിസൈനറായ മൂന്നാമത്തെ മകൾ ഉമ, മധുബനി കലയെ ആധുനിക വസ്ത്രങ്ങളിലേക്ക് നയിച്ചു. ​ഇളയമകൾ ശതാക്ഷി പഠനത്തോടൊപ്പം ഇവർക്ക് താങ്ങായി നിന്നു. അമ്മയ്‌ക്കൊപ്പം മക്കളും കൂടെ ചേർന്നതോടെ അവരുടെ ജീവിതത്തിൽ നിന്ന് കഷ്ടതയുടെ ഇരുൾ നീങ്ങിത്തുടങ്ങി.

വിജയത്തിലേക്ക് എത്തിയപ്പോഴും അവർ വന്ന വഴി മറന്നില്ല. തങ്ങളെ പോലെ കഷ്ടതയിൽ ആയവർക്ക് കൂടെ ഈ അമ്മയും മക്കളും കൈത്താങ്ങായി. ഇന്ന് ഒരു ബിസിനസ് വിജയകരമായി നടത്തുന്നതിലുപരി, ദർഭംഗയിലെ 250-ഓളം പാവപ്പെട്ട സ്ത്രീകൾക്ക് അന്തസ്സുള്ള തൊഴിലും വരുമാനവും നൽകുകയാണ് ഈ കുടുംബം. ഗാർഹിക പീഡനങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ആ സ്ത്രീകൾ ഇന്ന് സ്വാതന്ത്ര്യത്തിലേക്ക് നടന്നു കയറി.

ആഗ്രഹങ്ങൾക്ക് അതിരുകളില്ല

‘വലിയ ലാഭമല്ല, കുറഞ്ഞത് ആയിരം പാവപ്പെട്ട സ്ത്രീകൾക്കെങ്കിലും ജോലി നൽകാൻ എനിക്ക് കരുത്ത് തരണേ ദൈവമേ’ എന്നാണ് ഈ അമ്മയുടെ ഇന്നത്തെ പ്രാർഥന. സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്നും ഉള്ളിൽ ഇച്ഛാശക്തിയുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാമെന്നും സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ആശാ ഝായ്ക്കും മക്കൾക്കും ബിഗ് സല്യൂട്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.